ശബരിമല അയ്യപ്പനാണ് ഇപ്പൊ താരം

Monday 19 November 2018 2:34 PM IST
trendingnews-nov17
Trendingnews-Nov17

ശബരിമല അയ്യപ്പനാണ് ഇപ്പൊ താരം. അദ്ദേഹത്തെ ഒരു നോക്ക് കാണണം... കാര്യങ്ങൾ പറയണം എന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. അങ്ങനെയാണ് മാളികപ്പുറങ്ങളായി തൃപ്തി ദേശായിയും ശശികലയും മലകയറാൻ ഒരുങ്ങിയത്. തൃപ്തിയെ വിമാനത്താവളത്തിലും ശശികലയെ മരക്കൂട്ടത്തും തടഞ്ഞു. തൃപ്തിക്ക് തൃപ്തിയായത് വിശ്വാസികൾ വിമാനത്താവളം വളഞ്ഞതോടെയാണ്. ശശികലയ്ക്ക് തൃപ്തിയായത് പൊലീസ് വളഞ്ഞതോടെയാണ്. എന്തായാലും മണ്ഡലകാലം സംതൃപ്തിയായി എന്ന വിശ്വാസത്തോടെ കൗമുദി ട്രെൻഡിംഗ് ന്യൂസ് തുടങ്ങട്ടെ. നമസ്‌കാരം ഞാൻ ശ്രീജിത്ത് ബാലകൃഷ്ണൻ. ഈ നാട്ടിൽ നിയമത്തിന് ഒരു വിലയും ഇല്ലെന്ന് മനസിലായത് രണ്ട് ദിവസം മുൻപാണ്. നിയമത്തിനും മുകളിലാണ് വിശ്വാസം എന്നും മനസിലായി. പക്ഷേ അതിന്റെ പേരിൽ ആർക്കും എന്തും ആകാം എന്നും കൂടി അറിഞ്ഞതോടെ കൂടുതൽ തൃപ്തിയായി. മണ്ഡലകാലത്ത് അയ്യപ്പനെ കണ്ട് സായൂജ്യം അടയാൻ കൊതിച്ചവർക്ക് മുന്നിൽ വൃശ്ചികമാസം ഒന്നാം തീയതി തന്നെ ഹർത്താൽ പ്രഖ്യാപിച്ച് ബി.ജെ.പി മാതൃകയായി. ശശികലയെ അറസ്റ്റ് ചെയ്താൽ പിന്നെ ഹർത്താൽ അല്ലാതെ വേറേ മാർഗം ഇല്ലെന്നാണ് ബി.ജെ.പി പറയുന്നത്. അതുപോട്ടെ...

അയ്യപ്പനെ കാണാൻ കൂട്ടുകാരെയും കൂട്ടി വന്ന തൃപ്തി 15 മണിക്കൂർ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരുന്ന് മടങ്ങിയപ്പോ ശശികല രാത്രിയും പകലും റാന്നി പൊലീസ് സ്റ്റേഷനിൽ വെയ്റ്റ് ചെയ്തു. പിണറായിക്ക് ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ... ബഹുമാനപ്പെട്ട സുപ്രീംകോടതി വിധി അവിടെ നിൽക്കട്ടെ... ഈ ബഹളം ഒക്കെ കഴിഞ്ഞ് യുവതികളെ കയറ്റിയാ പോരേ... എന്നു ചോദിക്കുന്നവരുണ്ട്... അവരോട് ഒരു കാര്യം പറയട്ടെ... ഏതെങ്കിലും ഒരു യുവതീ രത്നം രണ്ടും കല്പിച്ച് മലകയറിയാൽ ആ മാളികപ്പുറത്തിനെ കുലപുരുഷൻമാർ തല്ലിക്കൊല്ലും. അങ്ങനെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ തലയിൽ ഇരിക്കും... ആ ഐഡിയ വർക്ക് ഔട്ട് ചെയ്ത് വിജയിപ്പിക്കാനാണ് ഭക്തപുത്രൻമാരുടെ അശ്രാന്ത പരിശ്രമം. സത്യത്തിൽ സുപ്രീംകോടതി വിധി ഏറ്റവും വലിയ തലവേദനയായത് നമ്മുടെ പൊലീസിനാണ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് പൊലീസ്. അയ്യപ്പനെ കാണാൻ വരുന്ന യുവതികൾ ഒരു വശത്ത്. അവരെ തടയാൻ വരുന്ന ഭക്തപുത്രൻമാർ മറുവശത്ത്. പോരാത്തതിന് നെയ്യഭിഷേകം, പടിപൂജ, അരവണ, അപ്പം ഇതിനും നിയന്ത്രണം. നേരത്തെ മണ്ഡലമകരവിളക്ക് സമയത്ത് ശബരിമലയിലെ പൊലീസുകാരെ പൊലീസ് അയ്യപ്പൻ എന്നായിരുന്നു വിളിച്ചിരുന്നത്. ഇത്തവണ അത് മാറി പൊലീസ് സാറായി. ഈ മണ്ഡലകാലം വൃശ്ചികം ഒന്നാംതീയതി തുടങ്ങും എന്ന് അറിയാഞ്ഞിട്ടാണോ എന്തോ... ശബരിമലയിൽ സംഘർഷം ഉണ്ടാകും എന്നറിഞ്ഞിട്ടും സർക്കാർ ഒരു സർവകക്ഷിയോഗം വിളിച്ചത് അവസാന മണിക്കൂറിലാണ്. പിണറായിക്ക് ഇതിലൊന്നും വല്യ വിശ്വാസം ഇല്ലെന്ന് അറിയാം. പക്ഷേ വിശ്വാസം കൂടിയ ദേവസ്വം മന്ത്രിക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാമായിരുന്നു. പിന്നെ എല്ലാത്തിനും സാവകാശം തേടുന്ന ദേവസ്വം ബോർഡിന്റെ കാര്യം അതിലും കഷ്ടമാണ്. അവസാനം ഒരു അറ്റകൈ പ്രയോഗം എന്ന നിലയി സാവകാശ ഹർജിയും കൊണ്ട് ഡൽഹിക്ക് പോകാനാണ് ദേവസ്വം പപ്പേട്ടന്റെ പ്ലാൻ. ആചാര്യൻമാരെ കൂടി ഉൾപ്പെടുത്തി കൂറേക്കൂടി ആഴത്തിലുള്ള കൂടിയാലോചന വേണമെന്നാണ് തന്ത്രിമാരും പന്തളം കൊട്ടാരവുമായി നടത്തിയ ചർച്ചയിൽ പിണറായി പറഞ്ഞത്. പക്ഷേ അത് ജനുവരി 22ന് സുപ്രീംകോടതി പരിഗണിക്കുന്ന കേസിൽ മാത്രമേ സാധ്യമാകൂ. അതുവരെ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ അയ്യപ്പാ നിന്നെ നീ തന്നെ കാത്തോണേ... എന്നേ പറയാനുള്ളൂ. ബന്ധുക്കൾ സി.പി.എമ്മിന് എക്കാലവും തലവേദനയാണ്. ജയരാജേട്ടൻ മുതൽ ഷംസീർ വരെയുള്ളവർക്ക് ബന്ധുക്കളെ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായി. ബന്ധു ശല്യം തീർത്ത് ഇ.പി മന്ത്രിസഭയിലേക്ക് വന്നതേ ഉള്ളൂ... അതാ വരുന്നു. മ്മ്‌ടെ സ്വന്തം ജലീൽക്ക. പിന്നെ അതാ... പാർട്ടിയിലെ യുവ സിംഗം ഷംസീർ. സ്വന്തം ഭാര്യയ്ക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം. അതും ഒന്നാം റാങ്കുകാരായി തഴഞ്ഞ് രണ്ടാം റാങ്കുള്ള എം.എൽ.എയുടെ ഭാര്യയ്ക്ക് ജോലി. ഒന്നാം റാങ്കുകാരി കോടതിയിൽ പോയി. അതോടെ ഷംസീറിന്റെ ഭാര്യയുടെ ജോലി വെള്ളത്തിലായി. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ... വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ. അതിൽ മാന്യത കാണിച്ചത് മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയാണ്. ആരോപണം വരുന്നു എന്ന് കേട്ടതേയുള്ളൂ. ജോലി പുല്ലുപോലെ രാജിവെച്ച് സുധാകരൻ സാറിന്റെ കാര്യങ്ങൾ നോക്കി വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചു. നല്ലത്... പക്ഷേ ഇതൊന്നും അറിഞ്ഞ മട്ടില്ല.. മ്മ്‌ടെ ജലീൽ സഖാവ്. എന്തായാലും യൂത്ത് ലീഗ് വിടാൻ ഭാവം ഇല്ലെന്നാണ് സൂചന. തമിഴ്നാടിനെ പേടിപ്പിച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിനും ചെറുതല്ലാത്ത ആശങ്കയാണ് സൃഷ്ടിച്ചത്. എല്ലാവരും ശബരിമലയിൽ ആയതിനാൽ ഗജയൊന്നും ഒരു പ്രശ്നമേ ആയി തോന്നിയില്ല. പക്ഷേ അതൊരു പ്രശ്നം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. പെയ് തി എന്ന പേരിൽ മറ്റൊരു ചുഴലിക്കാറ്റ് കൂടി കേരള തീരം ലക്ഷ്യമിട്ട് വരുന്നുണ്ട്. പതിവുപോലെ ഇത്തവണയും ആദ്യം മത്സ്യത്തൊഴിലാളികൾക്ക് തന്നെയാണ് മുന്നറിയിപ്പ്. തീയായി പെയ്യാൻ പോകുന്ന പെയ് തി ചുഴലിക്കാറ്റ് അയ്യപ്പ കോപം ആണെന്ന് മാത്രം ആരും പറയരുത്. പെട്ടെന്നുണ്ടായ ആവേശത്തിൽ പരസ്പരം തമ്മിലടിച്ച് മരണത്തിലേക്ക് വീണ നെയ്യാറ്റിൻകരയിലെ സനൽകുമാറും ഡിവൈ.എസ്.പി ഹരികുമാറും എല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തലാണ്. പെട്ടെന്നുള്ള കോപവും നിയന്ത്രണം നഷ്ടപ്പെടുന്ന മനസും തുറന്നിടുന്നത് മരണത്തിലേക്കുള്ള വഴിയാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും ഇത്തരത്തിലുള്ള രംഗങ്ങളിലൂടെയാകും കടന്നുപോകുന്നത്. സ്വയം നിയന്ത്രണത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തേക്ക് വിടപറയുന്നു. അടുത്തയാഴ്ച വീണ്ടും കാണും വരെ എല്ലാവർക്കും നല്ലനമസ്‌കാരം. Kaumudynews,malayalamnews,keralakaumudi,kaumudytvnews,morningnews,kaumudynews,latestnews,breakingnews,keralanews,india,politics,trendingnews,sabarimalaissue,keralagovernment,bjpissue,truptidesai,sasikalaissue,cpmnepotism

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS