അയ്യപ്പന് എല്ലാം മനസിലാകുന്നുണ്ട്

Saturday 24 November 2018 9:40 PM IST
trending

അയ്യപ്പന് എല്ലാം മനസിലാകുന്നുണ്ട്. അയ്യപ്പനെ കൂട്ടുപിടിച്ച് താമര വളർത്താനുള്ള വളം ഇട്ട് തുടങ്ങിയെന്ന് മനസിലാക്കിയ അയ്യപ്പൻ നൈസ് ആയിട്ട് പ്ലാൻ മാറ്റി. ഇതൊരു സുവർണ അവസരം ആണെന്ന് താമരപ്പാർട്ടിയുടെ അദ്ധ്യക്ഷനായ പിള്ള വക്കീൽ രഹസ്യത്തിൽ പൊതിഞ്ഞ് പരസ്യമായി പറഞ്ഞപ്പോൾ തന്നെ അയ്യപ്പൻ മനസിൽ കുറിച്ചതാണ്. അങ്ങനെ എന്റെ ചിലവിൽ താമര വളർത്തേണ്ടെന്ന്. അയ്യപ്പനെ കാണാൻ യുവതികൾ വരുന്നതിന് എതിരെ തുടങ്ങിയ സമരം പിണറായിയെ താഴെ ഇറക്കാനുള്ള സമരമായതാണ് പോയവാരത്തിന്റെ തമാശ. കെ. സുരേന്ദ്രനെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെയും സിസിടിവി ചതിച്ച കഥയുമായി കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ.

ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ കെ. സുരേന്ദ്രൻ. ആ ഭക്തപുത്രനെ അറസ്റ്റ് ചെയ്തപ്പോ താമരപ്പാർട്ടി പ്ലാൻ മാറ്റി. എം.പിമാരും കേന്ദ്രമന്ത്രിയും കെട്ടും കെട്ടി മലകയറി. എല്ലാവർക്കും പ്രശ്നം അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതാണ്. അപ്പോ നിങ്ങൾ ചെയ്തതോ.. യുവതികളെ മലകയറാൻ അനുവദിക്കാതെ തടഞ്ഞപ്പോ സഞ്ചാര സ്വാതന്ത്ര്യം എവിടെയായിരുന്നു. 52 വയസുള്ള മാളികപ്പുറം മലകയറി വന്നപ്പോ പ്രായത്തിന്റെ പേര് പറഞ്ഞ് തടഞ്ഞു നിറുത്തി മർദ്ദിച്ചപ്പോ അവരുടെ വിശ്വാസവും സ്വാതന്ത്ര്യവും നിങ്ങൾ തല്ലിക്കെടുത്തിയില്ലേ... അപ്പോഴാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നെ നിരോധനാജ്ഞയ്ക്ക് എതിരെയായി സമരം. സത്യത്തിൽ താമരപ്പിള്ള വക്കീലിനെ കുറിച്ച് ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയാണ്. ഇന്ന് രാവിലെ പറയുന്നത് അദ്ദേഹം ഉച്ചയ്ക്ക് മാറ്റിപ്പറയും. വൈകിട്ട് വേറൊന്ന്, നാളെ മറ്റൊന്ന്. അതുകൊണ്ട് പിള്ള വക്കീലിന്റെ നിലപാടുകൾ എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം.

കെ. സുരേന്ദ്രന്റെ കാര്യത്തിലേക്ക് വരാം. പരമപൂജിത വിശ്വാസിയായ സുരേന്ദ്രൻ ജി ഇരുമുടിക്കെട്ടുമായി മലകയറിയപ്പോ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിന്നെ എല്ലാം സി.സിടിവി പറയും. സുരേന്ദ്രൻ ജി ഇരുമുടിക്കെട്ട് വലിച്ചെറിയുന്നു. ഷർട്ട് വലിച്ചുകീറുന്നു. കട്ട ഷോ... ഇത് കണ്ട് കോടതി അപ്പൊ തന്നെ റിമാൻഡും ചെയ്തു. അതും പോരാഞ്ഞിട്ട് താമരപ്പാർട്ടി ഒരു സർക്കുലർ പുറത്തിറക്കി. ആവശ്യമായ ഉപകരണങ്ങളുമായി മുഴുവൻ ഭക്തപുത്രൻമാരും മലകയറണം പോലും. ഉപകരണങ്ങളുമായി മല കയറാൻ അവിടെ വാർക്കപ്പണി ഒന്നും ഇല്ലെന്ന് ഈ ഭക്തപുത്രൻമാരോട് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കണം. പക്ഷേ ശബരിമല തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ ( യുവതികൾക്ക് എതിരെയല്ല എന്ന മുദ്ര പ്രത്യേകം ശ്രദ്ധിക്കണം) സമരം നയിക്കുന്ന താമരപ്പാർട്ടി അവരുടെ കേന്ദ്രമന്ത്രിയെ ഒടുവിൽ രംഗത്ത് ഇറക്കി.

ആദ്യം വന്നത് നമ്മുടെ സ്വന്തം അൽ കണ്ണന്താനം. സ്വന്തം കാറു തള്ളിയ കണ്ണന്താനം നിലപാട് വ്യക്തമാക്കി. പിന്നെ മുഴുവൻ കക്കൂസുകളിലും കയറി മൂക്ക് പൊത്തി. നേരെ പോയി തന്ത്രിയെ കണ്ട് അനുഗ്രഹം വാങ്ങി. തന്നാൽ കഴിയാവുന്ന കുറ്റങ്ങളൊക്കെ കണ്ടുപിടിച്ച് ഡൽഹിക്ക് പോയി. അതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് വന്ന പൊൻ മന്ത്രിക്ക് സ്വന്തം കാറിൽ തന്നെ മലകയറണം. മനസിലാവുന്ന ഭാഷയിൽ ലേശം സിനിമാ സ്റ്റൈലിൽ പൊലീസ് കാര്യം പറഞ്ഞു. പമ്പയിൽ സ്വകാര്യ വാഹനങ്ങൾ ഇടാൻ സ്ഥലമില്ല, എല്ലാ പ്രളയത്തിൽ ഒലിച്ചുപോയി എന്നെല്ലാം അഭിനവ ഭരത് ചന്ദ്രൻ പറഞ്ഞു. പൊൻ മന്ത്രിക്ക് കാര്യം മനസിലായി. പക്ഷേ കൂടെ പോയ വെറും രാധാകൃഷ്ണന് പൊലീസുകാരന്റെ വർത്തമാനം അത്ര പിടിച്ചില്ല. സംഗതി ശരിയാണ്... കേന്ദ്രമന്ത്രിയോട് മാന്യമായി പെരുമാറാൻ പൊലീസുകാരോട് പറയാൻ പിണറായി ശ്രദ്ധിക്കണം. ഈ ജനാധിപത്യ രാജ്യത്ത് മന്ത്രിയാണ് വലുത്. പൊലീസല്ല. ബഹുമാനപ്പെട്ട കോടതിയും സർക്കാരിനോട് ഇക്കാര്യം ഓർമ്മിപ്പിച്ചിട്ടുണ്ട്. പൊലീസുകാരെ നിലയ്ക്ക് നിറുത്തണം.

സംഗതി കൈവിട്ടു പോകും എന്ന് കണ്ട ചെന്നിത്തലാ ജിയും ഉമ്മൻചാണ്ടിയും മറ്റ് വലതൻമാർ എല്ലാവരും ചേർന്ന് നേരേ ശബരിമലയിലേക്ക് പോകുന്നു. നിരോധനാജ്ഞ ലംഘിക്കാൻ. പിന്നെ നിലയ്ക്കലിൽ കേൾക്കുന്നത് ഒരു നിലവിളി മാത്രം... ഞങ്ങളെ അറസ്റ്റ് ചെയ്യൂ. അറസ്റ്റ് ചെയ്യൂ... സംഗതി കോൺഗ്രസ് ആയതുകൊണ്ട് പൊലീസ് കണ്ട ഭാവം കാണിച്ചില്ല. നിരോധനാജ്ഞ ലംഘിച്ചുവെന്ന ആശ്വാസത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറി ടിക്കറ്റും എടുത്ത് പമ്പ വരെ പോയി അയ്യപ്പന്റെ കാര്യങ്ങൾ അന്വേഷിച്ച് ചെന്നിത്തലാജിയും കൂട്ടരും നാട്ടിലേക്ക് വണ്ടി കയറി. എല്ലാം ശുഭം. ഇപ്പൊ മലകയറാൻ വരുന്ന മന്ത്രിഭക്തൻമാരോടും അവരുടെ കിങ്കരൻമാരോടും ഒരു കാര്യം പറഞ്ഞോട്ടെ.. അയ്യപ്പൻ പണ്ടും അവിടെത്തന്നെ ഉണ്ടായിരുന്നു. യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരെ തുടങ്ങിയ സമരം സന്നിധാനത്ത് സ്വാമിക്ക് തന്നെ തലവേദന ആയപ്പോ... മാലയിട്ട അയ്യപ്പൻമാർ മലകയറാൻ മടിച്ചു. അതോടെ ദേവസ്വം ബോർഡിന്റെ പെട്ടിയിൽ കാണിക്കയും കുറഞ്ഞു. കാശില്ലാത്ത ദേവസ്വംബോർഡ് കടം കയറിയ കെ.എസ്.ആർ.ടി.സിക്ക് തുല്യമാണ്.

വല്ലാതെ കളിച്ചാൽ പിണറായിയെ വലിച്ച് താഴെയിടും എന്ന് പറഞ്ഞത് സാക്ഷാൽ അമിത് ഷാ ജിയാണ്. പിന്നല്ലാതെ അയ്യപ്പനെ രക്ഷിക്കാൻ പോയ ഭക്തപുത്രൻമാരെ സമര ശരണം വിളിച്ചതിന് അറസ്റ്റ് ചെയ്താൽ വലിച്ച് താഴെ ഇടുക തന്നെ വേണം. അതിന്റെ സാമ്പിൾ വെടിക്കെട്ട് എന്നോണം കുറെ നാളായി രാഷ്ട്രപതി ഭരിച്ചോണ്ടിരുന്ന കാശ്മീർ നിയമസഭ പിരിച്ചുവിട്ടു. ആർക്കും ഒരു പരാതിയുമില്ല. ഇനി വീണ്ടും തിരഞ്ഞെടുപ്പ് നടത്തി അധികാരം പിടിക്കാമെന്നാണ് അമിത് ജിയുടെ പൂതി. നല്ലത്... ഇത് ഇവിടെ പറഞ്ഞത്... ഭക്തപുത്രൻമാർ നടത്തുന്ന കളികളിൽ പിണറായി വീഴരുത് എന്ന് ഓർമ്മിപ്പിക്കാനാണ്. കേരളം സംഘർഷ ഭൂമിയാണെന്ന് വരുത്തിതീർത്ത് നൈസായിട്ട് പിണറായിയെ വലിച്ചിട്ടാലും അത്ഭുതപ്പെടാനില്ല. നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശ്വസിച്ചു കൊണ്ട് ഇന്നത്തേക്ക് വിട പറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ല നമസ്‌കാരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS