ഹയർ സെക്കൻഡറി മേഖലയിലെ മനുഷ്യത്വരഹിതമായ പാഠ്യപദ്ധതിക്ക് അറുതി വരുമോ ?

എം.ജി.പ്രതീഷ് | Tuesday 04 December 2018 11:44 AM IST

school

നാല് വർഷം മുമ്പ് ഹയർസെക്കന്ററി മേഖലയിൽ സംഭവിച്ച ഒരു മാറ്റം കുട്ടികൾക്കിടയിൽ ഉണ്ടാക്കിയ മാനസിക ശാരീരിക സംഘർഷങ്ങൾ ചെറുതല്ല. രാവിലെ 9 മണിമുതൽ വൈകിട്ട് നാലേ മുക്കാൽ വരെ നീളുന്ന ഒമ്പത് പീരിയഡ്. അതിനിടയിൽ വിശ്രമിക്കാനോ ആഹാരം കഴിക്കാനോ മതിയായ സമയം ഇല്ല. ജയിൽ മുറിയിൽ ബന്ധിക്കപ്പെട്ടവരെ പോലെ കറേ ജീവനുകളാണോ വിദ്യാർത്ഥികൾ. അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ എല്ലായിപ്പോഴും വന്നുഭവിക്കുന്ന ഒരു മേഖലയാണ് പൊതുവിദ്യാഭ്യാസം രംഗം. കൃത്യമായ പഠനം നടത്താതെ എടുക്കുന്ന ഓരോ തീരുമാനങ്ങളും ദോഷകരമായി ബാധിക്കുക കുട്ടികളെ തന്നെയാണ്. അത്തരം ചില തുഗ്ലക് പരിഷ്‌കാരങ്ങളിലേയ്ക്കും അതുവരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളിലേയ്ക്കുമാണ് നേർക്കണ്ണിന്റെ ഇന്നത്തെ അന്വേഷണം.


ഹയർ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേരളസർക്കാർ നിയോഗിച്ച ലബ്ബാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രവൃത്തി ദിനങ്ങളായി പഠന സമയം പുനഃക്രമീകരിച്ചത്. എന്നാൽ ശനിയാഴ്ച അവധിയാക്കി മറ്റു ദിവസങ്ങളിലെ അദ്ധ്യയന സമയം വർദ്ധിപ്പിക്കുന്നതിന് മുമ്പ് ശാസ്ത്രീയമായ പഠനങ്ങളോ ഗൗരവമായ അന്വേഷണങ്ങളോ നടന്നിരുന്നില്ല. പുതുതായി അംഗീകരിച്ച സമയമാറ്റം ഒട്ടേറെ പ്രശ്നങ്ങളാണ് ഇവിടെ ഉയർത്തുന്നത്. ഏഴര മണിക്കൂർ സമയമാണ് വിദ്യാർത്ഥി സ്‌കൂളിൽ ഉണ്ടാകേണ്ടത്. ഇതിനിടയിൽ 5 മിനിട്ട് വീതമുള്ള രണ്ട് ഇടവേളകളും 35 മിനിട്ട് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. 10 അല്ലെങ്കിൽ ഒമ്പത് പിരീഡുകളിലായി ആറര മണിക്കൂർ സമയം വിദ്യാർത്ഥി ക്ലാസിലിരിക്കാൻ നിർബന്ധിതമാകുന്നു. ഇത് ഉയർത്തുന്ന ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രശ്നങ്ങൾ എവിടെയും ചർച്ചയാകുന്നില്ല. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനോ, സഹപാഠികളുമായി സൗഹൃദം പങ്ക് വെയ്ക്കുന്നതിനോ, പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനോ ഉള്ള അവസരം പുതിയ സമയക്രമം നിഷേധിക്കുന്നു.

വിദ്യാഭ്യാസം കുട്ടിക്ക് വേണ്ടിയുള്ളതോ അതോ അധ്യാപകർക്ക് വേണ്ടിയുള്ളതോ എന്ന ചോദ്യ
മാണ് ഇവിടെ ഉയരുന്നത്. അധ്യാപക സംഘടനകളുടെ നീണ്ടകാലത്തെ പോരാട്ടങ്ങളുടെ ഫലമായാണ് പുതിയ സമയക്രമം ചിട്ടപ്പെടുത്തിയത്. എന്നാൽ അത് സ്വയം വരുത്തിവച്ച വിനയായി മാറി. കോടികൾ പൊതുഖജനാവിൽ നിന്ന് വിനിയോഗിക്കുന്ന ഹയർസെക്കന്ററി മേഖലയിൽ ഗുണനിലവാരമുള്ളതും അർഹതപ്പെട്ടതുമായ വിദ്യാഭ്യാസമാണോ ഇന്ന് ലഭിക്കുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു.

ജൂൺ, ജൂലൈ മാസത്തിൽ രണ്ടാം വർഷ കുട്ടികൾക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ, പേപ്പർ വാല്യുവേഷൻ. സെപ്തംബർ മാസത്തിൽ ഒന്നാം പാദവാർഷിക പരീക്ഷ , തുടർന്ന് പത്ത് ദിവസത്തെ അവധി, രണ്ടാം ടേമിൽ കലാകായിക മേളകൾ, രണ്ടാം പാദവാർഷിക പരീക്ഷ, തുടർന്ന് പത്ത് ദിവസത്തെ അവധി, ഫെബ്രുവരി മാസം മോഡൽ പരീക്ഷ തുടർന്ന് മാർച്ചിൽ പൊതു പരീക്ഷ, ഇതിനിടെ കലണ്ടർ അവധികളും ഹർത്താലുകളും വേറെ. ഈ അവധി ദിവസങ്ങൾക്ക് കോമ്പൻസേഷനായി ശനിയാഴ്ച സർക്കാർ തന്നെ വർക്കിംഗ് ഡേ ആയി ഉത്തരവ് പുറത്തിറക്കുന്നു, എന്നാലും ഹയർ സെക്കണ്ടറി സ്‌കൂൾ ശനിയാഴ്ച ?മിക്കപ്പോഴും പ്രവർത്തിക്കാറില്ല.ഇതു സംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടർ ഉത്തരവ് ഇറക്കാറുമില്ല. 220 പ്രവർത്തിദിനങ്ങൾ കുട്ടികളുടെ അവകാശമാണ്. എന്നാൽ ശനിയാഴ്ച ക്ലാസ് നടത്താൻ അധ്യാപകരോ വിദ്യാഭ്യാസ വകപ്പോ തയ്യാറല്ല. ഇത് കൂടാതെ വർക്കിംഗ് ഡേയിൽ തന്നെ അധൃപകർക്ക് കോഴ്സ് നടത്തുന്നു, അപ്പോഴും കുട്ടികൾക്ക് ടീച്ചേഴ്സിനെ കിട്ടുന്നില്ല, അധ്യാപകരാകട്ടെ കിട്ടുന്ന സമയം കൊണ്ട് പാഠഭാഗങ്ങൾ തീർക്കുന്നു, ഈ അവസ്ഥയിൽ കുട്ടികൾക്ക് എങ്ങനെയാണ് പഠിക്കാൻ കഴിയുന്നത്? കോടികൾ പൊതു ഖജനാവിൽ നിന്ന് ചെലവിട്ട് നടത്തുന്ന ഈ വിദ്യാഭ്യാസം ഈ രീതിയിൽ ആണോ നടത്തേണ്ടത്. പഠനത്തിന് അപ്പുറം സാമൂഹ്യവൽക്കരണത്തിന് സഹായിക്കുന്ന അന്തരീക്ഷം അല്ല ഇന്ന് ഒരു സ്‌കൂളുകളിലും.

school

സൗഹൃദങ്ങൾ പങ്കുവയ്ക്കാനോ പാഠ്യേതര വിഷയങ്ങളിൽ പങ്കാളികളാകാനോ കുട്ടികൾക്ക് സാധിക്കുന്നില്ല. മാനസികവും ശാരീരികവുമായി സമ്മർദ്ദങ്ങൾക്കിടയിൽ പെട്ട് തന്റെ യഥാർത്ഥ കഴിവുകളേ പോലും മറച്ചുപിടിക്കാൻ കുട്ടികൾ നിർബന്ധിതരാവുകയാണ്.. കുട്ടികൾക്ക് സ്വതന്ത്രവും സൗഹാർദ്ദപരവുമായ ഒരു പഠനാന്തരീക്ഷം ഒരുക്കുന്നതിന് ഇപ്പോൾ വന്ന സമയമാറ്റം ഒരു തരത്തിലും ഗുണകരമാവില്ല. ബോധനരംഗത്തും പഠനരംഗത്തും കുട്ടികളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങ??ളാണ് ഇത് സൃഷ്ടിക്കുന്നത്. രാവിലെ തുടങ്ങുന്ന ക്ലാസുകളിൽ ഉത്സാഹത്തോടെ ഇരിക്കുന്ന കുട്ടികൾ ഏഴാം പീരിയഡ് ആകുന്നതോടെ അവശരായി തുടങ്ങും. ഈ അവസ്ഥയിലാണ് ഒമ്പതാം പീരിയഡ് വരെ ഇവിടെ പഠനം നീളുന്നത്. പാഠങ്ങൾ കൃത്യമായി ഉൾക്കൊള്ളുവാനോ അത് ഗ്രഹിക്കുവാനോ കുട്ടികൾക്ക് കഴിയാതെ പോകുന്നു.സ്‌കൂളിലെ ഈ പഠനഭാരത്തിന് പുറമെ ട്യൂഷൻ സെന്ററുകളിലും എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലും മണിക്കൂറുകൾ ചെലവിട്ട് വീട്ടിൽ എത്തുന്ന കുട്ടികളോട് വന്നുകയറിയാൽ ഉടൻ പഠിക്കാൻ നിർദ്ദേശിക്കുന്ന രക്ഷിതാക്കൾ ഈ മാനസിക സംഘർഷങ്ങൾ തിരിച്ചറിയുന്നണ്ടോ?

മാനസിക സമ്മർദ്ദങ്ങൾക്ക് അപ്പുറം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കൂടിയാണ് ഈ സമയക്രമം വഴിയൊരുക്കുന്നത്. . കൃത്യമല്ലാത്ത ആഹാരവ്യവസ്ഥയും മണിക്കൂറുകൾ നീളുന്ന ഒരേ ഇരിപ്പും കടുത്ത ആരോഗ്യ ശോഷണങ്ങളിൽ കൊണ്ട് എത്തിക്കുന്നു. ഇങ്ങനെ കൂട്ടിലടച്ചിട്ട് വളർത്തുന്നവരാണ് ചിലപ്പോൾ മോശം വ്യവഹാരങ്ങളിലേയ്ക്ക് അറിഞ്ഞോ അറിയാതെയോ എത്തപ്പെടുന്നത് പോലും. രാവിലെ ആറുമണിയോടെ ട്യൂഷൻ സെന്ററിലേക്കുള്ള ഓട്ടമാണ്. അവിടെ നിന്ന് സ്‌കൂളിലേയ്ക്ക്. വിശ്രമമില്ലാതെയുള്ള പഠനത്തിടെ കൃത്യമായി ആഹാരം കഴിക്കുന്ന കുട്ടികൾ ചുരുക്കമാണ്. മണിക്കൂറുകളോളം ക്ലാസിൽ ഒരേ ഇരിപ്പാണ്. അഞ്ചുമിനിട്ടുള്ള ഇടവേളകളിൽ പ്രാഥമിക കൃത്യങ്ങൾക്ക് പോലും സമയം ലഭിക്കാറില്ല. നാലേമുക്കാലോടെ സ്‌കൂളിൽ നിന്ന് വീട്ടിലേയ്‌ക്കോ ട്യൂഷൻ സെന്ററിലേയ്‌ക്കോ എൻട്രൻസ് കോച്ചിംഗിനോ വേണ്ടിയുള്ള ഓട്ടമാണ്. എല്ലാം കഴിഞ്ഞ് രാത്രിയോടെ വീട്ടിൽ എത്തിയാൽ അസൈമെന്റ്സും മറ്റ് ഹോംവർക്കുകളും ഇതിനിടയിൽ പഠിക്കാൻ സമയം ലഭിക്കാറു പോലുമില്ല. അതിലുപരി കുടുംബത്തോടൊപ്പം സമയം പങ്കിടാൻ കഴിയാതെ വരുന്ന സാഹചര്യവും. ഇത് ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു.

മലയോര മേഖലകളിലെ കുട്ടികൾ മണിക്കൂറുകൾ സഞ്ചരിച്ചാണ് സ്‌കൂളിലേക്ക് എത്തുന്നത്. നാലേമുക്കാൽ വരെ ക്ലാ്സ് നീളുന്നതോടെ പെൺകുട്ടികൾ ഉൾപ്പടെ വീട്ടിൽ എത്തുന്നത് രാത്രിയാണ്. കുട്ടികളുടെ സുരക്ഷ പോലും മാനിക്കാതെയുള്ള ഇത്തരം നടപടിയെ എങ്ങനെയാണ് ന്യായീകരിക്കാനാവുക.കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ അധ്യാപകർക്ക് ക്ലാസ് എന്ത് പ്രയോജനം. കുട്ടികളിൽ നിന്നുള്ള അഭിപ്രായം തേടുവാനോ അവർ നേരിടുന്ന സംഘർഷാവസ്ഥ മനസിലാക്കാനോ പലപ്പോഴും ആരും മെനക്കെടാറില്ല എന്നതാണ് യാഥാർത്ഥ്യം. ഇനി മറിച്ച് എതെങ്കിലും ഒരു കുട്ടി പരാതി പറഞ്ഞാൽ പോലും ലഭിക്കുന്ന മറുപടി മറ്റൊരു കുട്ടിയുമായി താരതമ്യപെടുത്തിയാകാം. പഠനഭാരവും മാനസിക സംഘർഷങ്ങളും പലപ്പോഴും മറ്റുള്ളവർ തിരിച്ചറിയാൻ ശ്രമിക്കാറില്ല. കുറച്ച് സമയം എങ്കിലും പാഠപുസ്തകങ്ങളിൽ നിന്ന് മാറി സമൂഹത്തിലേയ്ക്ക് തന്റെ മക്കളെ കൂട്ടിക്കൊണ്ട് പോകാൻ പല രക്ഷിതാക്കളും മുതിരാറുമില്ല.

mg-pratheesh

നേരിൽ കണ്ട് സംസാരിച്ച ഓരോകുട്ടികളും തങ്ങളുെട ഉള്ളിലെ സമ്മർദ്ദം തുറന്നുപറയുകയാണ് ഉണ്ടായത്. ഒരു പക്ഷേ ഇത്തരമൊരു അവസരം അവർക്ക് ആദ്യമായിരിക്കാം. പലകുട്ടികളും ഒന്നും തന്നെ പുറത്ത് പറയാതെ സമ്മർദ്ദം പേറി മുന്നോട്ട് പോവുകയാണ്. ഇനി പരാതി പറഞ്ഞാൽ പോലും മറ്റ് കുട്ടികൾക്കില്ലാത്ത ബുദ്ധിമുട്ട് നിനക്ക് എങ്ങനെ ചോദ്യമാകും ഉണ്ടാവുക. വിദ്യാർത്ഥികളുടെ ആരോഗ്യവും പഠന ക്ഷമതയും ഇല്ലാതാക്കിയുള്ള ഈ പരിഷ്‌കരണത്തിലൂടെ എന്ത് നേട്ടമാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. കുട്ടികളെ പോലെ തന്നെ അധ്യാപകരും കടുത്ത ജോലിഭാരം തന്നെയാണ് നേരിടുന്നത്. ഇത്തരം സാഹചര്യത്തിൽ ഭരണ സംവിധാനം പുനർചിന്തനത്തിന് വിധേയമാകേണ്ടതല്ലേ. മറിച്ച് ഒരു വിഭാഗം അധ്യാപകരുടേയും സ്ഥാപനങ്ങളുടേയും താൽപര്യങ്ങൾ സംരക്ഷിച്ച് കുട്ടികളെ വേട്ടയാടുന്നത് എന്തിനു വേണ്ടിയാണ്. ഈ സമ്പ്രിദായത്തിലൂടെ കുട്ടികളുടെ പ്രാഥമിക അവകാശങ്ങൾ ലംഘിക്കുകയാണ്. നേതാക്കൾ ഒന്ന് തുമ്മിയാൽ പഠിപ്പ് മുടക്കാൻ മുന്നിട്ടിറങ്ങുന്ന വിദ്യാർത്ഥി സംഘടനകൾ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്. അനാവശ്യ വിഷയങ്ങളുടെ പിറകെ ഓടുന്ന രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നേതാക്കളും ഈ കുട്ടികളെ കാണാതെ പോവുകയാണോ. ഇവർക്കായി സംസാരിക്കാൻ ആരാണുള്ളത്. വിദ്യാർത്ഥികൾക്ക് ആരോഗ്യകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഒപ്പം 220 പ്രവർത്തി ദിവസങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

ഇവിടെ നടക്കുന്ന ബാലാവകാശ ലംഘനങ്ങൾ അധികാരികൾ ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുത്. ആരോഗ്യമാണ് സമ്പത്ത് എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഉറക്കമുണർന്ന് യാഥാർത്ഥ്യം തിരിച്ചറിയണം. അധ്യാപകൻ കൂടിയായ വിദ്യാഭ്യാസമന്ത്രി അധ്യാപകനായി തന്നെ കുട്ടികളുടെ പ്രശന്ങ്ങൾ നോക്കി കാണാണം. ലോകത്ത് എങ്ങും തന്നെ ഇല്ലാത്ത മനുഷ്യത്വരഹിതമായ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന പ്രതീക്ഷയിൽ അവസാനിപ്പിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS