പാർലമെന്റിൽ പരാജയം, തെരേസാ മേ മന്ത്രിസഭ പ്രതിസന്ധികളുടെ ചുഴിയിൽ

മണമ്പൂർ സുരേഷ് | Wednesday 05 December 2018 3:15 PM IST
-therasa-mey

ലണ്ടൻ: തെരേസാ മേ മന്ത്രിസഭ ബ്രിട്ടീഷ് പാർലമെന്റിൽ മൂന്നു തവണ പരാജയം നേരിട്ടു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് വരുന്ന 'ബ്രെക്‌സിറ്റ്'മായി ബന്ധപ്പെട്ട് ഗവൺമെന്റിന് ലഭിച്ച നിയമോപദേശം പൂർണ്ണമായും മറച്ചുവച്ചു പാർലമെന്റിനെ അധിക്ഷേപിച്ചുവെന്നതിനാണ് എം.പി മാർ വോട്ടിട്ട് പരാജയപ്പെടുത്തിയത്. ഇത് ചരിത്രത്തിൽ ആദ്യ സംഭവമാണ്.

ഈ ബ്രെക്‌സിറ്റ് തർക്കം പാർലമെന്റ് പ്രിവിലേജസ് കമ്മിറ്റിക്ക് വിട്ടു അല്പം കൂടി സമയം നേടാം എന്ന ഗവൺമെന്റ് അനുരഞ്ജന ശ്രമവും പാർലമെന്റംഗങ്ങൾ വോട്ടിട്ട് പരാജയെപ്പെടുത്തിയിരുന്നു. ഗവൺമെന്റ് അവതരിപ്പിക്കുന്ന ബ്രക്‌സിറ്റ് കരാർ പാർലമെന്റ് നിരസിച്ചാൽ തുടർന്ന് കരാർ തയാറാക്കാൻ പാർലമെന്റിനെ ചുമതലപ്പെടുത്തുന്ന മറ്റൊരു വോട്ട് പാർലമെന്റ് പാസാക്കിയത് ഗവൺമെന്റിന്റെ അടുത്ത പരാജയം ആയി. അങ്ങനെ ഒരേ ദിവസം മൂന്നു പ്രാവശ്യം ഗവൺമെന്റിനെതിരെ പാർലമെന്റ് വോട്ടു ചെയ്തു.

ന്യൂനപക്ഷമായ ഗവൺമെന്റിനെ താങ്ങി നിർത്തിയിരുന്ന ഡി.യു.പി പാർട്ടിയും ഗവൺമെന്റിനെതിരെ വോട്ടു ചെയ്തു.കൂടാതെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും 26 എം.പിമാർ ഗവണമെന്റിനെതിരെ വോട്ടു ചെയ്തു. അങ്ങനെ 299നെതിരെ 321 വോട്ടിന് ഈ ഭേദഗതി പാസാക്കി ഗവൺമെന്റിനെ പരാജയപ്പെടുത്തി.

അസത്യങ്ങളുടെയും, അർദ്ധ സത്യങ്ങളുടെയും പേരിൽ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് വരാൻ ജനങ്ങൾ വോട്ടു ചെയ്യുകയായിരുന്നു രണ്ടു വർഷം മുൻപ് ജൂൺ 23ന് ഗവൺമെന്റോ പ്രതിപക്ഷമോ ബ്രെക്‌സിറ്റ് ആവശ്യപ്പെട്ടവരോ പ്രതീക്ഷിക്കാതിരുന്ന പ്രതിബന്ധങ്ങളാണ് എങ്ങനെ ഭദ്രമായി പുറത്ത് കടക്കാം എന്ന കാര്യത്തിൽ തുടർന്ന് ഗവൺമെന്റ് നേരിട്ടത്. അതിൽ നിന്ന് കര കയറാൻ രണ്ടു വർഷമെടുത്തു തയാറാക്കിയ ബ്രെക്‌സിറ്റ് കരാറാണ് ഇപ്പോൾ ചിന്നഭിന്നമായിക്കിടക്കുന്നത്.

ലണ്ടനിലെ പ്രമുഖ ടെലിവിഷൻ ചാനൽ ആയ 'ചാനൽ 4' ഡിസം 2 നു 20,000 പേരിൽ നടത്തിയ ദേശീയ സർവെയിൽ ഇപ്പോൾ ഹിത പരിശോധന നടത്തിയാൽ യൂറോപ്പിൽ നിൽക്കാനായി 54% പേർ വോട്ടു ചെയ്യുമെന്ന് പറഞ്ഞു. പുറത്ത് പോകാൻ വോട്ടു ചെയ്ത 105 പ്രാദേശിക കൗൺസിൽ പ്രദേശത്ത് ജീവിക്കുന്നവർ ഇപ്പോൾ വോട്ടു ചെയ്യുകയാണെങ്കിൽ യൂറോപ്യൻ യൂണിയനിൽ നിൽക്കാനേ വോട്ടു ചെയ്യൂ എന്നും പറയുകയുണ്ടായി.

അടുത്ത ചൊവ്വാഴ്ച ഗവൺമെന്റ് തയാറാക്കിയ ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ വയ്ക്കുമ്പോഴേക്കും ഓരോരുത്തരെയായി കണ്ടു സപ്പോർ്ര്രത് പിടിച്ചു പറ്റം എന്ന് ഗവ മോഹിക്കുന്നുവെങ്കിലും അത് വെറും മോഹം മാത്രമാണെന്ന് വിമത എം.പിമാർ കരുതുന്നു. അടുത്ത ചൊവ്വാഴ്ച ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ വോട്ടിനിടുമ്പോൾ പരാജയപ്പെട്ടാൽ ഗവൺമെന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് ജെറിമീ കോർബിൻ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD