എണ്ണ വ്യാപാരിയിൽ നിന്ന് അമേരിക്കൻ പ്രസി‌‌ഡന്റ് പദവിയിലേക്കുള്ള ബുഷിന്റെ യാത്ര ആരെയും അത്‌ഭുതപെടുത്തുന്നതായിരുന്നു

Saturday 01 December 2018 1:38 PM IST
hw-bush

ഭരണ തന്ത്രങ്ങൾക്കൊണ്ടും സാഹസിക പോരാട്ടങ്ങളിലൂടെയും എന്നും വേറിട്ട് നിന്നിരുന്ന ആളായിരുന്നു ജോർജ് എച്ച് ഡബ്ല്യൂ ബുഷ് എന്ന ജോർജ് ബുഷ് സീനിയർ. പെെലറ്റിൽ നിന്നുമാണ് അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് ബുഷ് ഉയർന്നത്. 18ാം വയസിൽ നാവികസേനയിൽ ചേർന്നു. യേൽ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദത്തിന് ശേഷം പിതാവിനോടൊപ്പം ചേർന്നത് ബിസിനസിലേക്ക് തിരിഞ്ഞു. എണ്ണക്കച്ചവടത്തിലൂടെ അദ്ദേഹം പേരെടുത്തു. ഇതിലൂടെ സമ്പന്നനായിത്തീർന്ന ബുഷ് സ്വന്തമായി എണ്ണക്കമ്പനി തുടങ്ങി. തന്റെ വിജയത്തിലൂടെ പലരെയും അദ്ദേഹം അത്ഭുതപ്പെടുത്തി.

പാരമ്പര്യമായിത്തന്നെ അദ്ദേഹത്തിന്റെ കുടുംബം റിപ്പബ്ലിക് പാർട്ടിയിൽ പ്രവർത്തിക്കുന്നവരായിരുന്നു.സ്വാഭാവികമായും ബുഷും റിപ്പബ്ലിക് പാർട്ടിയിൽ ആകൃഷ്ടനായി. 1960കളോടെ ബുഷ് എന്ന വ്യവസായി പൂർണ രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു. 1964ലാണ് യു.എസ് സെനറ്റിലേക്ക് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. എന്നാൽ പരാജയമേറ്റുവാങ്ങാനായിരുന്നു വിധി. തുടർന്ന് 1966ൽ പ്രതിനിധി സഭയിലേക്കുള്ള മത്സരത്തിൽ വിജയിച്ച് ബുഷ് തന്റെ വരവറിയിച്ചു.

1989 -1993 കാലഘട്ടത്തിലാണ് ജോർജ് എച്ച് ഡബ്ല്യൂ ബുഷ് അമേരിക്കയുടെ പ്രസി‌ഡന്റ് പദവിയിലേക്ക് എത്തുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ അമേരിക്കയെ ലോകശക്തിയായി വളർത്തുന്നതിൽ ബുഷ് സീനിയർ പ്രധാന പങ്കുവഹിച്ചു.ഇറാഖ് യുദ്ധക്കാലത്താണ് ബുഷ് ആഗോള ശ്രദ്ധ നേടിയത്. എന്നാൽ, ബുഷിന് പ്രതീക്ഷിച്ച ഭരണം കാഴ്‌ച വയ്‌ക്കാൻ സാധിച്ചിരുന്നില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

1945ലായിരുന്നു ബുഷിന്റെ വിവാഹം. ബാർബറ പിയേഴ്സിനെയാണ് ബുഷ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഏപ്രിൽ 17-നാണ് ബാർബറ അന്തരിച്ചത്. തൊട്ട് പിന്നാലെയാണ് ബുഷിന്റെ ആരോഗ്യനില വീണ്ടും വഷളായത്. പാർക്കിൻസൺ രോഗബാധിതനായ ബുഷിന്റെ ജീവിതം വർഷങ്ങളായി വീൽചെയറിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD