ഇടുക്കിയിൽ കോരിത്തോട് എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ യാത്ര... പോകുന്ന വഴി കുറേ ദൂരം വനത്തിലൂടെ വേണം യാത്ര ചെയ്യാൻ കാരണം, വാവ പിടികൂടിയ പാമ്പുകളെ വനത്തിൽ തുറന്ന് വിടണം. രാത്രിയോടെ വനത്തിലെത്തി, പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. ഒന്ന് രണ്ട് ആനകൾ അത് വഴി കടന്ന് പോയി... ഒട്ടും പ്രതീക്ഷിക്കാത്ത സമയം... കൂടെ ഉണ്ടായിരുന്ന ഫോറസ്റ്റ് ഓഫീസർ തൊട്ടടുത്ത് ഉള്ള ഫോറസ്റ്റ് ഓഫീസിൽ ചോദിച്ചപ്പോൾ രണ്ട് ദിവസമായി മൂന്ന്, നാല് ആനകൂട്ടം ഈ പരിസരങ്ങളിൽ തന്നെ ഉണ്ട്. വാവയുടെ മുഖത്ത് സന്തോഷം. കുറേ ആനകളെ കാണാൻ പറ്റിയിരുന്നെങ്കിൽ, കൂടെയുള്ളവർക്ക് ആകാംക്ഷ. പിന്നെ മുന്നോട്ട് ഉള്ള ഓരോ ചുവടും സൂക്ഷിച്ച്....
ഒട്ടും താമസിച്ചില്ല. മൂന്ന് ആനകൾ ക്യാമറാ കണ്ണുകൾക്ക് മുന്നിൽ...ശബ്ദം കേട്ട് ആനകൾ കാട്ടിലേക്ക് ഉൾവലിഞ്ഞു. അടുത്തടുത്ത് ആനകളെ കണ്ടതും, ഫോറസ്റ്റ് ഓഫീസിൽ നിന്ന് കിട്ടിയ സൂചനയും ഇനിയും ആനകളെ കാണാം എന്ന പ്രതീക്ഷയിൽ വാവ യാത്ര തുടർന്നു.... കുറേ ദൂരം യാത്ര ചെയ്തു, പെട്ടെന്ന് ഒരു അലർച്ച, കാറിൽ നിന്ന് ചാടിയിറങ്ങിയ വാവയുടെ മുഖത്ത് സന്തോഷം, മൂന്ന്, നാല് ആനകൾ ടോർച്ച് വെളിച്ചത്തില്‍. കുറച്ച് മുന്നോട്ട് നടന്നപ്പോഴാണ് ആ കാഴ്ച്ച.
വാവ ആനക്കൂട്ടത്തിലെ ആനകളെ എണ്ണി തുടങ്ങി. ഒന്നും രണ്ടും അല്ല വലുതും ചെറുതുമായി പതിമൂന്ന് ആനകൾ. മനോഹര കാഴ്ച, ശബ്ദമുണ്ടാക്കാതെ വാവ അതിനടുത്തേക്ക് ,യാതൊരു ഭാവ വ്യത്യസവും ഇല്ലാതെ ആനകൾ ഭക്ഷണം കഴിച്ചും, കളിച്ചും നിൽക്കുന്നു. എപ്പോഴാണ് അപകടം ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല. ഓരോ ചുവടും ശ്രദ്ധയോടെ വേണം. ആനകൾ വാവയ്ക്ക് ചുറ്റും വളഞ്ഞു. പിന്നെ അവിടെ നിന്നാൽ അപകടം ഉറപ്പ്. ഉടൻ തന്നെ അവിടെ നിന്ന് മാറിയ വാവയ്ക്ക് ആനകളെ കണ്ടതിന് കുറച്ച് മാറി രണ്ട് കാട്ടുപോത്തുകളെയും കാണാൻ സാധിച്ചു.
അപ്പോൾ സമയം വെളുപ്പിന് 3 മണി. തുടർന്ന് തുറന്ന് വിടാന്‍ കൊണ്ടുവന്ന പാമ്പുകളെ റിലീസ് ചെയ്തു. അതിൽ ആദ്യം തുറന്ന് വിട്ട വലിയ ഒരു മൂർഖന്‍ പാമ്പ് മാത്രം പോകാതെ അവിടെ തന്നെ ഇരുന്നു. ആരേയും പേടിയില്ല എന്ന ഭാവത്തിൽ. സാഹസിക രംഗങ്ങൾ നിറഞ്ഞ അർദ്ധരാത്രിയിലെ വാവയുടെ വനയാത്രയാണ് ഇന്നത്തെ സ്നേക്ക് മാസ്റ്ററിൽ....