വിശ്വാസികളറിയാൻ ശബരിമലയിൽ എന്താണ് സംഭവിക്കുന്നത് ?

Wednesday 28 November 2018 11:33 AM IST
sabarimala

ഒരു തീർത്ഥാടന കേന്ദ്രം രാഷ്ട്രീയ സിരാ കേന്ദ്രമായി മാറുന്ന കാഴ്ചകളാണ് ഇന്ന് ശബരിമലയിലേത്. സമാധാനാന്തരീക്ഷം നിലനിറുത്തേണ്ട ആരാധാനാലയങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ തട്ടകങ്ങളായി മാറുമ്പോൾ നേരിൽ കണ്ട വസ്തുതകൾ തുറന്നുകാട്ടാതിരിക്കാൻ ആകില്ല. ഓരോ രാഷ്ട്രീയ പാർട്ടിയും തങ്ങളുടെ അജണ്ടകൾ ഭൗതിക സാഹചര്യങ്ങൾ കൂട്ടുപിടിച്ച് നടപ്പിലാക്കുമ്പോൾ പൊതുജനവും ഒഴുക്കിന് അനുസരിച്ച് നീന്തുകയാണ്.ഉത്തരേന്ത്യയിൽ മാത്രം കണ്ടുവരാറുള്ള ഒരു രാഷ്ട്രീയകളിക്കാണ് കേരളം അടുത്ത കാലത്ത് വേദിയായി കൊണ്ടിരിക്കുന്നത്. ദേവാലയ സംരക്ഷണം എന്ന പേരിൽ ശബരിമലയിൽ നടന്നുവരുന്നതും അതു തന്നെയാണ്. ഭക്തർക്കുവേണ്ടിയും ആചാരലംഘനങ്ങൾക്കും വേണ്ടിയുള്ള പ്രതിഷേധം ആയിരുന്നു അത് ഒരു ഘട്ടം വരെ. എന്നാൽ അതെല്ലാം മാറിയിരിക്കുന്നു. രാഷ്ട്രീയ നിലനിൽപ്പിനായുള്ള മൂന്നാംകിട മുതലെടുപ്പ് എന്നല്ലാതെ മറ്റൊന്നും അതിനെ വിശേഷിപ്പിക്കാനാകില്ല. ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കണമെന്ന് നിലപാടെടുത്ത ആർ.എസ്.എസും അതിന് പ്രായോഗിക വഴിയൊരുക്കണമെന്ന് നിർദ്ദേശിച്ച ബി.ജെ.പിയും എല്ലാം ഇന്ന് എവിടെ എത്തി നിൽക്കുന്നു. യഥാർത്ഥ വിശ്വാസികൾ ശബരിമലയെ ആരാധാനാലയമായി കാണുമ്പോൾ മറ്റു ചിലർ അതിനെ രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടിയായി നോക്കികാണുകയാണ്. ധർമ്മ സംരക്ഷണമെന്ന ടാഗ്‌ലൈനുകൾ എങ്ങും നിറയുമ്പോൾ അവയുടെ ബോധമായ പരികൽപ്പന തിരിച്ചറിയുന്നു കൂടിയില്ല.ലോക മറിയുന്ന തീർത്ഥാടന കേന്ദ്രത്തെ ബാരിക്കേഡുകൾക്ക് നടുവിൽ നിലനിറുത്താൻ തക്ക രാഷ്ട്രീയ സാഹചര്യമായിരുന്നോ കേരളത്തിലെന്ന് നേർക്കണ്ണ് പരിശോധിക്കുന്നു.


ശബരിമലയിൽ ഇന്ന് നടക്കുന്നത് ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ അല്ലെന്നതാണ് വസ്തുത. നിലനിൽപ്പിന് വേണ്ടിയുളള കപട രാഷ്ട്രീയമാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഓന്തിനെ പോലെ നിറംമാറുന്ന രാഷ്ട്രീയ പാപ്പരത്തവും കേരളത്തെ അല്ലെങ്കിൽ ശബരിമലയെ യുദ്ധഭൂമിയായി മാറ്റിയെഴുതി കഴിഞ്ഞിരിക്കുന്നു. ഒരു ആരാധാനാലയം എങ്ങനെ ആകരുത് എന്നുള്ള ഉദാഹരണമാണ് ഇന്ന് ശബരിമല. ദേവാലയങ്ങൾ വിശ്വാസികളുടേതാകണം. രാഷ്ട്രീയതയ്ക്കും ജാതിമത വർഗീയതയ്ക്കും അതീതമാകണം. ഭക്തർക്ക് തന്റെ ആചാരങ്ങൾ പൂർത്തീകരിക്കാൻ അവിടെ ഇടമുണ്ടാകണം. എന്നാൽ നിർഭാഗ്യവശാൽ ശബരിമല ഇന്ന് രാഷ്ട്രീയ വടംവലിയ്ക്കുള്ള ഇടമായി മാറുകയാണ്. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും അപ്പുറം തന്റെ പ്രത്യയ ശാസ്ത്രത്തെ ബലമായും അവർ അറിയാതെയും മറ്റുള്ളവരിലേയ്ക്ക് അടിച്ച് ഏൽപ്പിക്കുകയാണ്. സങ്കൽപ്പത്തിനും അപ്പുറം ജനവികാരം ആളിക്കത്തിയിട്ടും അതിനെ തന്മയത്തത്തോടെ കൈകാര്യം ചെയ്യാനോ പ്രായോഗികമായ സമവായം ഉണ്ടാക്കാനോ നമ്മുടെ സർക്കാരിന് കഴിഞ്ഞിട്ടില്ല.

sabarimala

ഭരണഘടനാ അവകാശം സംരക്ഷിക്കുന്നതിന് ഒപ്പം രാഷ്ട്രീയത്തിന് അതീതമായുള്ള ജനവികാരം മാനിക്കപ്പെടേണ്ടതായിരുന്നില്ലേ ഇത്തരത്തിൽ മറുപടി നൽകേണ്ട ചോദ്യങ്ങളുമുണ്ട് സർക്കാരിന് മുന്നിൽ. അതേസമയം, ശബരിമലയെ രാഷ്ട്രീയ ശാലയാക്കിയുള്ള സംഘപരിവാർ നീക്കം കാണാതെ പോവുകയുമരുത്. മണിക്കൂറുകൾ ഇടവിട്ട് നിലപാട് മാറ്റുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഓസ്‌കാർ അവാർഡിനായി മത്സരിക്കുന്ന പാർട്ടി നേതാക്കളും ഭക്തരുടെ കണ്ണിൽ മണ്ണ് വാരിയിടുകയാണ്. യുവതി പ്രവേശനത്തിനായി പ്രതിഷേധ സ്വരം ഉയർത്തിയ ബി.ജെ.പി എത്രപെട്ടന്നാണ് സമരം സി.പി.എമ്മിന് എതിരെ എന്ന് പ്രഖ്യാപിച്ചത്. ഇതിനിടയിൽ ആർക്കും വേണ്ടാത്ത ഖദറിട്ട കുറച്ച് കോമഡി കഥാപാത്രങ്ങളും ചിത്രത്തിലേക്ക് തള്ളിക്കയറുകയാണ്. വിശ്വാസത്തെ മുതലെടുത്തുള്ള രാഷ്ട്രീയ നേട്ടതതിന് സംഘപരിവാർ കോപ്പുകൂട്ടുമ്പോൾ അതിന് വഴിമരുന്നിടുന്നത് ആകരുത് സംസ്ഥാന നിലപാട്. അതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെ പടച്ചുവിടുന്ന നുണപ്രചരണങ്ങളിൽ യഥാർത്ഥ വിശ്വാസികൾ വീണുപോകരുത്.

ശബരിമല വിഷയത്തിലെ സർക്കാർ നിലപാടുകളും നടപടികളും ഗുണകരമായി മാറിയത് ബി.ജെ.പിക്കാണ്. സന്നിധാനത്ത് അരങ്ങേറിയ പൊലീസ് നടപടി ആണ് അതിൽ ഏറ്റവും വിലയേറിയത്. അതിൽ സർക്കാരിനോട് പാർട്ടിക്ക് തീർത്താൽ തീരാത്ത നന്ദി എന്നും ഉണ്ടാകണം. എന്നാൽ ബി.ജെ.പി പ്രതീക്ഷിച്ചൊരു ഹൈപ്പ് അതിനൊട്ട് കിട്ടയതുമില്ല. സമാനതകളില്ലാത്ത സുരക്ഷ ഒരുക്കിയിട്ടും അതൊക്കെ മറികടന്ന് ഒരേ സ്വഭാവുമുള്ളവർക്ക് സംഘടിക്കാനായെങ്കിൽ അത് ആരുടെ വീഴ്ചയാണ്. അതേ ദിവസം തന്നെ ക്ഷീണം അകറ്റാൻ പമ്പയിലേക്ക് പോയ സുരക്ഷ ചുമതലയുള്ള ഐ.ജിയേയും കുറ്റം പറയാൻ ആകില്ല. ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കിയ ശേഷം കാട്ടിക്കൂട്ടിയ നാമജപ നാടകം ശരിക്കും ഭക്തിയുടേ പേരിൽ ആയിരുന്നോ. ഇതൊക്കെ കണ്ട് സന്നിധാനം യുദ്ധഭൂമിയായി കരുതിയെങ്കിൽ യഥാർത്ഥ ഭക്തരെ നിങ്ങൾക്ക് തെറ്റി. നിങ്ങൾ ഈ കാണുന്നത് ഒന്നുമല്ല യാഥാർത്ഥ്യം. ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ ഒന്നുംതന്നെയില്ല. അവ ബോധപൂർവം സൃഷ്ടിക്കപ്പെടുകയാണ്. ഭക്തർ സംതൃപ്തിയോടെ അയ്യപ്പനെ കണ്ട് ആചാരങ്ങൾ പൂർത്തീകരിച്ച് മടങ്ങുകയാണ്.

pratheesh-mg

ഇതൊന്നുമല്ല നടക്കുന്നത് എന്നും അവിടെ കലാപം ഉണ്ടാകും എന്നും കരുതി വീട്ടിൽ ഇരിക്കുന്ന വിശ്വാസികളേ നിങ്ങൾ അറിഞ്ഞോ അറിയാതെയോ കബളിപ്പിക്കപ്പെടുകയാണ്. നിങ്ങളുടെ വിശ്വാസത്തിന് മുകളിൽ നുണപ്രചരണങ്ങൾ തള്ളിയിട്ട് കബളിപ്പിക്കുകയാണ്. ശരണംവിളികളില്ലാത്ത ശബരിമല, കർപ്പൂരത്തിന്റെ ഗന്ധമില്ലാത്ത സന്നിധാനം. സെക്രട്ടേറിയറ്റിനെ ഓർമ്മപ്പെടുത്തുന്ന ബാരിക്കേഡുകളും പൊലീസ് സുരക്ഷയും. ഇതായിരുന്നോ ഭക്തരുടെ ശബരിമല. വലിയ നടപ്പന്തലിൽ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഭക്തജന സാഗരം ഒന്നും ഇന്നിവിടെയില്ല. ഇതുവരെ കാണാത്ത തരത്തിൽ ശബരിമല മാറിയിരിക്കുന്നു. ഭക്തരുടെ ഭീമമായ കുറവാണ്. ജനങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിന്റെ സൂചനയാണിത്. നിരത്തുകളിൽ ഒന്നും തന്നെ അലങ്കരിച്ച വാഹനങ്ങളോ അയ്യപ്പ ഭക്തരുടെ ശരണം വിളികളോ ഇല്ല. ശബരിമലയിൽ എത്തിയാൽ തങ്ങളും പ്രതിഷേധങ്ങൾക്ക് നടുവിലാകുമെന്ന് ഭയക്കുന്നവരുണ്ട്, യുവതി പ്രവേശനം സ്റ്റേ ചെയ്യുന്നതുവരെ ശബരിമലയിലേയ്ക്ക് ഇല്ലെന്ന് തീരുമാനിച്ചവരുണ്ട്. സാക്ഷരതയിൽ ഒന്നാമതെന്ന് വീമ്പുപറയുന്ന മലയാളിയെ ഇങ്ങനെ ചിന്തിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം എന്താണ്. വിശ്വാസി സമൂഹത്തെ ഹൈജാക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ പ്രസ്ഥാനങ്ങൾ വളർന്നുപോയിരിക്കുന്നു.

ഒരു കള്ളം രണ്ടു തവണ പറഞ്ഞാൽ അത് സത്യമായി മാറുകയാണ്. സംരക്ഷകർ വിമർശനം ഏറ്റുവാങ്ങുകയും യഥാർത്ഥ കലാപകാരികൾ ഭക്തരുടെ മുഖപടം ചൂടി ആശംസകൾ പിടിച്ചുപറ്റുകയുമാണ്. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാർ മുതൽ അയ്യപ്പ സന്നിധിയിൽ ദിവസ ശമ്പളത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ വരെ ഇവിടെ ആചാരങ്ങൾ സംരക്ഷിച്ച് മുന്നോട്ട് പോവുകയാണ്. എന്നാൽ പലപ്പോഴും അവരുടെ കഷ്ടപ്പാടുകൾ തിരിച്ചറിയാൻ ആളുണ്ടായെന്ന് വരില്ല. ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ വ്യക്തിഹത്യ നടത്തിയും വിരുദ്ധ നിലപാടുള്ളവരെ ആക്ഷേപിച്ചും ഒരു കൂട്ടം പേർ ശബരിമലയ്ക്കായി ഊണും ഉറക്കവും ഉപേക്ഷിച്ച് പോരാടുകയാണ്. വർഗീയ വിഷം ചീറ്റി നടത്തുന്ന ഇത്തരം നാടകീയ നീക്കങ്ങൾ ശബരിമലയ്ക്ക് വേണ്ടി അല്ലെന്ന് ഇനി എങ്കിലും പൊതു സമൂഹം തിരിച്ചറിയണം
. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും അമ്പേ പരാജയമാണ്. മണ്ഡലകാല ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് ഭക്തരെത്തിയിട്ടും സ്ഥിതി ഇങ്ങനെയെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും.

ശബരിമലയിൽ ഭക്തർ എത്തുന്നില്ലെന്ന ഒറ്റ കാരണമാണ് അടിസ്ഥാന സൗകര്യ പ്രശ്നത്തിൽ സർക്കാരും ദേവസ്വം ബോർഡും ഇപ്പോഴും പിടിച്ചുനിൽക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് നാലിൽ ഒന്ന് ഭക്തർ പോലും എത്താതിരിന്നിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സർക്കാർ കോടതിയിൽ നിന്നുൾപ്പടെ വിമർശനം ഏറ്റുവാങ്ങി കഴിഞ്ഞിരിക്കുന്നു. പമ്പയിലെ നവീകരണ പ്രവർത്തനങ്ങളിൽ പ്രളയത്തെ മുന്നിൽ നിറുത്തി തടിയൂരാമെങ്കിലും നിലയ്ക്കലും സന്നിധാനത്തും സ്ഥിതി അതല്ല. ബേസ് ക്യാമ്പായി മാറിയ നിലയ്ക്കലിൽ സർക്കാർ അതിനുവേണ്ട മുന്നൊരുക്കൾ നടത്തിയില്ല. പമ്പയിൽ നിന്ന് മലകയറുന്ന അയ്യപ്പ ഭക്തർക്ക് മരക്കൂട്ടം കഴിഞ്ഞാൽ പിന്നെ വിശ്രമിക്കാനാവുക മാളിക്കപ്പുറത്തെ ദർശനം കഴിഞ്ഞാണ്. തിരക്കില്ലാത്തതിനാൽ നിലവിൽ ഭക്തർക്ക് കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ലെന്ന് മാത്രം. ശബരിമലയിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഇനിയും തുടരുന്നതിൽ അർത്ഥമില്ല. മിഥ്യാ ധാരണകളിൽ നിന്നുകൊണ്ട് അയ്യപ്പ സന്നിധിയെ കലാപഭൂമിയായി കാണുന്ന ഓരോരുത്തരും യാഥാർത്ഥ്യം ഉൾക്കൊള്ളണം. അതിനൊപ്പം മനുഷ്യമനസിലേക്ക് വർഗീയത കുത്തിനിറയ്ക്കുന്ന കപട മതവാദികളേയും തിരിച്ചറിയണം. ജാതിമത ഭേദമന്യ സർവ പങ്കാളിത്തമുള്ള ഇത്തരമൊരിടത്തെ വർഗീയതയുടേയും രാഷ്ട്രീയ മുതലെടുപ്പിന്റെയും കുരിതക്കളമാക്കാൻ അനുവദിച്ച്കൂടാ. വീണ്ടും ആവർത്തിക്കുകയാണ് സമാധാനവും സാഹോദര്യവും തകർക്കുന്ന കുപ്രചരണങ്ങളിൽ വീണുപോകരുത്.

sabarimala

സാമൂഹ്യമാധ്യമങ്ങളിൽ കുത്തിയിരുന്ന് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നവർക്കും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അടപടലം പൊളിഞ്ഞ് പാളീസായി പുതിയ അടവ് തേടുന്ന നേതാക്കൾക്കും നല്ല നമസ്‌കാരം . ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് ആചാര സംരക്ഷണത്തിന് വേണ്ടിയിട്ടുള്ള ആരവങ്ങൾ അല്ല. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം രാഷ്ട്രീയ മുതലെടുപ്പിനുള്ള കൊലവിളിയാണ്. ഭക്തർ ഭക്തരായി എത്തി അയ്യനെ കണ്ട് മടങ്ങുമ്പോൾ മറ്റുചിലർ കടുത്ത അസന്തുഷ്ടരാണ്. ഒരു ബലിദാനിയെ എങ്കിലും സൃഷ്ടിക്കാനുള്ള പോരാട്ടത്തിലുമാണ്. സാമാന്യ ബുദ്ധിയെ ചൂഷണം ചെയ്യുന്ന ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുക തന്നെ വേണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS