കണ്ണൂർ: ജില്ലയിൽ വിവിധ ഭാഗങ്ങളിലെ വോട്ടിംഗ് മെഷീൻ രാവിലെ തന്നെ പണിമുടക്കിയത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വോട്ട് ചെയ്യാൻ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വോട്ടിംഗ് യന്ത്രം തകരാറിലായതോടെ വോട്ടർമാർ മണിക്കൂറുകളോളം ക്യൂവിൽ കാത്ത് നിൽക്കേണ്ടി വന്നു.
പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തകരാർ മൂലം പല ബൂത്തുകളിലും പോളിംഗ് തടസപ്പെട്ടു. സ്മോക്ക് പോളിംഗിൽ തകരാർ കണ്ടതിനെ തുടർന്ന് പലയിടങ്ങളിലും വോട്ടിംഗ് മെഷീൻ മാറ്റിയാണ് വോട്ടിടൽ തുടങ്ങാനായത്. പേരാവൂർ മണ്ഡലത്തിലെ ആറളം 98ാം നമ്പർ ബൂത്തിലും ഇരിക്കൂർ മണ്ഡലത്തിലെ പുറവയലിൽ 183ാം നമ്പർ ബൂത്തിലും വോട്ടിംഗ് മെഷീൻ പണിമുടക്കി. തകരാറ് പരിഹരിച്ച് ഒരു മണിക്കൂറോളം വൈകിയാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്. ചെങ്ങളായി മാപ്പിള എൽ.പി സ്കൂൾ എഴുപതാം നമ്പർ ബൂത്ത്, ശീകണ്ഠപുരം ഹൈസ്കൂളിലെ 109ാം നമ്പർ ബൂത്ത്, കൊളച്ചേരി പഞ്ചായത്തിലെ നണിയൂർ 161ാം നമ്പർ ബൂത്ത്, പാട്ടയം 164ാം നമ്പർ ബൂത്ത്, കുന്നരു കാരന്താട് യു.പി സ്കൂളിലെ 124ാം ബൂത്ത്, രാമന്തളി ഗവ. ഹൈസ്കൂളിലെ 120ാം ബൂത്ത് തുടങ്ങി വിവിധയിടങ്ങളിൽ വോട്ടിംഗ് മെഷീന് പണിമുടക്കി. ചിലയിടങ്ങളിൽ രണ്ടു മെഷീനുകൾ മാറ്റിയിട്ടും തകരാർ പരിഹരിക്കാനാവാതെ വന്നതിനെ തുടർന്ന് മൂന്നാമത്തെ മെഷീൻ വച്ചാണ് പ്രശ്നം പരിഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |