അക്ഷരങ്ങൾ പകരുന്നതിനൊപ്പം ബാല്യത്തിന്റെ നിഷ്കളങ്കതയും ആസ്വദിക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിക്കുന്നവരാണ് അംഗൻവാടി അദ്ധ്യാപികമാർ. പാട്ടുകളുടെയും കളിചിരികളുടെയും അന്തരീക്ഷത്തിൽ കുട്ടികൾക്കൊപ്പം ദിവസത്തിന്റെ നല്ലൊരു പങ്കും ചെലവിടുന്ന ഇവരിൽ പലരും ജീവിതത്തിലെ പ്രയാസങ്ങൾ മറികടക്കുന്നതും ഈ സന്തോഷത്തിന്റെ പിൻബലത്തിലാണ്. ഇനി മുതൽ അംഗൻവാടി അദ്ധ്യാപികമാർ യൂണിഫോമിലേക്ക് മാറുകയാണ്. സാരി രൂപകല്പന ചെയ്തതും രണ്ട് അംഗൻവാടി അദ്ധ്യാപികമാർ.
സാരി രൂപകല്പനയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ഇവരെ തേടിയെത്തി. അദ്ധ്യാപകർക്ക് വേണ്ടിയുള്ള സാരി രൂപകല്പന ചെയ്തത് തൃക്കാക്കര സ്വദേശി ജയമോൾ കെ.കെ.യും സഹായികൾക്കുള്ളത് രൂപകല്പന ചെയ്തത് കൊല്ലം കടയ്ക്കൽ സ്വദേശി ബീനയുമാണ്. തൃക്കാക്കര ഐ.സി.ഡിഎസിന്റെ കീഴിലുള്ള 25-ാം നമ്പർ അംഗൻവാടിയിലെ അദ്ധ്യാപികയാണ് ജയമോൾ . ബീന കടയ്ക്കൽ ഐ.സി.ഡി.എസ് 9-ാം അംഗൻവാടിയിലും അദ്ധ്യാപികയാണ്.
സാമൂഹിക ക്ഷേമവകുപ്പ് കഴിഞ്ഞവർഷമാണ് അംഗൻവാടി അദ്ധ്യാപകർക്ക് വേണ്ടിയുള്ള സാരിയുടെ ഡിസൈനുകൾ ക്ഷണിച്ചത് . ധാരാളം ഡിസൈനുകളിൽ നിന്നാണ് ഇവരുടെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടത്.
ബീനടീച്ചർ കുട്ടികൾക്ക് വസ്ത്രങ്ങൾ രൂപകല്പന ചെയ്യാറുണ്ടായിരുന്നു. ഡിസൈൻ കോഴ്സ് നേരത്തെ പഠിച്ചിട്ടുണ്ടെങ്കിലും അംഗൻവാടി അദ്ധ്യാപിക ആയതിൽപ്പിന്നെ ഇതിനൊന്നും തനിക്ക് സമയം കിട്ടാറില്ലെന്ന് ടീച്ചർ പറയുന്നു. പകരം കുട്ടികളെ പഠിപ്പിക്കാനും അവരോടൊപ്പം സമയം ചെലവിടുന്നതിലും സന്തോഷം കണ്ടെത്തുന്നു. ആകാശനീല നിറത്തിൽ നേവി ബ്ളൂ ബോർഡർ വരുന്ന സാരിയാണ് ബീന ടീച്ചർ ഡിസൈൻ ചെയ്തത് . ഇനിയും ഇത്തരം അവസരങ്ങൾ ലഭിച്ചാൽ ഏറ്റെടുക്കുമെന്ന് ടീച്ചർ പറയുന്നു.
ഇടപ്പള്ളി പ്രോഗ്രാം ഒാഫീസർ പറഞ്ഞിട്ടാണ് അംഗൻവാടി അദ്ധ്യാപകർക്കുള്ള സാരി ജയമോൾ ടീച്ചർ രൂപകല്പന ചെയ്തത്. മാമ്പഴനിറമുള്ള സാരിയിൽ മെറൂൺ ബോർഡറും ബോഡറിൽ പ്രിന്റ് വർക്കുകളുമുണ്ട്. സേവന പ്രവർത്തനമെന്ന നിലയിൽ ജോലി സന്തോഷത്തോടെയാണ് ചെയ്യുന്നത്. വസ്ത്രരൂപകല്പനയ്ക്കുള്ള അവസരം ലഭിച്ചാൽ അദ്ധ്യാപനത്തോടൊപ്പം അതും ഏറ്റെടുക്കുമെന്ന് ജയമോൾ ടീച്ചർ പുഞ്ചിരിയോടെ പറയുന്നു.