യു. എസ് മുൻ പ്രസിഡന്റ് ബുഷ് സീനിയർ അന്തരിച്ചു

Sunday 02 December 2018 12:00 AM IST

george-bush

ഹൂസ്റ്റൺ: ശീതയുദ്ധത്തിന് അവസാനം കുറിച്ച, സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് സാക്ഷിയാവുകയും അമേരിക്കയെ ഏകലോക വൻശക്തിയായി നയിക്കുകയും ചെയ്‌ത മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ളിയു. ബുഷ് (ജോർജ് ബുഷ് സീനിയർ) വിടവാങ്ങി. 94 വയസായിരുന്നു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.10ന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലായിരുന്നു. ഏപ്രിലിൽ ഭാര്യ ബാർബറ ബുഷിന്റെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. അമേരിക്കയുടെ 41-ാമത് പ്രസിഡന്റായിരുന്നു അദ്ദേഹം. (1989 മുതൽ 93 വരെ) യു.എസ് സെനറ്ററായിരുന്ന പ്രെസ്കോട്ട് ബുഷിന്റെ മകനും അമേരിക്കയുടെ 43-ാമത് പ്രസിഡന്റ് ജോർജ് ഡബ്ളിയു.ബുഷിന്റെ പിതാവുമാണ്. അച്ഛനും മകനും പ്രസിഡന്റാവുന്ന അപൂർവ റെക്കാഡാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ നേവി പൈലറ്റായി സേവനം അനുഷ്‌ഠിച്ചു.

ശത്രുക്കളുടെ വെടിയേറ്റ് കടലിൽ പതിച്ച വിമാനത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.

സമ്പന്നനായ എണ്ണ വ്യവസായിയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടി രാഷ്‌ട്രീയത്തിലൂടെ ലോകത്തെ ഏറ്റവും ശക്തനായ രാഷ്‌ട്രത്തലവനായി വളർന്ന ജീവിതമാണ് ബുഷ് സീനിയറിന്റേത്.

രാഷ്ട്രീയ ജീവിതം സംഭവബഹുലം

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ബദ്ധവൈരിയായിരുന്ന കമ്മ്യൂണിസ്റ്റ് ചേരിയുടെ തകർച്ചയാണ് അതിൽ പ്രധാനം. അതിന്റെ തുടർചലനങ്ങളിൽ ജർമ്മനിയെ വിഭജിച്ചിരുന്ന ബെർലിൻ മതിൽ തകർന്നത് ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായി.

കുവൈറ്റ് ആക്രമിച്ച ഇറാക്ക് സർവ്വാധിപതി സദ്ദാം ഹുസൈനെ പരാജയപ്പെടുത്തിയ 1991ലെ ഒന്നാം ഗൾഫ് യുദ്ധമാണ് അടുത്തത്.

ഗൾഫ് യുദ്ധം അമേരിക്കയിൽ ബുഷ് സീനിയറിന്റെ ജനപ്രീതി ഉയർത്തിയെങ്കിലും സാമ്പത്തിക മാന്ദ്യത്തെ ഫലപ്രദമായി നേരിടാൻ കഴിയാത്തതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പ്രസിഡന്റ് പദവിയിൽ രണ്ടാം ടേം കിട്ടാതെപോയി.

 യു.എസ് പ്രതിനിധി സഭാംഗം, യു.എൻ അംബാസഡർ, റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ, ചൈനീസ് സ്ഥാനപതി, ചാരസംഘടനയായ സി.ഐ.എയുടെ 11-ാമത് ഡയറക്ടർ, പ്രസിഡന്റ് റൊണാൾഡ് റീഗന്റെ രണ്ടു ടേമിലും വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചു.

ബുഷിനും ഭാര്യ ബാർബറയ്ക്കും ആറുമക്കളാണ്. ഒരു മകൾ റോബിൻ മൂന്നാംവയസിൽ രക്താർബുദം ബാധിച്ച് മരിച്ചു. മകൻ ജെബ് 1999 മുതൽ 2007 വരെ ഫ്ലോറിഡ ഗവർണർ ആയിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ മത്സരിച്ചു. നീൽ, മർവിൻ, ഡൊറോത്തി എന്നിവരാണ് മറ്റ് മക്കൾ. 17 കൊച്ചുമക്കളുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD