ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വലിയ ഭാഗം ചെലവഴിക്കുന്ന ഒരിടമാണ് വീട്. വീടുകൾക്ക് മോടി കൂട്ടുന്ന പ്രധാനപ്പെട്ട ഒരുഭാഗമാണ് വീടുകളുടെ നിറങ്ങൾ. ചില പ്രത്യേക നിറങ്ങൾക്ക് മനുഷ്യരിൽ സവിശേഷമായ വികാരങ്ങൾ ജനിപ്പിക്കാൻ സാധിക്കും. ചില നിറങ്ങൾ ഒരു പോസിറ്റീവ് എനർജി തന്നെ ഉണ്ടാക്കാറുണ്ട്.
തീക്ഷ്ണത കൂടിയതും കുറഞ്ഞതുമായ നിറങ്ങളുണ്ട്. അതായത് കൂൾ കളേഴ്സും വാം കളേഴ്സും. ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്റെ നിറവും.
ജീവിതത്തിൽ പ്രണയവും ഇണക്കവും പിണക്കവും വാത്സല്യവും ഉടലെടുക്കുന്നത് കിടപ്പുമുറികളിൽ നിന്നാണ്.
കിടപ്പുമുറിയിൽ റൊമാന്റിക് നിറങ്ങളാണ് പലരും തിരഞ്ഞെടുക്കാറുള്ളത്. ഓരോ ബന്ധങ്ങളുടെയും കെട്ടുറപ്പ് ദൃഢമാക്കുന്നതിന് കിടപ്പു മുറിക്ക് വലിയ പങ്കുണ്ട്. സമാധാനവും ശാന്തതയും പ്രണയവും നിറയുന്ന ഇടമായിരിക്കണം ഓരോ കിടപ്പു മുറിയും. തീവ്ര പ്രണയത്തിന്റെ നിറമായ ചുവപ്പ് കിടപ്പറയ്ക്കു നല്കുന്ന ഉണർവ് വലുതാണ്. വീട്ടിലെ ഗൃഹനാഥന്റെ മുറി എപ്പോഴും നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഒരിടമായിരിക്കും. അതിനാൽ ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ കഴിയുന്ന നിറം എന്ന നിലയിൽ ചുവപ്പ് നിറം ഇവിടെ ഉപയോഗിക്കാം.
മുറിയിലെ ഊർജത്തിന്റെ നില വർദ്ധിപ്പിക്കാൻ ചുവപ്പ് നിറം സഹായിക്കുന്നു. അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിനും ചുവപ്പ് സഹായിക്കുന്നു. എക്സൈറ്റ്മെന്റ്, പ്രണയം, അനുകമ്പ തുടങ്ങിയ ചിന്തകളെയും വികാരങ്ങളെയും ചുവന്ന നിറം ഉദ്ദീപിപ്പിക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള സംസാരം പെട്ടന്ന് മടുക്കാതിരിക്കാനും ഭിത്തികളിലെ ചുവന്നനിറം കാരണമാകുന്നു.
മാത്രമല്ല വീടിന്റെ ഭംഗിക്കും മറ്റുള്ള വ്യക്തികളെ ആകർഷിക്കുന്നതിനും ഉതകുന്നതാണ് ചുവന്ന നിറത്തിലുള്ള പെയിന്റ്. ബി.പി നോർമലായി നിലനിർത്തുക, ഹൃദയത്തിന്റെ ആരോഗ്യം കാക്കുക തുടങ്ങിയവയ്ക്കും ചുവപ്പ് നിറം ഫലപ്രദമാണ്. ഇളം പ്രകാശത്തിൽ ചുവന്ന ഭിത്തികൾ മനസിന് കൂടുതൽ ശാന്തതയും പ്രണയവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.
പർപ്പിൾ, സിൽവർ, ചോക്ലേറ്റ് ബ്രൗൺ, എന്നീ നിറങ്ങൾ വികാരങ്ങളെ സ്വാധീനിക്കുന്നവയാണ്. ഈ നിറങ്ങളും കിടപ്പു മുറിയിൽ ഉപയോഗിക്കുന്നവരുണ്ട്.