വാഷിംഗ്ടൺ:ബ്ളാക്ക്മെയിൽ ചെയ്ത് പേടിപ്പിക്കാമെന്ന് കരുതരുത്. അതൊന്നും നടപ്പില്ല. ആമസോൺ മേധാവി ജെഫ് ബോസാണ് ബ്ളാക്ക്മെയിലിംഗിനെ പുല്ലുപോലെ കരുതുന്നത്. അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ഏറെ അടുപ്പമുള്ള മാദ്ധ്യമ രാജാവ് തന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ വിവരം പുറത്തുവിട്ട ബ്ളാക്ക് മെയിലിനോടുള്ള പ്രതികരണം എന്തായിരിക്കുമെന്ന് ജെഫ് വ്യക്തമാക്കിയത്.
ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിച്ച് ടെലിവിഷൻ അവതാരകയും മാദ്ധ്യമപ്രവർത്തകയുമായ ലോറൻ സാഞ്ചസുമായി അടുപ്പം തുടങ്ങിയതോടെയാണ് ഇത്തരക്കാർ തലപൊക്കിയതെന്നാണ് ജെഫ് പറയുന്നത്. കുളിമുറിയിൽ നഗ്നനായി വിവാഹമോതിരമണിഞ്ഞ് നിൽക്കുന്ന ജെഫിന്റെയും ശരീരവടിവുകാണിച്ചുനിൽക്കുന്ന കാമുകിയുടെ ചിത്രവും പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
ഇ മെയിൽ വഴിയാണ് ഭീഷണി എത്തിയത്. ആരും ഭയന്നുപോകുന്ന അവസ്ഥ.പക്ഷേ, ജെഫ് വിരണ്ടില്ല. ഒാടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന മട്ടിൽ ഭീഷണിക്കാര്യം ജെഫ് തന്നെ പുറത്തുവിട്ടു. ഭീഷണിവന്ന ഇ മെയിലുകളുടെ വിവരങ്ങളും പുറത്തുവിട്ടു. ഇതോടെ ബ്ളാക്ക്മെയിലുകാർ അടങ്ങുമെന്നാണ് ജെഫിന്റെ വിശ്വാസം.
അടുത്തിടെയാണ് ഭാര്യയുമായുള്ള ബന്ധം ജെഫ് അവസാനിപ്പിച്ചത്. ലോറൻ സാഞ്ചസുമായുള്ള വഴിവിട്ട ബന്ധം കണ്ടുപിടിച്ചതാണ് ദാമ്പത്യബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതെന്നാണ് പറഞ്ഞുകേൾക്കുന്നത്. എന്നാൽ ഇക്കാര്യത്തിന് ഇതുവരെ സ്ഥീരീകരണം ലഭിച്ചിട്ടില്ല. ആദ്യഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നഷ്ടപരിഹാരം നൽകിക്കഴിയുമ്പോൾ ജെഫിന്റെ ആപ്പീസുപൂട്ടുമോ എന്നാണ് അടുപ്പക്കാരായ ചിലരുടെ പേടി.