അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മമ്മൂട്ടിയും മോഹൻലാലും ഗോദയിൽ ഇറങ്ങുമെന്നാണ് കേട്ടുകേൾവി

Monday 21 January 2019 4:32 PM IST
trending-news

സിനിമാക്കാരെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കി വിജയിപ്പിക്കുന്ന രീതി ആദ്യം പരീക്ഷിച്ച് വിജയിപ്പിച്ചത് തമിഴ്നാട്ടിലാണ്. പക്ഷേ സിനിമാക്കാർക്ക് വോട്ട് നൽകി ജയിപ്പിച്ചുവിടാൻ മലയാളി വല്യ താൽപര്യം കാണിച്ചിട്ടില്ല. എന്നാലും ഗണേഷ് കുമാറും ഇന്നസെന്റും മുകേഷും താരപ്പകിട്ടിൽ വോട്ട് പോക്കറ്റിലാക്കി ജയിച്ചുകയറി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മമ്മൂട്ടിയും മോഹൻലാലും ഗോദയിൽ ഇറങ്ങുമെന്നാണ് കേട്ടുകേൾവി. എല്ലാവർക്കും കൗമുദി ട്രെൻഡിംഗ് ന്യൂസിലേക്ക് സ്വാഗതം.

പെരുന്ന നായരുടെ പിന്തുണയോടെ മോഹൻലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിച്ച് ജയിപ്പിക്കാൻ താമരപ്പാർട്ടിക്ക് നല്ല മോഹമുണ്ട്. പ്രധാനമന്ത്രി മോദിജിയെ നാല് മാസം മുൻപ് ലാൽ നേരിട്ട് പോയി കണ്ടതോടെ താമരപ്പാർട്ടിയിലെ ചിലർ ഒരു കാര്യം തീരുമാനിച്ചു. മത്സരിച്ചാലും ഇല്ലെങ്കിലും മോഹൻലാൽ എന്ന ബ്രാൻഡിനെ ഉപയോഗിക്കാൻ തന്നെയാണ് താമരപ്പാർട്ടിയുടെ തീരുമാനം. താമര ചിഹ്നത്തിൽ ലാൽ മത്സരിച്ചാൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മമ്മൂക്കയെ മത്സരിപ്പിക്കാനാണ് ചെങ്കൊടിപ്പാർട്ടിയുടെ തീരുമാനം. ലാലേട്ടൻ അനന്തപുരിയിൽ മത്സരിച്ചാൽ മമ്മൂക്ക എറണാകുളത്ത് വോട്ട് പിടിക്കും. ലാലേട്ടനെയും മമ്മൂക്കയേയും അങ്ങനെ വിടാൻ ഒരുക്കമല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഇപ്പോൾ രാജ്യസഭയിൽ ഇരിക്കുന്ന സുരേഷ് ഗോപി കൊല്ലത്ത് താമരചിഹ്നത്തിൽ മത്സരിക്കും എന്ന് പറയുന്നവരുണ്ട്. സംവിധായകൻ ആഷിക് അബു, റിമ കല്ലിങ്കൽ ഇവരൊക്കെ അരിവാൾ ചുറ്റികയിൽ മത്സരിക്കാൻ റെഡിയാണ്. കഴിഞ്ഞ തവണ അരിവാൾ ചുറ്റികയുമായി ചാലക്കുടിയിൽ നിന്ന് ഡൽഹിക്ക് പോയ ഇന്നസെന്റിനെ കുറിച്ച് അതിന് ശേഷം ഒരു വിവരം ഇല്ല. അമ്മയുടെ പ്രസിഡന്റായി നടക്കുന്നതു പോലെ അല്ല, അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ കാര്യങ്ങൾ എന്ന് ഇന്നച്ചന് നല്ലപോലെ മനസിലായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മാത്രം ശേഷിക്കെ ലാലേട്ടന്റെയും മമ്മൂക്കയുടേയും രാഷ്ട്രീയ പ്രവേശനം ഏത് കൊടിയുടെ നിറത്തിലാകും എന്നറിയാൻ ആഗ്രഹമുണ്ട്. കൊതിപ്പിച്ച് കടന്നു കളയുന്ന സ്ഥിരം പരിപാടി ലാലേട്ടൻ ആവർത്തിച്ചാൽ താമരപ്പാർട്ടി വെള്ളത്തിലാകും. ഒന്നും മിണ്ടാതെ നൈസായിട്ട് തടിയൂരുന്ന മമ്മൂക്ക ചെങ്കൊടിപ്പാർട്ടിയെ പറ്റിക്കുമോ എന്നും കാത്തിരുന്ന് കാണാം. ലോക്സഭയിലേക്ക് സ്വന്തം മകന് ടിക്കറ്റ് കിട്ടാൻ വേണ്ടി യു.ഡി.എഫിൽ ചേക്കേറാൻ പോയ പി.സി. ജോർജിനോട് പോയി പണി നോക്കാൻ ഉമ്മൻചാണ്ടിയും കൂട്ടരും പറഞ്ഞു എന്നാണ് കേൾക്കുന്നത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ തയ്യാറായി ജഗദീഷ്, സിദ്ദിഖ്, സലിംകുമാർ എന്നിവർ റെഡിയായി നിൽക്കുമ്പോഴാണ് തെറിപ്പാർട്ടി നേതാവായ പി.സിയുടെ കോൺഗ്രസ് മോഹം.

എവിടെ ഉദ്ഘാടനം ഉണ്ടോ അവിടെ മോദിയുണ്ട്... അതാണ് കേന്ദ്രസർക്കാരിന്റെ പുതിയ പരസ്യ വാചകം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം കാണുന്ന ഒരു പ്രത്യേക പരസ്യമാണ്. പ്രളയം വന്നപ്പോ വന്നില്ല, കേരളം സഹായം ചോദിച്ചപ്പോ കാശില്ലാന്ന് പറഞ്ഞു. വിദേശത്ത് കാശ് കിട്ടുമെന്ന് ഉറപ്പായപ്പോ.. അത് വാങ്ങണ്ടാന്ന് പറഞ്ഞു. പക്ഷേ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം എന്ന് കേട്ടപ്പോ വിമാനം ചാർട്ട് ചെയ്തു വന്നു. അതാണ് മോദിജിയുടെ വികസന നയം. കേരളത്തിലെ ദേശീയ പാതയിൽ യാത്ര ചെയ്തവർക്ക് അറിയാം കൊല്ലം നഗരത്തിലെ ഗതാഗത കുരുക്ക്. അതിനൊരു പരിഹാരം എന്ന നിലയിലാണ് കൊല്ലത്ത് ബൈപ്പാസ് വന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കൊല്ലം ബൈപ്പാസ് യാഥാർത്ഥ്യമായപ്പോൾ ആരാണ് അതിന്റെ പിതാവ് എന്നതായി തർക്കം. പിണറായി സർക്കാരും പ്രേമചന്ദ്രൻ എം.പിയും പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ബൈപ്പാസിന്റെ പിതാക്കൻമാരായി. ഉദ്ഘാടന വേളയിൽ ശരണം വിളിച്ച് കൂവി തോൽപ്പിക്കാൻ വന്നവരെ പ്രധാനമന്ത്രിയെ സാക്ഷിയാക്കി, പിണറായി മുഖ്യൻ തന്റേത് ഇരട്ടച്ചങ്കാണ് എന്ന് തെളിയിച്ചു. പിണറായി ബൈപ്പാസിൽ റോഡ് ഷോ നടത്തിയപ്പോൾ കേരളം ത്രിപുരയാകും എന്ന് മോദിജി കവല പ്രസംഗം നടത്തി. കൊച്ചി മെട്രോയിൽ കുമ്മനടിച്ച കുമ്മനം രാജശേഖരന്റെ അനുഭവം ഓർമ്മയുള്ളതു കൊണ്ട് ശ്രീധരൻ പിള്ള വക്കീൽ ബൈപ്പാസ് ഉദ്ഘാടിക്കാൻ പോയില്ല. യഥാർത്ഥത്തിൽ പിള്ള അദ്ദേഹം ആയിരുന്നു ബൈപ്പാസ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് എന്നാണ് താമരപ്പാർട്ടി പറയുന്നത്.

അമ്മായി അമ്മ മരുമകൾ പോര് കേരളത്തിൽ പുതുമയുള്ള കാര്യമല്ല, ആ പോര് കാണാനാണ് കേരളത്തിലെ വീടുകളിൽ വൈകിട്ട് ആറര മുതൽ രാത്രി 10.30 വരെ അത്താഴം പോലും കഴിക്കാതെ ടെലിവിഷൻ ഓൺചെയ്ത് കാത്തിരിക്കുന്നത്.

മരുമകളെ അമ്മായി അമ്മ ഉലക്ക കൊണ്ട് അടിച്ച സംഭവത്തിൽ അമ്മായി അമ്മയ്ക്ക് സപ്പോർട്ടുമായി കേരളത്തിലെ കുലസ്ത്രീകൾ രംഗത്തിറങ്ങി. ഇത് സീരിയൽ കഥയല്ല, അയ്യപ്പനെ കാണാൻ മല കയറിയ ശേഷം കനകദുർഗ ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോഴുള്ള ക്ലാമാക്സ് ആണ് ഈ പറഞ്ഞത്. സുപ്രീംകോടതി വിധി പാലിച്ച കനകദുർഗ അഭിമാനത്തോടെ നേരേ ഭർത്താവിന്റെ വീട്ടിലേക്ക് ചെല്ലുന്നു. അമ്മായി അമ്മ ഉലക്ക എടുത്ത് തലയ്ക്ക് അടിക്കുന്നു. അടിപൊളി. എല്ലാം അയ്യപ്പന്റെ അനുഗ്രഹം. അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ സമരം ചെയ്ത ശബരിമല കർമ്മ സമിതി പ്രവർത്തകനെ കാട്ടുപന്നി കുത്തിയതും അയ്യപ്പന്റെ അനുഗ്രഹമായി കാണണം. കോൺഗ്രസ് അദ്ധ്യക്ഷൻ, രാഹുൽ ഗാന്ധി തന്നെ ആണോ..അതോ രാഹുൽ ഈശ്വർ ആണോ എന്ന കാര്യത്തിൽ ഒരു തർക്കം കൈപ്പാർട്ടിയിൽ വളരുന്നുണ്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ആദ്യം എതിർത്തത് രാഹുൽ ഈശ്വറാണ്. വിധി പഠിച്ച ശേഷം രാഹുൽ ഗാന്ധി പറഞ്ഞത്, സുപ്രീംകോടതി വിധി നടപ്പാക്കണം എന്നാണ്. പക്ഷേ ഗൾഫ് കാണാൻ പോയ രാഹുൽ ഗാന്ധി അവിടെ എത്തിയപ്പോ നിലപാട് മാറ്റി. ശബരിമലയിലെ ആചാരം സംരക്ഷിക്കണം പോലും. കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് സംസാരിച്ചപ്പോഴാണ് ആചാരം സംരക്ഷിക്കണം എന്നും സുപ്രീംകോടതി വിധി പുല്ലാണ് എന്നും രാഹുൽജിക്ക് തോന്നിയത്. ഓരോ മണിക്കൂറിലും നിലപാട് മാറ്റുന്ന കാര്യത്തിൽ രാഹുൽ ജി, താമരപ്പാർട്ടിയുടെ അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ ആരായിട്ട് വരും എന്നാണ് ഇനി അറിയേണ്ടത്.

മകരവിളക്ക് കഴിഞ്ഞാൽ തിരക്ക് കുറയും എന്ന ധാരണയിൽ കണ്ണൂരിൽ നിന്ന് രണ്ട് യുവതികൾ വീണ്ടും മലകയറി. അയ്യപ്പന്റെ പുണ്യ പൂങ്കാവനമായ ശബരിമലയിൽ അത്ര പെട്ടെന്ന് കയറാൻ കഴിയില്ല എന്ന് രണ്ട് മഹതികൾക്കും പിന്നീട് മനസിലായി. എല്ലാവരും ഭക്തിയോടെ കാത്തിരുന്ന മകരവിളക്ക് കഴിഞ്ഞു. പൊന്നമ്പലമേട്ടിൽ കണ്ടത് മകരവിളക്കാണോ ജ്യോതി ആണോ എന്ന കാര്യത്തിൽ ഇനിയും ഒരു തീരുമാനം ആയില്ലെങ്കിലും എല്ലാ ഭക്തൻമാരും ആകാശത്ത് വെളിച്ചം കണ്ട് ശരണം വിളിച്ചു. അയ്യപ്പ ഭക്തൻമാർക്കായി ദേവസ്വം ബോർഡ് എന്ത് ചെയ്തു എന്ന ചോദ്യങ്ങൾക്കും അതോടെ ഉത്തരമായി. പൊന്നമ്പല മേട്ടിൽ ദേവസ്വം ബോർഡ് കത്തിച്ച വിളക്ക് കണ്ടാണ് ഭക്തൻമാർ ശരണം വിളിച്ചത്. അയ്യപ്പന് വേണ്ടി എല്ലാവർഷവും ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ ബോർഡിന് ആശ്വസിക്കാം. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന പിണറായി രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി നടത്തുന്ന ജലനീര് സമരം ഇപ്പോഴും തുടരുകയാണ്. ആദ്യം നിരാഹാര സമരം തുടങ്ങിയ എ.എൻ രാധാകൃഷ്ണൻ ഇനി അടുത്തൊന്നും ഒരു നിരാഹാര സമരത്തിന് ഇല്ലെന്നാണ് തോന്നുന്നത്. ബി.ജെ.പിയുടെ കേരളത്തിലെ ഝാൻസി റാണിയായ ശോഭേച്ചിയും നിരാഹാര സമരം നടത്തി എന്ന് പറയുന്നു. ഷുഗറും പ്രഷറും ഉള്ളതുകൊണ്ട് ശ്രീധരൻ പിള്ള മാത്രം നിരാഹാര സമരം നടത്തിയില്ല. ഇപ്പോ അവിടെ സമരം ചെയ്യുന്നത് ആരാണ് എന്ന് ബി.ജെ.പിക്കാർക്ക് പോലും അറിയില്ല. മകരവിളക്ക് കഴിഞ്ഞ സ്ഥിതിക്ക് സമരം അവസാനിപ്പിക്കാൻ ഒരു കാരണം കണ്ടെത്തണം. അതാണ് താമരപ്പാർട്ടിയുടെ അടുത്ത ലക്ഷ്യം. നിരാഹര സമരം ആഹാര സമരം ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ലനമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS