പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക മോർ തീത്തോസ് മുഖ്യമന്ത്രിക്ക് കൈമാറും

സുനിൽ മഞ്ഞിനിക്കര | Tuesday 27 November 2018 11:11 AM IST
america

ന്യൂയോർക്ക്:കേരളത്തിലെ പ്രളയ ദുരിത ബാധിതർക്ക് കൈത്താങ്ങായി മലങ്കര അതിഭദ്രാസനവും വിശ്വാസികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ആർച് ബിഷപ്പ് യെൽദൊമോർ തീത്തോസ്.

നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്താ ആർച് ബിഷപ്പ് യെൽദൊമോർ തീത്തോസ്, ആഗസ്റ്റ് പതിനാറാം തീയതി ഭദ്രാസനത്തിലെ അമേരിക്കയിലെയും കാനഡയിലെയുംദേവാലയങ്ങളിലേക്കായി അയച്ച ഇടയലേഖനത്തിൽ പ്രളയദുരിതത്തിൽപ്പെട്ട കേരളത്തിന്റെ പുനരധിവാസ, പുനർനിർമ്മാണ കാര്യങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഭയുടെ ഹൈറേഞ്ച്‌ മേഖലയിൽ സഭനേരിട്ട് നടത്തുന്ന ദുരിതാശ്വാസത്തിലേക്കുമായി നൽകുന്നതിനായി ധനസമാഹരണ യജ്ഞത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും ഉദ്‌ബോധിപ്പിച്ചിരുന്നു. ഇടവകകളിൽ നിന്ന് മികച്ച സഹകരണമാണ് ലഭിച്ചതെന്നും ഈ സദുദ്യമത്തിൽ സഹകരിച്ച എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും സ്‌നേഹവും അഭിവന്ദ്യ തിരുമേനി അറിയിച്ചു.

2018 സെപ്തംബർ 20 ന് ന്യൂയോർക്കിലെ സഫേണിലുള്ള ക്രൗൺ പ്ലാസഹോട്ടലിൽ സംഘടിപ്പിച്ച കോൺഫറൻസിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത പ്രളയത്തിൽ സർവ്വതും നശിച്ചകേരളത്തിന്റെ പുനർനിർമ്മിതിക്കായി എല്ലാവരും സഹകരിക്കണമെന്നും, എങ്കിലേ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂ എന്നും, 150കോടി രൂപയാണ് അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചിരുന്നു. കക്ഷിരാഷ്ട്രീയഭേദമന്യേ വിവിധ മതനേതാക്കളും, സംഘടനാനേതാക്കളും, പ്രസ് ക്ലബ് അംഗങ്ങളും സംബന്ധിച്ച ചടങ്ങിൽ നോർത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്ത അഭി. എൽദോമോർ തീത്തോസ് നടത്തിയ മറുപടി പ്രസംഗത്തിൽ, ഇനിയൊരു പ്രളയം വരുമ്പോൾ അതിനെ അതിജീവിക്കത്തക്ക ഒരു സമ്പദ്ഘടനയും വ്യവസ്ഥിതിയും ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും, കേരളത്തിന്റെ നവനിർമ്മാണ പ്രക്രിയയിൽ അമേരിക്കൻ അതിഭാദ്രസനതിന്റെ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു.

ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലുള്ള ആർച്ച് ബിഷപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മുഖ്യമന്ത്രിക്ക്‌ നേരിട്ട് കൈമാറാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറിജേക്കബ് എം.ഡി അറിയിച്ചു. മലങ്കര അതിഭദ്രാസനജോയിന്റ് ട്രഷറർ ബിനോയ് വർഗീസും ഭദ്രാസന കൗൺസിൽ അംഗം ജോയ് ഇട്ടനും അഭി. എൽദോമോർ തീത്തോസിനോടൊപ്പം മുഖ്യമന്ത്രിയെ സന്ദർശിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD