പൊന്നാനിയിലെ ശലഭങ്ങൾ

Tuesday 18 December 2018 6:29 PM IST
education

പൊന്നാനി: "നമ്മൾ ഇന്നലെ പഠിപ്പിച്ച പോലെ തന്നെയാണ് ഇന്നും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് എങ്കിൽ, നമ്മൾ ഇല്ലാതെയാക്കുന്നത് അവരുടെ നാളെകളെയാണ് " ജോൺ ഡ്യൂയിയുടെ പ്രശസ്തമായ ഒരു വാചകമാണ്. മറ്റെല്ലാ മേഖലകളുമെന്ന പോലെ വിദ്യാഭ്യാസവും തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തെല്ലായിടത്തും ഈ മാറ്റം പ്രകടവുമാണ്. പൂർണ്ണമായും വിദ്യാർത്ഥി കേന്ദ്രീകൃതമായ രീതികൾ സ്വീകരിക്കുന്ന ഫിൻലാൻഡും, പൂർണ്ണമായും അധ്യാപന കേന്ദ്രീകൃതമായ രീതിയിലുള്ള സിംഗപ്പൂരും ചില ഉദാഹരണങ്ങളാണ്.

കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയയിൽ ആശാവഹമായ മാറ്റങ്ങൾക്ക് തിരികൊളുത്തുകയാണ് കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റ ഈ ദർശനം ഉൾക്കൊണ്ട് കൊണ്ട് പൊന്നാനിയിൽ നടപ്പിലാവുന്ന സമഗ്രമായ പദ്ധതിയാണ് ബട്ടർഫ്ളൈസ് അറ്റ് പൊന്നാനി. പൊന്നാനിയുടെ പ്രിയപ്പെട്ട എം എൽ എ യും, കേരളത്തിന്റെ നിയമസഭാ സ്പീക്കറുമായ ശ്രീ.പി ശ്രീരാമകൃഷ്ണന്റെ മാർഗ്ഗനിർദ്ദേശത്തിലാണ് പ്രസ്തുത പദ്ധതി നടപ്പിലാവുന്നത്.

നേതൃത്വങ്ങളുടെ വികസന സങ്കല്പങ്ങളിൽ നിന്ന് പലപ്പോഴും വഴുതിപ്പോവുകയോ പരിഗണിക്കപ്പെടാതെ മറക്കുകയോ ചെയ്യുന്ന വിദ്യാഭ്യാസമെന്ന മേഖലയെ കൂടുതൽ ശ്രദ്ധ നൽകി ശക്തിപ്പെടുത്തുക എന്നത് അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയാണ്. എന്തെങ്കിലും ഇടപെടൽ നടത്തുക എന്നുള്ളതിൽ കവിഞ്ഞ് വിദ്യാർത്ഥികളുടെ ഭാവിയിലേക്ക് കരുതലാകുന്ന തുടർച്ചയായ ഇടപെടൽ പദ്ധതിയാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഇങ്ങനെ നിലവിൽ വന്ന പദ്ധതിയാണ് ബട്ടർഫ്ലൈസ് @ പൊന്നാനി. പരീക്ഷയിൽ ഉന്നതമായ വിജയം കരസ്ഥമാക്കി ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങുന്ന വാർപ്പു മനുഷ്യരെയല്ല, മറിച്ച് പഠിക്കാൻ പഠിക്കുന്ന, മാനുഷികമൂല്യങ്ങളെയും പൗരത്വത്തെയും സംബന്ധിച്ച് ധാരണയുള്ള ഒരു ഭാവി തലമുറയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്..

ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന്‍റെ കുത്തകയായി നിലനിന്ന വിദ്യാഭ്യാസം ഇന്ന് എല്ലാവരുടേയും അടിസ്ഥാന അവകാശമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം ഉന്നതമായ അക്കാദമിക നിലവാരം കൊണ്ടും എല്ലാ ജനവിഭാഗങ്ങളുടെയും സാന്നിധ്യം കൊണ്ടും സമ്പന്നമാണ്. അതിനാൽ തന്നെ പൊതുവിദ്യാഭ്യാസ രംഗത്താണ് ബട്ടർഫ്ലൈസ്‌ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

വിമർശനബുദ്ധിയോടെ ചുറ്റുപാടിനെ സമീപിക്കുന്ന ഒരു തലമുറയെയാണ് ഇൗ പദ്ധതി ലക്ഷ്യം വെക്കുന്നത്. പരീക്ഷക്കപ്പുറം ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെ കൂടി വിദ്യാഭ്യാസം സ്വാധീനിക്കേണ്ടതിന്റെ ആവശ്യകതയെ ബട്ടർഫ്ലൈസ്‌ മുന്നോട്ട് വെക്കുന്നു. അതിനുപയുക്തമാകും വിധം ദീർഘ ദൃഷ്ടിയോടെ ശാസ്ത്രീയമായി തയാറാക്കുന്ന മൊഡ്യൂളുകളാണ് ഇൗ പദ്ധതിയെ വ്യത്യസ്തമാക്കുന്നതും. അടിസ്ഥാന ധാരണകളിൽ വ്യത്യസ്തത വരുത്തുക വഴി ജീവിതത്തെ തന്നെ സമഗ്രമായി മാറ്റാൻ കുട്ടികൾക്ക് സ്വയം ആർജവം നൽകുന്ന വിധമാണ് മൊഡ്യൂളുകൾ രൂപകല്പന ചെയ്യുന്നത്.

കുട്ടികൾക്ക് മാത്രമല്ല, കുട്ടികളോട് ഇടപെടേണ്ടി വരുന്ന അധ്യാപകരെയും രക്ഷകർത്താക്കളെയും ഉൾപ്പെടുത്തുന്ന പതിനാറോളം വ്യത്യസ്തമായ മൊഡ്യൂളുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്നത്. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തെ മുൻനിർത്തി, അവരുടെ പഠന വ്യവസ്ഥയെ മുഴുവനായും സഹായിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്. അവരുടെ നിർദ്ധാരണശേഷി, വിമര്ശനബുദ്ധി, ആശയവിനിമയശേഷി എന്നീ അടിസ്ഥാന കഴിവുകളെ പോഷിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന സാമഗ്രികൾ ലഭ്യമാക്കുക എന്നതിലുപരി, അടിസ്ഥാന ആശയങ്ങളെ ഉറപ്പിക്കാൻ സഹായിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യം തന്നെ.

പദ്ധതി പ്രയോഗത്തിൽ വരുന്നതിന്റെ ഭാഗമായി, സ്കൂളുകളുടെ വ്യക്തിഗത ആവശ്യങ്ങളെ പരിഗണിച്ച്, തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ സയൻസ് റിസോഴ്‌സ് സെന്റർ സ്ഥാപിക്കുന്നതാണ്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പ് വരുത്തുന്നതിനായുള്ള എല്ലാത്തരം പ്രവർത്തനങ്ങളും സയൻസ് റിസോഴ്സ് സെന്ററിലൂടെ നിർവ്വഹിക്കപ്പെടും. വിദ്യാർത്ഥികളുടെ അഭിരുചികളും പഠനനിലവാരവും പരിഗണിച്ച് വിവിധങ്ങളായ ഇടപെടലുകൾ നടത്തുന്നതിനും, ഓൺലൈൻ ഓഫ്ലൈൻ റിസോഴ്സുകൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിനും സയൻസ് റിസോഴ്സ് സെൻററിലൂടെ സാധിക്കുന്നു.

പദ്ധതിയുടെ ഭാഗമായി ആദ്യമായി നടപ്പിലാക്കുന്നത് ഡിജിറ്റൽ പൗരത്വവുമായി ബന്ധപ്പെട്ട ‘ഡിജിറ്റൽ സാപ്പിയൻസ്’ മൊഡ്യൂളാണ്. നമ്മുടെ കുട്ടികൾ ഓൺലൈൻ ലോകത്തിൽ എവിടെ എന്നറിയാതെ സ്വയം ഇടങ്ങൾ കണ്ടെത്തുമ്പോൾ ഭയത്തോടും സംശയ ദൃഷ്ടിയോടും മാത്രം അവരോട് ഇടപെടാൻ തോന്നുന്ന മുതിർന്നവരുടെ ലോകത്തിൽ, കുട്ടികളെ ഉപയോഗത്തിൽ നിന്ന് തടയാലാണോ ഫലപ്രദമായ മാർഗം? ഡിജിറ്റൽ സാപിയൻസ്‌ വർക്ക്‌ഷോപ്പിലൂടെ, അനിവാര്യമായി കഴിഞ്ഞ ഓൺലൈൻ സാന്നിദ്ധ്യം എങ്ങനെ സമർത്ഥമായി, ഉത്തരവാദിത്വത്തോടെ ക്രിയാത്മകമായി നടപ്പിലാക്കണം എന്നാണ് കുട്ടികൾക്ക് ധാരണ നൽകുന്നത്. പഠനാവശ്യങ്ങൾക്കായി ഫലപ്രദമായി ഉപയോഗിക്കാനാവുന്ന ഡിജിറ്റൽ റിസോഴ്സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനും തദ്വാരാ അവരുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും ഉതകുന്ന വിധത്തിലാണ് ഈ മൊഡ്യൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നേരിട്ട് ഡിജിറ്റൽ ഉപയോഗ സാധ്യത നൽകിയും, രസകരമായ പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും ഡിജിറ്റൽ ലോക മര്യാദകളും നിയമങ്ങളും പങ്കു വെച്ചും ഡിജിറ്റൽ പൗര ബോധം നിർമിക്കുകയാണ് ബട്ടർഫ്‌ളൈസ്.

സംശയാസ്പദമായ സാഹചര്യങ്ങളിൽ അകപ്പെടുകയോ , സങ്കീർണമായ പ്രശ്നങ്ങളിൽപ്പെടുകയോ ചെയ്‌താൽ എന്ത് ചെയ്യണം എന്ന് ധാരണയില്ലാതെ പകച്ചു നിൽക്കുന്നവരാകരുത് നമ്മുടെ കുട്ടികൾ. ക്രിയാത്മകമായി വിഷയങ്ങളിൽ ഇടപെടാനും പ്രശ്നങ്ങൾ പരിഹരിക്കാനും കഴിവുള്ളരാവണം അവർ..“പൊന്നാനിയിലെ ശലഭങ്ങൾ" പദ്ധതിയിലൂടെ വിദൂര ഭാവിയിലേക്ക് കരുതലോടെ പറക്കുന്ന ഒരു യുവതലമുറയെ പൊന്നാനി മണ്ഡലത്തിന്റെ അതിരുകൾക്കുള്ളിൽ വിരിയിച്ചെടുക്കാൻ കഴിയും എന്ന് പ്രത്യാശിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE