തോമാച്ചായന്റെ റെയ്ബാൻ ഗ്ലാസില്ല, പക്ഷേ സ്‌ഫടികത്തിന്റെ സൗന്ദര്യമുണ്ട് ഈ വീടിന്

Monday 03 December 2018 2:58 PM IST
bhadran

'സ്‌ഫടിക'മെന്ന ഒറ്റ ചിത്രം മതി മലയാളിക്ക് ഭദ്രനെ ഒാർത്തെടുക്കാൻ. സംവിധാനം ചെയ്‌ത സിനിമകൾ പോലെ തന്നെ അദ്ദേഹത്തിന്റെ വീടിനും ഒരു ഭദ്രൻ ടച്ചുണ്ട്. മീനച്ചിലാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ സ്ഥലത്താണ് ഭദ്രന്റെ വീട് സ്ഥിതി ചെയ്യുന്നത്. കോട്ടയം പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളി കഴിഞ്ഞുള്ള വഴിയിൽ മീനച്ചിലാറിന് അഭിമുഖമായിട്ടാണ് മാട്ടേൽ എന്ന് പേരിട്ട വീട് സ്ഥിതി ചെയ്യുന്നത്. പുഴയ്‌ക്കരികിൽ നിന്ന് കരയ്‌ക്ക് വീശുന്ന തണുത്ത കാറ്റാണ് അതിഥികളെ അകത്തേക്ക് ക്ഷണിക്കുന്നത്.

bhadran

കേരളത്തിലെ കാലാവസ്ഥയ്‌ക്കനുസരിച്ചാണ് വീടിന്റെ നിർമാണ ശെെലി. ചൂട് കാലാവസ്ഥയിൽ നിന്നും തണുപ്പേകാൻ ഒാട് മേഞ്ഞതാണ് വീടിന്റെ മേൽക്കൂര. ഒപ്പം നിർമാണത്തിനായി ഉപയോഗിച്ചത് കരിങ്കല്ലുകൂടിയാകുമ്പോൾ വീടിനുള്ളിലെ കാലാവസ്ഥ വേറെതന്നെയാണ്. ഗെയ്റ്റിൽ നിന്നും വീട്ടിലേക്ക് കയറി വരുന്ന അതിഥിയെ ആകർഷിക്കുന്നതാണ് കിണർ. ജിറാഫിന്റെ തലയാകൃതിയിലാണ് കിണറിന്റെ തൂണ് രൂപകല്‌പന ചെയ്‌തിരിക്കുന്നത്.

bhadran

തികച്ചും കേരളത്തിന്റെ പരമ്പരാഗത ശൈലിയിലാണ് നിർമാണം. 3 ഏക്കർ സ്ഥലത്ത് 55 സെന്റിൽ 6000 സ്ക്വയർ ഫീറ്റ് വിസ്‌തീർണത്തിലാണ് വീട് പണി കഴിപ്പിച്ചത്. ഫർണിച്ചറുകളും ഏറെ വ്യത്യസ്‌തമാണ്. സ്ഥിരം കണ്ടുമടുത്ത ഡിസെെനുകളിൽ നിന്നും മാറി വ്യത്യസ്‌തമായാണ് മേശകളുടെയും കസേരകളുടെയും ഡിസെെനുകൾ. വാതിലിനും ജനാലയ്‌ക്കുമെല്ലാം റോസ് വുഡ്, തേക്ക്, ആഞ്ഞിലി, കുഞ്ഞുവാക എന്നീ തടികളാണ് നിർമാണത്തിന് ഉപയോഗിച്ചത്. ചൂരൽക്കൊണ്ട് നിർമിച്ച കസേരയും കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്.

bhadran

ഡൈനിംഗ് ടേബിളിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത ക്രിസ്‌തു അഞ്ച് അപ്പം കൊണ്ട് 5000 പേരെ ഊട്ടുന്ന ചിത്രം ആരെയും ആകർഷിക്കുന്നതാണ്. നന്ദു എന്ന കലാകാരനാണ് ഈ ചിത്രം ഭദ്രന് വരച്ച് നൽകിയത്. എല്ലാം വളരെ അടുക്കും ചിട്ടയോടുകൂടിയും ക്രമീകരിച്ചിരിക്കുന്നു. 2007ൽ തുടങ്ങിയ വീടിന്റെ പണി പൂർത്തീകരിച്ചത് 2012ലാണ്. വീടിന്റെ ഏത് ഭാഗത്ത് നിന്നു നോക്കിയാലും മീനച്ചിലാർ സൗന്ദര്യം ആസ്വദിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

bhadran

വിവധ ഭാഗങ്ങളിലായി 12 സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട് എന്നതും വീടിന്റെ പ്രത്യേകതയാണ്. നാല് കിടപ്പുമുറികൾ, അടുക്കള, തിയേറ്റർ റൂം, വർക്ക് ഏരിയ, ബാൽക്കണി, ലൈബ്രറി എന്നിവയും ഭംഗിയായി ഒരുക്കിയിട്ടുണ്ട്. പ്രശസ്‌ത വാസ്‌തു ആചാര്യൻ കാണിപ്പയ്യൂരാണ് വീടിന് സ്ഥാനം നിർണയിച്ചത്. എം.എം .ജോസാണ് വീടിന്റെ ആർക്കിടെക്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE