ശബരിമല സി.പി.എം-ബി.ജെ.പി പോലിസ് വിഷയം | പി.കെ ശശി | ചെമ്പന്‍ വിനോദ് ലിജോ ജോസ് ഐ.എഫ്.എഫ്.ഐ അവാര്‍ഡ്‌ | ട്രെണ്ടിംഗ് ന്യൂസ്‌

Saturday 01 December 2018 9:49 PM IST
trending

യുവതികൾക്ക് എതിരായ സമര കോലാഹലങ്ങൾക്ക് ഇടയിലും അയ്യപ്പനെ നൈഷ്ടിക ബ്രഹ്മചാരിയായി തുടരാൻ അനുവദിച്ച എല്ലാ വിശ്വാസ പുത്രൻമാർക്കും നന്ദി പറഞ്ഞുകൊണ്ട് കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജീത്ത് ബാലകൃഷ്ണൻ.

ശബരിമലയിലെ സമരം സ്ത്രീപ്രവേശനത്തിന് എതിരെ അല്ല എന്ന് താമരപ്പാർട്ടിയുടെ അദ്ധ്യക്ഷൻ പിള്ള വക്കീൽ പറഞ്ഞതോടെ സർക്കാരിന് ശ്വാസം വീണു. അങ്ങനെ എങ്കിൽ സമരം സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് മാറ്റാൻ പിണറായി പറഞ്ഞു. അത് കേട്ട പാടെ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുക ആണെന്ന് പിള്ള വക്കീൽ പ്രഖ്യാപിച്ചു. എന്തൊരു അനുസരണ. പിണറായിയും പിള്ള വക്കീലും കൂടി അഡ്ജറ്റ് ചെയ്ത് സമരം ഒത്തുതീർപ്പാക്കിയെന്ന് കോൺഗ്രസും ആരോപിച്ചു. അവർക്ക് അതല്ലേ പറയാൻ പറ്റൂ.... ശബരിമലയിൽ ബി.ജെ.പി നടത്തുന്ന സമരത്തിന്റെ പിന്നാലെ പോകാനായിരുന്നു പാവം കോൺഗ്രസുകാരുടെ വിധി. ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പിക്ക് ഒപ്പം സമരം നടത്തേണ്ട സ്ഥിതിയാകും രമേശ് ചെന്നിത്തലയ്ക്കും സംഘത്തിനും. പക്ഷേ സത്യായിട്ടും സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അഡ്ജറ്റ്‌മെന്റ് അല്ലെന്ന് പറയാൻ ശ്രീധരൻ പിള്ള അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാലും അതേ പാർട്ടിയിലെ വി. മുരളീധരൻ എം.പിക്ക് അത് വിശ്വാസമായിട്ടില്ല. അല്ലേലും താമരയെ വിശ്വസിച്ചവരൊക്കെ വെള്ളത്തിലായ അവസ്ഥയാണ് ഇപ്പോ.. കണ്ണൂരിൽ കുറെ വയൽക്കിളികൾ താമരയെ വിശ്വസിച്ച് റോഡ് വികസനത്തിന് എതിരെ സമരം ചെയ്തു. ഞങ്ങളെ താമര ചതിച്ചെന്ന് വയൽക്കിളികളുടെ നേതാവ് സുരേഷ് പരസ്യമായി പറഞ്ഞപ്പോ ഒരു താമര നേതാവിനെയും ആവഴി കണ്ടില്ല. അതു പോട്ടെ... ശബരിമല സമരം തുടങ്ങിയപ്പോ പൊലീസ് കൊണ്ടു പോയ കെ. സുരേന്ദ്രനെ ഇതുവരെയും വീട്ടുകാർ കണ്ടിട്ടില്ല. ഒരു കേസിൽ ജാമ്യം എടുത്ത ഉടൻ അടുത്ത കേസ്. അങ്ങനെ കുറേയായി. സുരേന്ദ്രൻ അടുത്തെങ്ങും വെളിച്ചം കാണുന്ന ലക്ഷണമില്ല. സുരേന്ദ്രന്റെ സ്ഥിതി ഇതാണെങ്കിൽ പാവം പ്രവർത്തകരുടെ സ്ഥിതി അതിലും കഷ്ടമാകും. അതാണ് താമരപ്പാർട്ടിയുടെ സമരം തൽക്കാലം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാൻ തീരുമാനിച്ചത്. താമരപ്പാർട്ടി മലയിറങ്ങിയതോടെ സന്നിധാനത്തെ നിയന്ത്രണങ്ങളും സർക്കാർ പിൻവലിച്ചു. അഭിനവ ഭരത് ചന്ദ്രൻ യതീഷ് ചന്ദ്രയെ മലയിറക്കി പകരം കറുപ്പസ്വാമിയെ സർക്കാർ മലകയറ്റി. എല്ലാം ശുഭം. ആദ്യം ബി.ജെ.പി കുഴിച്ച കുഴിയിൽ പിണറായി വീണെങ്കിലും പിന്നെ പിണറായി വിരിച്ച പൊലീസ് വലയിൽ താമര വീണു. അയ്യപ്പനും അയ്യപ്പ ഭക്തൻമാർക്കും ആശ്വാസം. താമരപ്പാർട്ടിക്ക് ഇനി കേരളത്തിൽ ആരെയും പേടിക്കേണ്ട... പൂഞ്ഞാർ സിംഹം ശ്രീമാൻ പി.സി ജോർജ് ഇനി മുതൽ ബി.ജെ.പിക്ക് ഒപ്പമുണ്ടാകും. നിയമസഭയിലെ ഗിരിവരാസന എം.എൽ.എ ഒ. രാജഗോപാലിന് ഇടംവലം സഹായമായി പി.സിയുണ്ടാകും. നടിയെ ആക്രമിച്ച കേസ് വന്നപ്പോ പി.സി ജോർജ് നടൻ ദീലീപിന് ഒപ്പം. ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചപ്പോ പി.സി ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഒപ്പം. ശബരിമല വിഷയത്തിൽ പി.സി ബി.ജെ.പിക്ക് ഒപ്പം. എല്ലാം യാദൃശ്ചികതയാ... പക്ഷേ സഭയിൽ കറുത്ത വസ്ത്രം ധരിച്ച് വന്നിട്ടും ജയിലിൽ കിടക്കുന്ന പാവം സുരേന്ദ്രന് വേണ്ടി ഗിരിവരാസന എം.എൽ.എ രാജേട്ടൻ ഒരക്ഷരം മിണ്ടാത്തതിൽ താമരപ്പാർട്ടിയിലെ ഭക്തപുത്രൻമാർക്ക് നല്ലവിഷമം ഉണ്ട്. സത്യത്തിൽ രാജേട്ടൻ എന്തിനാണ് നിയമസഭയിൽ പോകുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. പിന്നെയാണ് സുരേന്ദ്രന്റെ കാര്യം സഭയിൽ പറയുന്നത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ചെന്നിത്തലാജിയും സംഘവും നിയമസഭയിൽ സമരം നടത്തുന്നുണ്ട്. കോൺഗ്രസ് എം.എൽ.എമാരുടെ ബഹളം കാണുമ്പോ.. ഇതൊക്കെ എന്ത് എന്നാണ് പണ്ട് സ്പീക്കറുടെ കസേര മറിക്കാൻ കൂട്ടുനിന്ന സി.പി.എം സ്പീക്കറായ ശ്രീരാമകൃഷ്ണൻ പറയുന്നത്.

കൃഷ്ണൻകുട്ടിയേട്ടന്റെ കുറെകാലം ആയുള്ള ആഗ്രഹമാണ് ഒരു മന്ത്രിയാകുക എന്നത്. ഒടുവിൽ അത് സാധിച്ചു. പക്ഷേ കുട്ടിയേട്ടന്റെ ആഗ്രഹം സാധിക്കാൻ മാത്യു ടി തോമസിന്റെ കസേര വീണ്ടും തെറിപ്പിച്ചു. പണ്ടായിരുന്നെങ്കിൽ മാത്യു സാറിന് കസേര പോകുന്നതിൽ വലിയ വിഷമം ഒന്നും ഉണ്ടാകില്ല. പക്ഷേ ഇപ്പൊ കാര്യങ്ങൾ അങ്ങനെയല്ല. ഇപ്പോ മന്ത്രിയായ കൃഷ്ണൻകുട്ടി അടക്കം വീരേന്ദ്രകുമാറിനൊപ്പം വലത്തേക്ക് ചരിഞ്ഞപ്പോ ഇടത് ഭാഗത്ത് ഉറച്ചുനിന്ന് ജനതാദളിനെ പിളരാതെ പിടിച്ചു നിറുത്തിയ നേതാവാണ് മാത്യു സാർ. വീരനെ വിട്ട് വീണ്ടും ജനതാദളിലേക്ക് വന്ന കൃഷ്ണൻകുട്ടി മന്ത്രിക്കസേര പിടിച്ചത് ദേശീയ നേതാവ് ദേവഗൗഡയെ വരെ ചാക്കിലാക്കിയാണ്. അതിന് വടകരയിൽ നിന്ന് വന്ന നാണു ആശാനും പിന്തുണ കൊടുത്തു. സാധാരണ മന്ത്രിക്കസേര തെറിക്കുന്നത് എന്തേലും വിവാദത്തിൽ പെട്ടാണ്. മാത്യു സാറിന്റെ കാര്യത്തിൽ എന്തൊക്കെ നല്ലത് ചെയ്താലും മന്ത്രിയായി അഞ്ച് വർഷം തികയ്ക്കാൻ യോഗം ഇല്ല.

സി.പി.എം ഒരു പ്രത്യേക പാർട്ടിയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ... ആ പാർട്ടിയിൽ പീഡനം ആയാലും കൊലപാതകം ആയാലും പാർട്ടി തന്നെ അന്വേഷിച്ച് പ്രതിയെ കണ്ടെത്തി ശിക്ഷിക്കും. ചിലപ്പോ രക്ഷിക്കും. അങ്ങനെയിരിക്കെയാണ് പാലക്കാട്ടെ അതി വിപ്ലവകാരിയായ ശശി എം.എൽ.എയ്ക്ക് എതിരെ ഒരു പീഡന പരാതി പ്രത്യക്ഷപ്പെടുന്നത്. ഉടൻ തന്നെ പതിവ് അന്വേഷണ കമ്മിഷനെ പാർട്ടി നിയോഗിച്ചു. ബാലൻ മന്ത്രിയും ശ്രീമതി ടീച്ചറും ചേർന്ന് അന്വേഷിച്ചപ്പോ ശശി നടത്തിയ പീഡനത്തിന്റെ തീവ്രത പോരെന്നാണ് കണ്ടെത്തിയത്. ഒടുവിൽ പരാതിക്കാരിക്ക് ആശ്വാസമായി തീവ്രത കുറഞ്ഞ പീഡനം നടത്തിയ ശശിക്ക് പാർട്ടി ആറ് മാസത്തെ സസ്‌പെൻഷൻ വിധിച്ചു. ആറ് മാസം കുറഞ്ഞുപോയി എന്ന് ചിലർക്ക് പരാതിയുണ്ട്. എന്ത് സംഭവിച്ചാലും എന്തൊക്കെ ശിക്ഷ വിധിച്ചാലും പാർട്ടി ജീവന്റെ ഭാഗമാണെന്ന് ശശി എം.എൽ.എ വിശദീകരിച്ചു. കമ്മ്യൂണിസ്റ്റ് ആരോഗ്യം എന്നൊക്കെ പറയുന്നത് ഇതാണ്.

49-ാമത് അന്താരാഷ്ട്ര ഗോവൻ ചലച്ചിത്ര മേളയിൽ മലയാളത്തിന് വീണ്ടും അഭിമാനത്തിളക്കം. ആദ്യമായാണ് ഒരു മലയാള നടൻ ഗോവൻ മേളയിൽ മികച്ച നടനുള്ള പുരസ്‌കാരം നേടുന്നത്. നടൻ ചെമ്പൻവിനോദിനും മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിക്കും അഭിനന്ദനം. മലയാളത്തിന് കാഴ്ചയുടെ പുതിയ അനുഭവം സമ്മാനിച്ച ഈ മ യൗവിന്റെ അണിയറ പ്രവർത്തകർക്കും കൗമുദി ട്രെൻഡിംഗ് ന്യൂസിന്റെ അഭിനന്ദനം. കൂടുതൽ മികച്ച സിനിമകൾക്ക് മലയാളം വേദിയാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ലനമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS