നഴ്സുമാർക്ക് ആശ്വാസം; ഐ.ഇ.എൽ.ടി.എസ് സ്കോർ കുറയ്ക്കാൻ ശുപാർശ

Friday 23 November 2018 11:51 PM IST
nurses

ലണ്ടൻ: ബ്രിട്ടനിലേക്ക് വിസ കാത്തിരിക്കുന്ന നഴ്‌സുമാർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത യു.കെയിൽ നിന്ന്. ഐ.ഇ.എൽ.ടി.എസ് സ്‌കോറിൽ മാറ്റം വരുത്തണമെന്ന ശുപാർശയുമായി യു.കെയിലെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻ.എം.സി) രംഗത്തെത്തി. പുതിയ ശുപാർശ അനുസരിച്ച് ഓവറോൾ ആയി ലഭിക്കുന്ന ഏഴ് സ്കോറിൽ റൈറ്റിംഗ് മോഡ്യൂളിന് ഇനി 6 .5 മതിയാകും. എന്നാൽ റീഡിംഗ് , സ്പീക്കിംഗ്, ലിസണിംഗ് മൊഡ്യൂളുകൾക്ക് സ്കോർ ഏഴു തന്നെ വേണം.

അടുത്ത ആഴ്ച നടക്കുന്ന നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ മീറ്റിംഗിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സ്കോറിൽ ഇളവ് വരുന്നതോടെ കൂടുതൽ നഴ്സുമാരെ യു.കെ.യിൽ എത്തിക്കാമെന്നാണ് എൻ.എം.സി പ്രതീക്ഷിക്കുന്നത്. നിലവിൽ ഉള്ളതു പോലെതന്നെ റൈറ്റിംഗ് ഒഴികെയുള്ള മൊഡ്യൂളുകൾക്ക് മിനിമം ഏഴും ഓവറാൾ സ്കോർ ഏഴും ആയിരിക്കുകയും ചെയ്യുന്നവർക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക.

എന്നാൽ ഐ.ഇ.എൽ.ടി.എസ് ജയിച്ചാൽ മാത്രം ബ്രിട്ടനിൽ നഴ്സായി ജോലി ലഭിക്കില്ല. എൻ.എം.സി രജിസ്ട്രേഷൻ നടത്താൻ വേണ്ട മിനിമം യോഗ്യതയാണ് ഐ.ഇ.എൽ.ടി.എസ്. ഇതിനു ശേഷം നാട്ടിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ ജയിക്കണം. തുടർന്ന് യു.കെ.യിലെത്തി അവിടെ നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്രിൽ ജയിച്ചാൽ മാത്രമേ പിൻ നമ്പർ ലഭിച്ച് രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യാൻ സാധിക്കൂ.

ബ്രിട്ടനിൽ പോകാൻ ഐ.ഇ.എൽ.ടി.എസിന് 6.5 സ്കോർ മാത്രം മതി എന്ന പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പേപ്പർ വർക്കുകൾക്കോ യു.കെയിലേക്ക് വരുന്നതിനോ നാട്ടിലെ ഏജൻസികൾക്ക് പണം നൽകേണ്ടതില്ല. സൗജന്യമായാണ് മിക്കവാറും എല്ലാ ഏജൻസികളും ഇത് ചെയ്യുന്നത്. സർക്കാർ സ്ഥാപനമായ ഒഡെപെക്കും സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD