സുരേഷ് പഞ്ചസാര കലക്കിയ വെള്ളം നിറച്ച മഗ്ഗ് ശിവദാസന്റെ കയ്യിലേക്കു വച്ചുകൊടുത്തു.
''കുടിക്ക്."
ശിവദാസൻ സുരേഷിനെയും സി.ഐ അരവിന്ദാക്ഷനെയും മറ്റ് കോൺസ്റ്റബിൾസിനെയും മാറി മാറി നോക്കി.
''കുടിക്കെടാ.. ഒരു തുള്ളിയെങ്കിലും താഴെ പോയാൽ ആക്കുളം കായലിന് അടിത്തട്ടിൽ നിനക്ക് ജലസമാധി."
അരവിന്ദാക്ഷന്റെ ചെന്നിയിൽ ഞരമ്പുകൾ ചിലന്തി കാലുകൾ കണക്കെ പിടയുന്നത് ശിവദാസൻ കണ്ടു.
എന്നിട്ടും അയാൾ മടിച്ചു:
''ഇത്.... ?"
''നല്ലൊന്നാന്തരം മരുന്നാ. നാരങ്ങയില്ലായിരുന്നു അല്ലെങ്കിൽ ലെമൺ ജ്യൂസ് ആക്കിത്തന്നേനെ.."
സുരേഷ് പരിഹസിച്ചു.
''എനിക്ക് .... എനിക്ക് ഷുഗറുണ്ട്."
ശിവദാസൻ മന്ത്രിച്ചു.
''അത് ഞങ്ങൾക്കറിയാം."
സുരേഷ് ചിരിച്ചു:
''അതുകൊണ്ടാണല്ലോ പ്രായപൂർത്തിയാകാത്ത പെങ്കൊച്ചിനെ കണ്ടപ്പം മെണപ്പുണ്ടായത്."
ശിവദാസൻ മഗ്ഗ് ചുണ്ടോടടുപ്പിച്ചു. ഒരിറക്ക് അകത്താക്കിയപ്പോഴേക്കും അയാൾക്ക് ഓക്കാനം വന്നു.
കടുത്ത മധുരം!
''എനിക്കു വേണ്ടാ." അയാൾ മഗ്ഗ് മാറ്റി.
''ങ്ഹാ. നീ തന്നെയല്ലേ പറഞ്ഞത് വെള്ളം വേണമെന്ന്. ഇനി കുടിക്കാതെ വിടുന്ന പ്രശ്നമില്ല."
പറഞ്ഞതും സുരേഷ് മഗ്ഗ് വാങ്ങി.
സി.ഐ കണ്ണുകൊണ്ട് ഒരടയാളം നൽകി. രണ്ട് പോലീസുകാർ കൂടി മുന്നോട്ടു വന്നു.
ഒരാൾ ശിവദാസന്റെ ശിരസ്സ് അനങ്ങാനാവാത്ത വണ്ണം മുറുകെ പിടിച്ചു.
അടുത്തയാളിന്റെ വിരലുകൾ അയാളുടെ കവിളിൽ മുറുകി...
തവള വാ പിളർക്കും പോലെ ശിവദാസന്റെ വാ തുറക്കപ്പെട്ടു.
സുരേഷ് അവിടേക്ക് പഞ്ചസാര വെള്ളം ഒഴിച്ചുകൊടുത്തു.
തുപ്പിക്കളയാനുള്ള ശിവദാസന്റെ ശ്രമം പാളി.
ഒരു മഗ്ഗ് വെള്ളവും അയാൾ കുടിച്ചു തീർത്തു. മറ്റുള്ളവർ പിടിവിട്ടു.
''കൊള്ളാം ശിവദാസാ. മുഖ്യമന്ത്രിയുടെ നിഴലായി നിന്ന് ഒരുപാട് പേരെ വെള്ളം കുടിപ്പിച്ചിട്ടുള്ളവനല്ലേ നീയ്? ഇനിയെങ്കിലും സത്യം പറയാൻ തോന്നുന്നുണ്ടോ?"
''ഇല്ലെടാ പന്നീ. കല്ലിൽ വച്ച് അരച്ചാലും എന്റെ നാവിൽ നിന്ന് ഒരക്ഷരം പോലും നിനക്കൊന്നും കിട്ടാൻ പോകുന്നില്ല."
അയാൾ തല കുടഞ്ഞു.
''ശരി." അരവിന്ദാക്ഷൻ തിരിഞ്ഞു. ''സുരേഷേ. ഇയാടെ ഷർട്ട് ഒന്നഴിച്ചു മാറ്റിക്കേ..."
''പോടാ. പറ്റത്തില്ല." അയാൾ മുഖമടച്ച് ഒരാട്ടാട്ടി.
സുരേഷും മറ്റൊരാളും ചേർന്ന് അയാളുടെ ഷർട്ട് അഴിച്ചുമാറ്റി.
ശിവദാസൻ ബനിയൻ ധരിച്ചിരുന്നു.
സി.ഐ അരവിന്ദാക്ഷൻ കുനിഞ്ഞ് കറുത്ത അട്ടകളെ സൂക്ഷിക്കുന്ന കുപ്പിയെടുത്തു.
അതിന്റെ അടപ്പു തുറന്നു.
എന്താണ് അയാളുടെ ലക്ഷ്യമെന്ന് ശിവദാസനു മനസ്സിലായില്ല.
സുരേഷ് പെട്ടെന്ന് ശിവദാസന്റെ കൈകൾ പിന്നിലേക്കു പിടിച്ചു തിരിച്ചു.
മറ്റൊരാൾ ഒരു പ്ളാസ്റ്റിക് ചരടുകൊണ്ട് കൈകൾ ചേർത്തു കെട്ടി.
അരവിന്ദാക്ഷൻ, ശിവദാസന്റെ ബനിയന്റെ മുൻഭാഗം മുന്നോട്ടു വലിച്ചകറ്റി. ശേഷം അട്ടകൾ ഉള്ള കുപ്പി ഉള്ളിലേക്കു ചരിച്ചു.
''അയ്യേ....."
അട്ടകൾ തന്റെ വയറ്റത്തേക്കു വീണതും ശിവദാസൻ പുളഞ്ഞു. കൈകൾ ബന്ധിച്ചിരിക്കുന്നതു കാരണം മറ്റൊന്നിനും ആകുന്നില്ല....
അയാൾ നിന്നു തുള്ളാൻ തുടങ്ങി...
''കൊള്ളാം ശിവദാസാ. സാധാരണ പഞ്ചസാര വെള്ളം കുടിപ്പിച്ചു കഴിഞ്ഞ് ഞങ്ങൾ തുള്ളിക്കാറാണു പതിവ്. ഇത് പക്ഷേ താൻ തനിയെ തുള്ളുന്നല്ലോ...."
സി.ഐ കസേരയിലിരുന്നു.
അയാളുടെ ശബ്ദം മുറുകി:
''ഇന്നു മുതൽ താൻ എണ്ണിക്കോ ശിവദാസാ. കൃത്യം നൂറ്റി എൺപതു ദിവസം തികയ്ക്കില്ല താൻ. തന്റെ അസ്ഥികൾ പോലും ഐസ് പോലെ അലിഞ്ഞുപോകും."
ശിവദാസൻ ഉൽക്കടമായി നടുങ്ങി.
''അരവിന്ദാക്ഷാ.. എന്നെ രക്ഷിക്കണം... നിങ്ങൾ എങ്ങനെ വേണമെങ്കിലും റിപ്പോർട്ട് എഴുതിക്കോ. ഞാൻ ഒപ്പിട്ടുതരാം". അയാൾ വിലപിച്ചു....
(തുടരും)