ഓട്ടോറിക്ഷയുടെ ആഡംബരങ്ങളില്ല, ലാളിത്യമുള്ള ഓർട്ടഷയ്ക്ക്. കണ്ണൂരിന്റെ നാട്ടിൻ പുറത്തിന്റെ നന്മയും നൈർമ്മല്യവും വിളിച്ചു പറയുകയാണ് ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെ രണ്ടാമത്തെ ചിത്രം 'ഓട്ടർഷ". ജെയിംസ് ആൻഡ് ആലീസിനു ശേഷം സുജിത് വാസുദേവ് നിർമ്മിച്ച് അദ്ദേഹം തന്നെ ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്ത ഓട്ടർഷയിലെ യാത്ര ഗട്ടറിൽ ചാടിക്കാതെ ലക്ഷ്യസ്ഥാനത്തെത്തിക്കും.
വാ ഓട്ടർഷ പിടിക്കാം
കണ്ണൂരിലെ ചന്തപ്പുര ഓട്ടോ സ്റ്റാൻഡിലെത്തി ഒരു ഓട്ടോ പിടിക്കണം. സ്റ്റാൻഡിലെ ഏക വനിതാ ഡ്രൈവറായ അനിതയുടെ (അനുശ്രീ) ഓട്ടോയിൽ കയറാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് ഓട്ടോക്കാർ മോശമായതുകൊണ്ടല്ല, ഓട്ടർഷയുടെ കഥ പറയേണ്ടത് അനിത തന്നെയാണ്. ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷയുമായി നിരത്തിലിറങ്ങിയതാണ് അനിത. മഹീന്ദ്രയുടെ പുതിയ ഓട്ടോയുമായി ചന്തപ്പുര സ്റ്റാൻഡിലെത്തുന്ന അനിതയെ ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ് സഹപ്രവർത്തകരായ ഓട്ടോ തൊഴിലാളികൾ. സ്നേഹം മാത്രം കൈമുതലായ ഓട്ടോ സഹപ്രവർത്തകർക്കൊപ്പം നന്മ വഴിയിലൂടെയാണ് ഓട്ടർഷയുടെ യാത്ര. പതിവ് ആണിടങ്ങളിലേക്കുള്ള പെണ്ണിന്റെ കടന്നുചെല്ലൽ കളിയാക്കലുകളില്ലാതെ ഏറെ പക്വതയോടെയാണ് ഓർട്ടഷ ആവിഷ്കരിക്കുന്നത്. നാട്ടിൻ പുറങ്ങളിലെ സ്ത്രീ ഓട്ടോ ഡ്രൈവറെ തങ്ങളിലൊരാളായി കാണുന്ന സഹപ്രവർത്തകരെക്കുറിച്ചും തന്നോളം പോന്നവളാണ് അവൾ എന്ന തിരിച്ചറിവുകളും ഓട്ടർഷ പങ്കുവയ്ക്കുന്നുണ്ട്.
വഴിപറയാം കഥകേൾക്കാം
അനിതയുടെ 'ഓട്ടർഷ' പിടിച്ചെങ്കിൽ വഴി പറയാം. കഥ അനിത പറയും. നാട്ടിലെ പ്രശ്നങ്ങളിലെല്ലാം ഇടപെടാനും പ്രശ്നം പരിഹരിക്കാനും വണ്ടിയിൽ കയറുന്ന യാത്രക്കാരെ കൃത്യ സ്ഥലത്തെത്തിക്കാനും ചന്തപ്പുരയിലെ ഓട്ടോക്കാർ മിടുക്കരാണ്. ആ യാത്രയിലേക്കാണ് അവർ അനിതയെയും ഒപ്പം കൂട്ടുന്നത്. കണ്ണൂരിന്റെ നാട്ടിൻ പുറത്തെ ജീവിതങ്ങളും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ ആദ്യ പകുതി ഒരു പരിചയപ്പെടുത്തലാണ്. രണ്ടാം പകുതിയോടെ അനിത എന്ന ഓട്ടോക്കാരി കേന്ദ്ര ബിന്ദുവാകുന്നു. അവൾക്ക് പറയാനുള്ളത് ഒരു പ്രതികാരത്തിന്റെ കഥയാണ്. ജീവിതം കൊണ്ട് തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ ജീവിതം കൊണ്ടുതന്നെ പടപൊരുതുന്ന അനിതയെ ഏറെ തന്മയത്വത്തോടെ അനുശ്രീ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. ഒപ്പം ടിനി ടോം, രാഹുൽ മാധവ്, സുബീഷ് സുധി, നസീർ സംക്രാന്തി, ജുനൈദ്, അമർ വികാസ് തുടങ്ങിയ താരങ്ങൾ കൂടി അണിനിരക്കുമ്പോൾ ഓട്ടർഷ യാത്ര ആസ്വാദ്യകരമാകുന്നു.
കണ്ണൂരിന്റെ ഓട്ടർഷ
കണ്ണൂർ ഭാഷയെ പൂർണമായി ആവിഷ്കരിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ ഇതിനോടകം മലയാളത്തിൽ ഇറങ്ങിയെങ്കിലും വീണ്ടും ഒരു കണ്ണൂർ ഭാഷാ പരീക്ഷണം വിജയം കാണുന്നു. അഭിനേതാക്കളിലേറെയും കണ്ണൂരിൽ നിന്നുള്ളവരാകുമ്പോൾ സംഭാഷണങ്ങളിൽ സത്യസന്ധത പുലർത്താൻ ചിത്രത്തിന് കഴിയുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്രിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സ്നേഹ പലിയേരിയുടെ ശബ്ദം അനിതയെ പൂർണതയിലെത്തിക്കുന്നു. എന്നാൽ ചില രംഗങ്ങളിൽ തമാശകൾക്കുവേണ്ടി ഭാഷാപ്രയോഗങ്ങൾ മുഴപ്പിച്ചു കാട്ടുമ്പോൾ കല്ലുകടിയാകുന്നുമുണ്ട്. ഓട്ടർഷയുടെ സംഭവ വികാസങ്ങൾ നടക്കുന്നത് പയ്യന്നൂരിനെ ചുറ്റിപ്പറ്റിയാണ്. പയ്യന്നൂരും പരിസരപ്രദേശങ്ങളും കഥയ്ക്ക് പശ്ചാത്തലമാകുന്നതിനൊപ്പം നാടിന്റെ പ്രാദേശികതയെയും കൃത്യമായി ഉപയോഗപ്പെടുത്താൻ ഓട്ടർഷ ശ്രമിക്കുന്നുണ്ട്. കണ്ണൂരിൽ തന്നെ നടക്കുന്ന രണ്ട് സംഭവ വികാസങ്ങളെ കോർത്തിണക്കാനുള്ള ചിത്രത്തിന്റെ ശ്രമം പ്രേക്ഷകരിൽ ചില ചോദ്യങ്ങൾ ചിലപ്പോൾ ബാക്കിയായേക്കും.
മീറ്റർ ചാർജ് മാത്രം
അത്യാഡംബരങ്ങളില്ലാത്ത ഓട്ടോ യാത്രപോലെ ഓട്ടർഷയുടെ കഥയും പുറത്തെ തനി നാടൻ കാഴ്ചകളും വളരെ ലളിതമാണ്. രണ്ടേകാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഓട്ടോ യാത്ര അമിത പ്രതീക്ഷകളില്ലാതെ ആസ്വദിച്ച് ഇറങ്ങിവരാം. സുജിത് വാസുദേവിന്റെ തന്നെ കാമറ നൽകുന്ന റിയലിസ്റ്രിക് കാഴ്ചകൾ ചിത്രത്തെ ഏറെ ലളിതമാക്കുന്നു. സൂപ്പർ താരനിരയെ മാറ്രി നിറുത്തിയുള്ള കാസ്റ്രിംഗ് കഥയുടെ മാറ്രു കൂട്ടുന്നുണ്ട്.
പാക്കപ്പ് പീസ്: ഇതൊരു അതിലളിത ഓട്ടോ സവാരി