അണിഞ്ഞൊരുങ്ങി നാണം കുണുങ്ങിവരുന്ന കല്യാണപ്പെണ്ണിനെ കാണാൻ ആകാംക്ഷയും ഉത്സാഹവുമുണ്ടാകും. ആ മനസോടെയാണ് ആസ്ട്രേലിയയിലെ ഫിലിപ്പ് ഐലൻഡിൽ ആയിരക്കണക്കിനാളുകളുടെ കാത്തിരിപ്പ്. കടലിൽ നിന്ന് പെൻഗ്വിൻ പക്ഷികൾ കുണുങ്ങിക്കുണുങ്ങി കരയിലേക്ക് വരുന്ന മുഹൂർത്തം കാത്തിരിക്കുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ.
ആസ്ട്രേലിയയിലെ മുഖ്യവിനോദ സഞ്ചാര കേന്ദ്രമാണ് ഫിലിപ്പ് ഐലൻഡ്. ജനസംഖ്യ കഷ്ടിച്ച് ഏഴായിരം. സന്ധ്യമയങ്ങി കഴിഞ്ഞശേഷമുള്ള പെൻഗ്വിൻ പരേഡ് കാണാനെത്തുന്നവരുടെ സംഖ്യ ഓരോ വർഷവും കൂടിക്കൂടി വരുന്നു. പെൻഗ്വിനുകളുടെ തൂവൽതൂലിക സഞ്ചാരികളെ ക്ഷണിക്കുന്നുണ്ടാകണം.
ബ്രിസ്ബൺ, മെൽബൺ, സിഡ്നി, ന്യൂ കാസിൽ, പരമാട്ട തുടങ്ങിയ ആസ്ട്രേലിയൻ നഗരങ്ങളെല്ലാം കടൽത്തീരത്താണ്. മെൽബൺ നഗരത്തിൽ നിന്ന് മൂന്നുമണിക്കൂറോളം യാത്രയുണ്ട് ഫിലിപ്പ് ഐലൻഡിലേക്ക്. പെൻഗ്വിൻ പരേഡ് നടക്കുന്ന ബീച്ചിനു പുറമേ കോലാ കൺസർവേഷൻ സെന്റർ ചർച്ചിൽ ഐലൻഡ് എന്നിവയും മുഖ്യകാഴ്ചകൾ.
മെൽബൺ വിട്ട് ഫിലിപ്പ് ഐലൻഡിലേക്കുള്ള യാത്രയിൽ ഭൂമിയുടെ അതിശയിപ്പിക്കുന്ന ഹൃദയവിശാലത കാണാം. പച്ചക്കുന്നുകളും പുൽപ്പാടങ്ങളും മരതകമണിഞ്ഞ താഴ്വരകളും. ബസിൽ സഞ്ചരിക്കുമ്പോഴും വിമാനയാത്രയെന്നേ തോന്നൂ. ഒരു കുലുക്കവുമില്ല. കറുത്ത സാരി പോലെ നീണ്ടുപോകുന്ന മിനുസമുള്ള റോഡ്. ഇരുവശത്തും ചെമ്മരിയാടുകളും പശുക്കളുംമേഞ്ഞു നടക്കുന്നു.
ബസിലായാലും സീറ്റ് ബെൽറ്റ് നിർബന്ധം. തെറ്റിച്ചാൽ പിഴയുമുണ്ട്. പതിനൊന്നായിരത്തോളം രൂപ. ആസ്ട്രേലിയൻ ഡോളറിന് നമ്മുടെ അമ്പത്തഞ്ചോളം രൂപയുടെ മൂല്യം. ട്രാഫിക് നിയമങ്ങൾ വളരെ കർശനമാണ്. അതിന്റെ ഗുണം പ്രകടം. സിഗ്നലുകൾകാത്ത് ക്ഷമയോടെ നിശ്ചിത അകലം പാലിച്ച് കിടക്കുന്ന വാഹനങ്ങൾ. ഹോണടിയും ഓവർടേക്കിംഗും ഇല്ല. റോഡ് മുറിച്ചുകടക്കാൻ സൗമനസ്യത്തോടെ വലിയ വാഹനങ്ങളിലെ ഡ്രൈവർ അനുവദിക്കും. ബസിനകം വൃത്തികേടായാൽ പിഴ ഡ്രൈവർക്കായിരിക്കും.
സ്വാമി ഋതഭംരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ആസ്ട്രേലിയൻ യാത്രയിൽ പങ്കെടുത്തവരിൽ അധികവും മുമ്പ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഗുരുധർമ്മ പ്രചരണസഭ സംഘടിപ്പിച്ച യാത്രയിൽ പങ്കെടുത്തവർ. ഗുരുദേവന്റെ അരുളും പൊരുളും മറ്റു രാജ്യക്കാർ ഭംഗിയായി നടപ്പാക്കുന്നു. നമുക്ക് അവർക്കൊപ്പമെത്താൻ മാരത്തോൺ ഓട്ടം വേണ്ടിവരുമെന്ന് സ്വാമി ഗുരുപ്രസാദ്. ഗുരുദേവൻ നമ്മുടെ നാവിലും കാതിലും മാത്രം. കർമ്മം ചെയ്യേണ്ട കൈകളിലെത്തിയിട്ടില്ലെന്ന് സ്വാമി ഋതംഭരാനന്ദ.
പെൻഗ്വിൻ പരേഡ്
ഫിലിപ്പ് ഐലൻഡിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളും സൗകര്യങ്ങളും അതിശയിപ്പിച്ചു. വിശാലമായ പാർക്കിംഗ്, വൃത്തിയും വെടിപ്പുമുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ. അന്താരാഷ്ട്ര ടൂറിസ്റ്റു കേന്ദ്രമെന്ന പദവിയുള്ള കോവളത്ത് നമ്മൾ വിദേശികൾക്ക് നൽകുന്ന സൗകര്യങ്ങൾ എത്രയോ തുച്ഛം. സായാഹ്നത്തിലും മൂന്നാറിലും ഊട്ടിയിലും നിൽക്കുന്ന പ്രതീതി. കസവുകരയുള്ള വെയിൽ. ഇളം തൂവലുരുമ്മുന്ന തണുപ്പ്.
പെൻഗ്വിൻ പരേഡ് കാണാൻ ടിക്കറ്റെടുക്കണം. കാഴ്ചയ്ക്കായി ഏഴരയ്ക്ക് മുമ്പെത്തണമെന്ന് ടിക്കറ്റിലുണ്ട്. കാണികൾക്കായി പ്രത്യേക ഇരിപ്പിടങ്ങൾ. സർക്കസ് ഗ്യാലറി പോലെ. അവിടേക്കെത്താൻ മരം കൊണ്ടുള്ള നടപ്പാത. പാതയ്ക്കിരുവശവും കുറ്റിക്കാടുകൾ. പെൻഗ്വിനുകളുടെ ക്വാർട്ടേഴ്സുകളാണവ. കാറ്റിൽ പെൻഗ്വിനുകളുടെ തൂവൽ മണം. നീലയും പച്ചയും കലർന്ന കടൽ. പെൻഗ്വിനുകളെ അടുത്തുകാണാനും ഫോട്ടോയെടുക്കാനും തീരത്തോട് ചേർന്ന ഇരിപ്പിടങ്ങൾ സ്വന്തമാക്കാൻ മത്സരം. കുട്ടികൾക്കാണ് കൂടുതൽ ഉത്സാഹം. പ്രണയചാപല്യങ്ങളിലും ചേഷ്ടകളിലും മുഴുകിയവരും ധാരാളം. സന്ധ്യമയങ്ങിയപ്പോൾ കടൽകൊക്കുകളും വലിപ്പമാർന്ന പ്രാവുകളും തിരകളോട് സല്ലപിക്കാനെത്തി. പെൻഗ്വിൻ പരേഡിനു മുമ്പ് തങ്ങളുടെ പരേഡ് കണ്ടോ എന്ന മട്ടാണവയ്ക്ക്. പെൻഗ്വിൻ പരേഡ് കാണാൻ കാത്തിരിക്കുമ്പോൾ കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, പ്രശസ്ത ഫോട്ടോഗ്രാഫർ ബാലൻ മാധവൻ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്റാർട്ടിക്ക യാത്രയെക്കുറിച്ച് ചിന്തിച്ചുപോയി. പെൻഗ്വിനുകളുടെ തറവാടും ഭൂമിയുടെ ഒരറ്റവും കണ്ട് അവർ കാമറകളിൽ പകർത്തിയ ചിത്രങ്ങളുടെ അപൂർവ്വ പ്രദർശനം തിരുവനന്തപുരം നഗരത്തിന് ഒരു ദൃശ്യവിരുന്നായിരുന്നു.
ധ്രുവത്തറവാട്ടിലെ അന്തേവാസികളായ പെൻഗ്വിനുകളിൽ തന്നെ നിരവധി വിഭാഗങ്ങളുണ്ട്. പകലും രാത്രിയും ചേർന്ന ഒരു ദിനം പോലെയാണ് പെൻഗ്വിന്റെ ഉടൽ. ഒരു ഭാഗത്ത് വെള്ളക്കാരൻ ഊറ്റം കൊള്ളുന്ന വെളുപ്പ്. മറു ഭാഗത്ത് നീഗ്രോ കറുപ്പ്. കരിയിലരജന്മം കടലിലരജന്മം. ഇടയ്ക്കിടെ തലപൂഴ്ത്തിവയ്ക്കും. തപസ് ചെയ്യുംപോലെ. കടൽവാസം ഇഷ്ടമാണെങ്കിലും കരയോടാണ് കൂടുതൽ പ്രിയം. മുട്ടയിടുന്നതും വിരിക്കുന്നതും ബാല്യവുമെല്ലാം കരയിൽ തന്നെ. അദ്വൈതത്തിന്റെ ലളിതമായ വ്യാഖ്യാനം പെൻഗ്വിന്റെ രൂപത്തിലും കർമ്മത്തിലും കാണാം.
പെൻഗ്വിനുകളുടെ ജാതകം
കാണികളുടെ കാത്തിരിപ്പിന് നടുവിൽ റേഞ്ചർ എന്നെഴുതിയ യൂണിഫോമിട്ട ഒരു വെള്ളക്കാരൻ. എഡ്വിൻ എന്നാണ് പേര്. പെൻഗ്വിനുകളുടെ ജാതകം അയാൾ വായിച്ചു. ആസ്ട്രേലിയൻ കടലുകളിൽ കാണുന്ന പെൻഗ്വിൻ അധികവും നീല നിറത്തിലുള്ളവ. പൊക്കം ഏതാണ്ട് മുപ്പതുസെന്റീമീറ്റർ. ചിറകിന്റെ സ്ഥാനത്ത് രണ്ട് കുറിയകൈകൾ. അതിൽ തൂവലില്ല. തുഴയാൻ സഹായിക്കും വിധം ചർമ്മബന്ധമുള്ള കാൽവിരലുകൾ. ഹിമപ്പരപ്പിലൂടെ ഓടാനും നടക്കാനും അഞ്ചടിയോളം ഉയരത്തിൽ ചാടാനും കഴിയും. കുടുംബക്കാരാണ് പൊതുവേ പെൻഗ്വിനുകൾ. കൂട്ടമായി പാർക്കാനാണിഷ്ടം. ഓരോ കുടുംബത്തിനും ഓരോ മാളമുണ്ടാകും. അതിൽ പായലും മറ്റും വിരിച്ചു മുട്ടകളിടും .അടയിരിക്കുന്നത് ആൺപക്ഷി. അങ്ങനെ ആൺപക്ഷിയും 'മാതൃവാത്സല്യം" അറിയുന്നു. പതിനേഴു ദിവസത്തോളം ആൺപക്ഷി ഉപവസിക്കും. ഈ സമയം കുടുംബത്തെ പോറ്റുന്നത് സ്ത്രീപക്ഷമാണ്. അന്നവുമായി അമ്മമാർ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മണം പിടിച്ച് കൃത്യമായി സ്വന്തം മാളിത്തിലെത്തും.
തണുപ്പും ഇരുട്ടും കനത്തപ്പോൾ കടൽത്തിരകളുടെ കവാടങ്ങൾ തുറന്ന് പെൻഗ്വിനുകളുടെ വരവായി. പ്രകാശവും ശബ്ദവും പേടിയാണ്. അത് ശ്രദ്ധിക്കണമെന്ന് എഡ്വിൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. മണൽപ്പരപ്പിലൂടെ സ്ഥിരം വഴികൾ തിരിച്ചറിഞ്ഞ് പെൻഗ്വിനുകൾ നീങ്ങുന്നുണ്ടായിരുന്നു. സല്യൂട്ടും ബാൻഡ് മേളവുമില്ലാത്ത പെൻഗ്വിനുകളുടെ പരേഡ് കണ്ട് കുട്ടികൾ തുള്ളിച്ചാടി. മുതിർന്നവർ നഷ്ടപ്പെട്ടുപോയ ബാല്യം കുണുങ്ങിക്കുണുങ്ങി വരുന്നതുപോലെ ആഹ്ലാദിച്ചു.
പരേഡ് കണ്ടു മടങ്ങുമ്പോൾ നടപ്പാതയ്ക്ക് ഇരുവശവും പെൻഗ്വിനുകൾ സമീപദർശനം തന്നു. മൊബൈലിൽ ഫോട്ടോ എടുക്കാൻചിലർ തുനിഞ്ഞെങ്കിലും അരുതെന്ന് ഗൈഡുകളുടെ വിലക്ക്. കനത്തപിഴ പേടിച്ചാകും പലരും ആ സാഹസം ഉപേക്ഷിച്ചു.
പെൻഗ്വിനുകളുടെ കൃപയും തുണയും കൊണ്ട് ടൂറിസ്റ്റുകളെ ആകർഷിക്കുകയും വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ആസ്ട്രേലിയൻ അധികൃതരോട് മതിപ്പ് തോന്നി. ഇതിന്റെ ആയിരമിരട്ടി പ്രകൃതി വാരിക്കോരി നൽകിയിട്ടും അലംഭാവവും അലസതയും കാട്ടുന്ന നമ്മുടെ ഭരണാധികാരികൾ എന്നാണ് ഇക്കാര്യത്തിൽ ഉണരുക. വിവാദങ്ങളെ കുടിൽ വ്യവസായമാക്കാനും കയറ്റുമതി ചെയ്യാനുമാണല്ലോ മലയാളികൾക്ക് താല്പര്യം.
തിരുവനന്തപുരത്തുനിന്ന് സിൽക്ക് എയറിലായിരുന്നു സിംഗപ്പൂരിലേക്കുള്ള യാത്ര. ചെറിയ രാജ്യമാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നവിമാനത്താവളങ്ങളിലൊന്നാണ് സിംഗപ്പൂർ. എല്ലാ ആധുനിക സൗകര്യങ്ങളും ടെർമിനലുകളിലേക്ക് പോകാനുള്ള സ്കൈ ട്രെയിനുകളും ഇവിടെയുണ്ട്.
ഗോൾഡ്കോസ്റ്റ്
സിംഗപ്പൂരിൽ നിന്ന് എട്ടുമണിക്കൂറോളം വിമാനയാത്ര ചെയ്തു ആസ്ട്രേലിയയിലെ ബ്രിസ് ബണിലെത്തുമ്പോൾ സായാഹ്നം. നമ്മുടെ സമയവുമായി ഏതാണ്ട് അഞ്ചരമണിക്കൂർ വ്യത്യാസം. ബ്രിസ് ബണിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കാനുള്ള ഹോട്ടൽ. ആസ്ട്രേലിയയിൽ സൂര്യനസ്തമിക്കാൻ എട്ടുമണിയോളമാകും. തലയെടുപ്പുള്ള കടലോരനഗരമാണ് ഗോൾഡ്കോസ്റ്റ്. അംബരചുംബികളായ കെട്ടിടങ്ങൾ ദീപങ്ങൾ കൊണ്ടുള്ള കിരീടമണിഞ്ഞു നിൽക്കുന്നു. തലസ്ഥാനമായ കാൻബെറ, മെൽബൺ, സിഡ്നി, എന്നിവയുമായി താരതമ്യം ചെയ്താൽ മലയാളികൾ ഇവിടെ കുറവാണ്. തെക്കൻ എന്നർത്ഥമുള്ള ഓസ്ട്രേലിയസ് എന്ന വാക്കിൽ നിന്നാണ് ആസ്ട്രേലിയ പിറന്നത്.
സ്നേഹത്തിന്റെ അമ്മത്തൊട്ടിൽ
നാല്പതിനായിരത്തോളം വർഷം മുമ്പ് തെക്ക് കിഴക്കനേഷ്യയിൽ നിന്ന് കുടിയേറിയ ജനവിഭാഗമാണ് ആസ്ട്രേലിയയിലെ ആദിമനിവാസികൾ. ഡച്ച് നാവികനായ വിലെം ജാൻസൂൺ 1606 ൽ ആസ്ട്രേലിയ വൻകര കണ്ടെത്തിയെങ്കിലും 1770 ഏപ്രിൽ 20ന് ക്യാപ്റ്റൻ ജെയിംസ് കുക്ക് ബോട്ടണി ബേയിൽ ഇറങ്ങിയതോടെ ആസ്ട്രേലിയയുടെ ചരിത്രം മാറി. കുറ്റവാളികളെ കൊണ്ടുവന്നു തള്ളാനുള്ള ഇടമായി കുക്ക് വിലയിരുത്തി. കുറ്റവാളികളെന്ന് മുദ്രകുത്തിയ ആയിരക്കണക്കിനാളുകൾക്ക് ആസ്ട്രേലിയ സ്നേഹത്തിന്റെ അമ്മത്തൊട്ടിലായി. പിന്നീട് നൂറ്റാണ്ടുകളായി കുടിയേറിയവർക്കും വാത്സല്യവും അഭയവും നൽകി. ലോകത്തിലെ ഏറ്റവും ചെറുതും പുരാതനവുമായ ഭൂഖണ്ഡം. മറ്റു വൻകരകളിൽ നിന്ന് വേറിട്ട് ദക്ഷിണാർദ്ധഗോളത്തിന് സമീപം സ്ഥിതിചെയ്യുന്നു. എൺപതുലക്ഷത്തോളം ചതുരശ്രകിലോമീറ്റർ വിസ്തൃതി. പക്ഷേ ജനസംഖ്യ ഏകദേശം കേരളത്തിനോടടുത്തും.
ബ്രിട്ടീഷുകാരുടെ ബുദ്ധികൊണ്ടുള്ള അധിനിവേശത്തിന്റെ ഗുണദോഷങ്ങളറിയാത്ത രാജ്യങ്ങൾ കുറവാണ്. വിക്ടോറിയൻ വാസ്തു ശില്പമാതൃകയിലുള്ള പുരാതന മന്ദിരങ്ങളും ആധുനികതയുടെ കിരീടമുള്ള കൂറ്റൻ കെട്ടിടങ്ങളും ധാരാളം. ബ്രിട്ടനിൽ അധികാരത്തിലിരുന്ന രാജാക്കന്മാർ, രാജ്ഞിമാർ, പ്രഭുക്കന്മാർ തുടങ്ങിയവരുടെ പേരുകളിലാണ് സ്ഥലനാമങ്ങൾ. ബ്രിസ്ബൺ നദിയുടെ പേരു തന്നെയാണ് നഗരത്തിനും. ട്രാം വണ്ടികൾ പ്രധാന സ്ട്രീറ്റുകളെ തൊട്ടുരുമ്മി നീങ്ങുന്നു. നല്ല സൗകര്യമുള്ള സ്റ്റോപ്പുകൾ. ഒരു ട്രാം അഞ്ചു മിനിട്ട് വൈകിയതിന് സ്ക്രീനിൽ സോറി എഴുതിക്കാണിക്കുന്നു. യാത്രക്കാരോട് എന്തൊരു കടപ്പാട്.
1770ൽ എൻഡവർ എന്ന കപ്പലിൽ ആസ്ട്രേലിയയുടെ കിഴക്കേ തീരത്തിലെത്തിയ ജെയിംസ് കുക്കാണ് ആദ്യമായി ആസ്ട്രേലിയയുടെ ഭൂപടം വരച്ചത്. കുക്കിനെ ആക്രമിക്കാൻ ആദിവാസികൾ കുന്തങ്ങളുമായി വന്നു. പരദേശികളെ വെല്ലുവിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ ക്യാപ്ടൻ കുക്കിന്റെ തോക്കിനിരയായി. ദേശാഭിമാനത്തിന്റെ ചോരപ്പാടുകൾ വീണു തുടങ്ങുന്നതാണ് ആസ്ട്രേലിയയുടെ ചരിത്ര അദ്ധ്യായങ്ങൾ.
സീവേൾഡും മൂവി വേൾഡും
ഗോൾഡ് കോസ്റ്റിലെ പ്രധാന ആകർഷണകേന്ദ്രങ്ങളാണ് സീവേൾഡും മൂവി വേൾഡും. സീ വേൾഡിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പലതരം ഉല്ലാസങ്ങൾ. നടുക്കടലിൽ മനുഷ്യന്റെ രക്ഷകരായി പ്രത്യക്ഷപ്പെടാറുള്ള ഡോൾഫിനുകൾ. സംഗീതത്തിനൊത്ത് അഭ്യാസങ്ങൾ കാട്ടികാണികളെ രസിപ്പിച്ചു. പെൻഗ്വിനുകൾ സ്ഫടികജാലകത്തിലൂടെ ദർശനം തന്നു. ചിലത് മുട്ടയിട്ട് അടയിരിക്കുന്നു. ചിലത് മഞ്ഞുകട്ടകൾക്കിടയിലൂടെ തുഴഞ്ഞു നീന്തുന്നു. സീവേൾഡിലെ ലേക് സൈഡ് റസ്റ്റോറന്റിലിരുന്നു കാണികൾ തടാകത്തിൽ നടക്കുന്ന വാട്ടർ സ്കൂട്ടർ മത്സരം ആസ്വദിക്കുന്നു. ബിസിനസ് പിടിക്കാനുള്ള തന്ത്രവുമുണ്ട്. മത്സരം കാണാൻ നിരത്തിയിട്ടിരുന്ന കസേരകൾ മേശപ്പുറത്തെ കപ്പുകളും കടലാസ് പ്ലേറ്റുകളും നീക്കം ചെയ്യുന്ന ആന്റണി സിഡ്നിക്കാരൻ.. പ്രായം 68. നല്ല വണ്ണവുമുണ്ട്. അതൊന്നും അയാളുടെ മനസിനെ ബാധിച്ചിട്ടില്ല. ജീവിതം ഒരു മത്സരമല്ലേ. ആരോടെല്ലാം നാം മത്സരിക്കുന്നു. അയൽക്കാരനോട് ശത്രുവിനോട് മിത്രത്തോട് എന്തിന് നമ്മോടുതന്നെ പലതരം മത്സരങ്ങൾ. പലതിലും നാം തോറ്റെന്നുവരാം. പക്ഷേ ജീവിതത്തിൽ തോറ്റാലും സിനിമയിൽ,കായിക മത്സരങ്ങളിൽ നാം വിജയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. വിജയിച്ചത് നാം തന്നെയെന്ന് ഭാവിക്കുന്നു. ആന്റണിയുടെ വാക്കുകൾ ചിന്തിപ്പിക്കുന്നതായിരുന്നു. അമേരിക്കൻ യാത്രയ്ക്കിടയിൽ ലോസ് ഏഞ്ചൽസിലെ ഹോളിവുഡിൽ കണ്ട മൂവി വേൾഡിനോളം പകിട്ടില്ലെങ്കിലും മൂവി വേൾഡിലും മണിക്കൂറുകൾ ചെലവഴിക്കാനുള്ള കാഴ്ചകൾ. സാഹസികമായ നിരവധി റൈഡുകൾ സന്ദർശകരെ കാത്തിരിക്കുന്നു.
യാരാ നദിയുടെ തീരം
ഗോൾഡ് കോസ്റ്റിൽ നിന്ന് ആഭ്യന്തര വിമാനസർവീസായ ജെറ്റ് സ്റ്റാറിലായിരുന്നു മെൽബണിലേക്കുള്ള യാത്ര. യാരാ നദിയുടെ തീരത്താണ് മെൽബൺ പട്ടണം. 'യാര' എന്നാൽ നിലയ്ക്കാത്ത പ്രവാഹമെന്നർത്ഥം. കാൻബെറയ്ക്കും മുമ്പ് മെൽബണായിരുന്നു ആസ്ട്രേലിയയുടെ തലസ്ഥാനം. മേപ്പിൾ മരങ്ങളും പീച്ച് മരങ്ങളും പാതയ്ക്കിരുവശം സ്വാഗതം ചെയ്യുന്നു. വിശ്വപ്രസിദ്ധഎഴുത്തുകാരായ ഗബ്രിയേൽ മാർക്കോസിനെയും പാബ്ലോനെരൂദയേയും മോഹിപ്പിച്ച മേപ്പിൾ മരങ്ങൾ.മെൽബൺ നഗരത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ചില്ലി ഇന്ത്യ റസ്റ്റോറന്റ്. അവിടത്തെ ഉഴുന്നുവടയും സാമ്പാറും ചായയും നാവിൽ കേരളം വരച്ചു. ആസ്ട്രേലിയക്കാർ പ്രത്യേക സ്വഭാവക്കാരാണ്. പെട്ടെന്ന് പ്രതികരിക്കും. സൂക്ഷിച്ചുനോക്കുന്നത് ഇഷ്ടമല്ല. മലയാളികളുടെ തുറിച്ചു നോട്ടശീലം പാസ് പോർട്ടിനൊപ്പം ബാഗിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് സ്വാമി ഗുരുപ്രസാദ് ഓർമ്മിപ്പിച്ചത് ചിരിയുണർത്തി.
മാർവെലസ് മെൽബൺ
നാലുചുറ്റും സമുദ്രമാണെങ്കിലും ആസ്ട്രേലിയയിൽ ഭൂഗർഭജലം കുറവാണ്. ജലക്ഷാമം ഭീഷണിയാണ്. അതുകൊണ്ടുതന്നെ വെള്ളക്കരം കൂടുതൽ. കുടിവെള്ളം കൊണ്ട് ചെടിനനയ്ക്കരുത്. വീട്ടാവശ്യത്തിനുപയോഗിച്ച ജലമേ അതിന് ഉപയോഗിക്കാവൂ. അല്ലെങ്കിൽ പിഴനൽകണം.
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ മെൽബണിൽ വലിയ തോതിൽ കുടിയേറി. സ്വർണഖനനം തുടങ്ങിയതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭാഗ്യാന്വേഷികളുടെ വരവായി. സ്വർണത്തിനു വേണ്ടിയുള്ള ചതിയും കുതികാൽവെട്ടും കലാപങ്ങളും പ്രക്ഷോഭങ്ങളും പലേടത്തും അരങ്ങേറി. സ്വർണത്തിളക്കത്തിൽ മെൽബൺ മാർവെലസ് മെൽബൺ എന്നറിയപ്പെട്ടു. മെൽബണിലെ ഏറ്റവും ഉയരമുള്ള കെട്ടിടം കോളിൻസ് സ്ട്രീറ്റിലെ റിയാൽട്ടോ ടവർ. കായികപ്രേമികളുടെ ആരാധനാലയം കൂടിയാണ് മെൽബൺ. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം ധീരനായകന്മാരുടെ ക്ഷേത്രമായി വാഴ്ത്തപ്പെടുന്നു. 19-ാം നൂറ്റാണ്ടുമുതൽ ഇവിടം ലോക ശ്രദ്ധനേടി. 1858ൽ ആദ്യഫുട്ബോൾ മത്സരം നടന്നു. 1956 ൽ മെൽബൺ ഒളിമ്പിക്സ്. 2006 ൽ കോമൺ വെൽത്ത് ഗെയിംസ്. മെൽബൺ നഗരത്തിലെ മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഗുരുദേവസന്ദേശങ്ങളെക്കുറിച്ചുള്ള സമ്മേളനം മെൽബണിലെ ബിഷപ്പ് ജോൺ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. ജാതിമതഭേദമന്യേ വൻസദസായിരുന്നു. വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും സ്വാമി ഋതംഭരാനന്ദയും സ്വാമി ഗുരുപ്രസാദും സംസാരിച്ചു.
ആസ്ട്രേലിയയിൽ വെയിലിന് കാഠിന്യം കൂടുതലാണ്. സൂര്യാഘാതവും ഭീഷണിയാണ്. ത്വക്ക് കാൻസർ ഇവിടെ കൂടുതൽ. അതിനാൽ കൊച്ചു കുട്ടികൾ പോലും കറുത്ത കണ്ണട ധരിക്കും. നമ്മുടെ വനാന്തരഭംഗി ആസ്ട്രേലിയൻ കാടുകൾക്കില്ല. വേനൽക്കാലത്ത് മരങ്ങൾ ഇലപൊഴിച്ച് ഉപവസിക്കും. ചേലകൾ ഊരിക്കളയുന്ന യൂക്കാലി മരങ്ങളുടെ വൻപടതന്നെ എമ്പാടും കാണാം.
കുട്ടികൾക്ക് നല്ല സ്വാതന്ത്ര്യം. തൊട്ടതിനും പിടിച്ചതിനും മരുന്നുകൊടുക്കില്ല. നല്ല പ്രതിരോധശക്തി വളർത്താനാണ് ഡോക്ടർമാരുടെ ഉപദേശം. മദ്യപാനത്തിന് ഒരു വിലക്കുമില്ല. വഴിയോരക്കടകളിലും റസ്റ്റോറന്റുകളിലും മറ്റും കിട്ടും. മദ്യപാനം ഒരു ആഭാസമായോ അശ്ലീലമായോ തരം താഴാതെ മാന്യമായിരിക്കാൻ മദ്യപാനികൾ ശ്രദ്ധിക്കുന്നു.
ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെ
ഫിലിപ്പ് ഐലൻഡിലെ പെൻഗ്വിൻ പരേഡ് കണ്ടതിന്റെ അടുത്തദിവസമായിരുന്നു. ഗ്രേറ്റ് ഓഷ്യൻ റോഡിലൂടെയുള്ള യാത്ര. മെൽബണിൽ നിന്ന് ആ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ സ്വർണഖനനം നടക്കുന്ന സ്ഥലം ബസ് ഡ്രൈവർ കാട്ടിത്തന്നു. അറുന്നൂറിലധികം കിലോമീറ്റർ വരുന്ന റോഡ് മുഴുവൻ കണ്ടു വരാൻ ഒരുദിവസം പോരാ. കടലിനോട് ഉരുമ്മിയും സല്ലപിച്ചും പോകുന്ന റോഡ്. ഇടയ്ക്കിടെ വാസഗൃഹങ്ങൾ. അതിസമ്പന്നരുടേതാണവ. മതിലും ഇരുമ്പുഗേറ്റുമൊന്നുമില്ല. പൂച്ചെടികൾ കൊണ്ടുള്ള വേലികൾ.
ഓപ്പറാഹൗസും ബ്ലൂമൗണ്ടനും
മെൽബണിൽ നിന്ന് രണ്ടുമണിക്കൂറോളം വിമാനയാത്ര ചെയ്താണ് സിഡ്നിയിലെത്തിയത്. ഓപ്പറാഹൗസും ബ്ലൂമൗണ്ടനും കംഗാരുക്കളും സന്ദർശകരെ മാടിവിളിക്കുന്നനഗരം. മലയാളികൾ കൂടുതലുള്ള നഗരം. ഇതളുകൾ വിടർന്നുവരുന്ന വാസ്തുശില്പസൗകുമാര്യമാണ് ഓപ്പറാഹൗസിന്. പ്രശസ്ത ആർക്കിടെക്ട് ജോൺ ഉട്സൺ രൂപകല്പന ചെയ്ത ഓപ്പറാ ഹൗസ് 1973 നൃത്തസംഗീതാദികലകൾക്കായി തുറന്നു. ഓപ്പറാ ഹൗസൽ നിന്നുള്ള ഹാർബറിന്റേയും പാലത്തിന്റെയും ദൃശ്യം മനോഹരം. റസ്റ്റോറന്റുകളും ബാറുകളും തോളുരുമ്മി നിൽക്കുന്ന ഹാർബർ സഞ്ചാരികൾക്ക് ഡാർലിംഗ് ഹാർബർ. സിഡ്നിയുടെ പ്രിയപ്പെട്ട ബീച്ചാണ് ബോണ്ടി. നമ്മുടെ കോവളത്തിന്റെ മുഖച്ഛായ. സിഡ്നിയുടെ പശ്ചിമഭാഗത്താണ് ബ്ലൂ മൗണ്ടൻ. നീലഗിരിക്കുന്നുകളുടെ പൊക്കമില്ലെങ്കിലും രൂപസാദൃശ്യം. ഇവിടുത്തെ ഫെതർഡെയിൽ വൈൽഡ് ലൈഫ് പാർക്കിൽ കംഗാരുക്കളും കരടിയോട് സാദൃശ്യമുള്ള കോലാമൃഗങ്ങളും പക്ഷിക്കൂട്ടങ്ങളും പാമ്പുകളും കാണാം. പാർക്കിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് മാതൃവാത്സല്യത്തിന്റെ പ്രതീകമായ കംഗാരുക്കൾ. ഭൂമിയുടെ സന്തതി പരമ്പരകളിൽ കുഞ്ഞുങ്ങളെ ഏറ്റവുമധികം ലാളിക്കുന്നതും പോറ്റുന്നതും ഈ സഞ്ചിമൃഗങ്ങളാണ്.
നെഞ്ചിന്റെ ഭാഗം മെലിഞ്ഞും പിൻഭാഗം കൂടിയുമാണ് ഇവയുടെ ശരീരഘടന. മുൻകാലുകൾ ചെറുതാണ്. പിൻകാലുകളിൽ നാലുവിരലുകളേയുള്ളൂ. പെൺകംഗാരുവിന്റെ ഉദരസഞ്ചി വികസിതമാണ്. ഗർഭം ധരിച്ച് 40 ദിവസം കഴിയുമ്പോൾ ജീവനുള്ള പൂർണ വളർച്ചയെത്താത്ത കുഞ്ഞു ജനിക്കുന്നു. പിന്നീട് ഇതിന്റെ വാസം സഞ്ചിക്കുള്ളിലാണ്. അവിടെ നാലു സ്തനഗ്രന്ഥികൾ പാ ൽചുരത്തും. തെരുവോരങ്ങളിലും ആശുപത്രികളിലും നവജാതശിശുക്കളെ ഉപേക്ഷിക്കുന്ന കാലത്ത് ഉദരത്തിൽ അമ്മത്തൊട്ടിലൊരുക്കിയ കംഗാരുക്കളോട് ആരാധന തോന്നും.
യൂക്കാലി മരങ്ങളിൽ ഇരുപതുമണിക്കൂറോളം ഉറങ്ങുന്ന ചെറിയ കരടിയോട് സാദൃശ്യമുള്ള കോലാമൃഗം കൗതുകക്കാഴ്ചയാണ്. കുംഭകർണന്റെ രക്ത ഗ്രൂപ്പാണിവയ്ക്കും. പല സർക്കാർ ഓഫീസുകളിലും അധികാരസ്ഥാനങ്ങളിലും കോലായുടെ ബന്ധുക്കളെ കാണാനാകും. ഇരുപതുമണിക്കൂർ ഉറങ്ങിയശേഷം അവശേഷിക്കുന്ന സമയം ഇവ വെറുതെയിരിക്കില്ല, തീറ്റയോട് തീറ്റയായിരിക്കും.
ബ്ലൂ മൗണ്ടനിലെ പ്രകൃതിദത്തമായ വനഭംഗി ആസ്വദിക്കാൻ റോപ് വേയും ട്രെയിനുമുണ്ട്. മുമ്പ് കൽക്കരി ഖനനം ചെയ്ത സ്ഥലങ്ങളും അവ കൊണ്ടുപോയ തീവണ്ടിയുടെ പാളങ്ങളും കാണാം. മലയിലൂടെ വെള്ളി പാദസരം തൂക്കിയിട്ടപോലെ പാലരുവി. തൊട്ടപ്പുറം പ്രണയസ്വപ്നം കണ്ടുറങ്ങുന്ന ത്രീസിസ്റ്റേഴ്സ് എന്ന ശിലാസുന്ദരികൾ.
ആസ്ട്രേലിയൻ യാത്രകളുടെ കാഴ്ചപ്പണ്ടങ്ങൾ മുറുക്കി രണ്ടുനാൾ തങ്ങിയ സിഡ്നി ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ ലിഫ്റ്റിൽ നേപ്പാളി യുവാവ് - രാംസിംഗ്. വശ്യമായ ചിരി. ഇന്ത്യക്കാരെന്നു മനസിലാക്കിയ അവൻ ഹിന്ദിയിൽ ചോദിച്ചു. മടങ്ങുകയാണല്ലേ, ജന്മനാട്ടിലേക്ക്. സ്വന്തം വീട്ടിലേക്ക്. പിറന്നനാടിനോളം ചന്തമുള്ള മറ്റേതു സ്ഥലമുണ്ട് ലോകത്ത്. അവന്റെ വാക്കുകൾ പരിഭാഷപ്പെടുത്തിയ മനസും മന്ത്രിച്ചു. ശരിയാണ്, ജന്മനാട്ടിനോളം സൗന്ദര്യവും സുരക്ഷിതത്വവുമുള്ള മറ്റൊരു നാട് ഈ ഭൂമുഖത്തില്ല.
പരസ്പരം നോക്കി നിൽക്കെ അവന്റെ മുഖം വാടി. രണ്ടുമാസമേ ആയുള്ളൂ അവൻ ജോലിക്കായി സിഡ്നിയിലെത്തിയിട്ട്. കൂടുതലെന്തെങ്കിലും പറയും മുമ്പേ അപ്പോഴെത്തിയ യാത്രക്കാർക്കൊപ്പം രാംസിംഗും ലിഫ്റ്റിൽ കയറി. നിശബ്ദമായ യാത്ര പറച്ചിലിനിടയിൽ ലിഫ്റ്റിന്റെ വാതിലടഞ്ഞു.