''എടാ..."
വേദനയും അപമാനവും കൊണ്ട് ശിവദാസൻ ചീറി.
''എന്റെ ശരീരത്തിൽ വീഴുന്ന ഓരോ അടിക്കും നിന്നോട് ഞാൻ എണ്ണിയെണ്ണി കണക്കു തീർക്കും. നിന്റെ കുടുംബം മുടിച്ച് നശിപ്പിക്കും ഞാൻ."
സി.ഐ അരവിന്ദാക്ഷന്റെ കണ്ണുകളിൽ ഒരു തീപ്പൊരി പാറിവീണു. അത് അവിടെക്കിടന്നു ജ്വലിച്ചു.
കസേര പിന്നോട്ടുതള്ളി ഒരു ഗർജ്ജനത്തോടെ അയാൾ ചാടിയെഴുന്നേറ്റു.
''ഇനി നീ ജീവിച്ചിരുന്നാൽ പോലും ആറുമാസത്തിനപ്പുറം പോകില്ല. കോടതിയിലെത്തുമ്പോൾ നിന്റെ ശരീരത്തിൽ ഒരു പാട് പോലും കാണില്ല."
അയാൾ വെട്ടിത്തിരിഞ്ഞു.
''ഇവനെ കസേരയിൽ നിന്നഴിക്ക്." ഒരു പോലീസുകാരൻ ശിവദാസനെ കസേരയിൽ നിന്ന് വേർപെടുത്തി.
സി.ഐ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചുയർത്തി. പിന്നെ കൈ നീട്ടി.
സുരേഷ് പൊതിച്ച തേങ്ങ ഒരു തുവർത്തിൽ പൊതിഞ്ഞ് സി.ഐയെ ഏല്പിച്ചു.
ശിവദാസൻ ഒരിക്കൽക്കൂടി നടുങ്ങി.
''അരവിന്ദാക്ഷാ... ഇത് ചോരക്കളിയാണ്."
സി.ഐ അത് ശ്രദ്ധിച്ചില്ല. പകരം ശിവദാസന്റെ ശിരസ്സു പിടിച്ച് തന്റെ ഇടതു കക്ഷത്തിൽ ഒതുക്കി. പിന്നെ തുവർത്തിൽ പൊതിഞ്ഞ തേങ്ങ കൊണ്ട്, മുന്നോട്ടു വളഞ്ഞു നിൽക്കുന്ന ശിവദാസന്റെ നട്ടെല്ലിനു മീതെ തുരുതുരെ നാലഞ്ചിടി.
''അയ്യോ..."
നട്ടെല്ല് പൊട്ടിപ്പോകുന്ന വേദനയിൽ ശിവദാസൻ അലറി.... തേങ്ങ തുവർത്തിനുള്ളിൽ ചതഞ്ഞുടഞ്ഞ് വെള്ളമൊഴുകി.
ശിവദാസന്റെ തുറന്ന വായിലൂടെ ഉമിനീരും ചോരയും കൂടിക്കലർന്ന് നൂലുപോലെ താഴേക്കൊഴുകി.
''താൻ ഓർക്കുന്നുണ്ടോ ശിവദാസാ.. രണ്ട് വർഷങ്ങൾക്കു മുൻപ്, മുഖ്യമന്ത്രിക്കു പരാതി നൽകാനെത്തിയ പെൺകുട്ടിയുടെ മേൽ താൻ കൈവച്ചത്?
അവളെ രക്ഷിക്കാം എന്നു പറഞ്ഞിട്ട്?"
ശിവദാസൻ പണിപ്പെട്ട് ശ്വാസം വലിച്ചുവിടുന്ന ശബ്ദം മാത്രം കേട്ടു.
അരവിന്ദാക്ഷൻ തുടർന്നു:
''അന്ന് കേസുണ്ടായപ്പോൾ മുങ്ങിയ തന്നെ ഒരു രാത്രിയിൽ പാർട്ടി ഓഫീസിൽ കയറി ഞാൻ തപ്പിയപ്പോൾ ഉണ്ടായ ബഹളങ്ങൾ? ആരും ഒന്നും വിളിച്ചു പറയുന്നില്ലെങ്കിലും ആരുടെ മനസ്സിലെങ്കിലും നിനക്ക് മാന്യമായ ഒരു സ്ഥാനമുണ്ടോടാ?"
ശിവദാസൻ അപ്പോഴും പ്രതികരിച്ചില്ല.
അരവിന്ദാക്ഷൻ കയ്യിലിരുന്ന പൊട്ടിയ തേങ്ങ തുവർത്തിനോടൊപ്പം വലിച്ചെറിഞ്ഞു.
''തെമ്മാടിത്തരം കാണിക്കുന്നവന്റെ ഓഫീസിൽ മാത്രമല്ലെടാ എവിടെയും കയറും തന്തയ്ക്കു പിറന്ന പോലീസുകാര്. അതിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും എന്നെപ്പോലെയുള്ളവർ ഒരു കോഴിത്തൂവലിന്റെ വിലപോലും കൽപ്പിക്കില്ല. അന്നത്തെ പ്രശ്നത്തിന്റെ പേരിൽ എന്റെയൊരു പ്രൊമോഷൻ താൻ തടഞ്ഞു. പക്ഷേ അപ്പോൾ കരുതിയില്ല താൻ.. ഇങ്ങനെ എന്റെ കയ്യിൽ വന്നു വീഴുമെന്ന്."
അരവിന്ദാക്ഷൻ, ശിവദാസനെ തന്റെ കക്ഷത്തിൽ നിന്നു വേർപെടുത്തി. എന്നിട്ടും അയാൾക്ക് നിവർന്നു നിൽക്കാൻ കഴിഞ്ഞില്ല.
''ഇനി പറയെടോ. എന്തിനാ മരിയയെ കാണാൻ പോയത്?"
''ഇല്ലെന്ന ഭാവത്തിൽ ശിവദാസൻ തലയനക്കി. പിന്നെ മന്ത്രിച്ചു:
''വെള്ളം..."
അരവിന്ദാക്ഷൻ തിരിഞ്ഞ് സുരേഷിനെ നോക്കി.
''മതിയെന്നു പറഞ്ഞാലും നിർത്തരുത് ഇയാളുടെ അവസാനത്തെ ആഗ്രഹമല്ലേ?"
സുരേഷ് ഒരു വലിയ മഗ്ഗിലേക്ക് ഏറെ അളവിൽ പഞ്ചസാരയിട്ടു. പിന്നെ അതിൽ വെള്ളമൊഴിച്ച് ശരിക്കിളക്കി.
''കസേരയിലിരിക്ക്." സുരേഷ്, ശിവദാസന്റെ നേർക്കു കൈചൂണ്ടി.
വീഴും പോലെ ശിവദാസൻ ഇരുന്നു. ഒപ്പം വേദനകൊണ്ട് അയാൾ നിലവിളിക്കുകയും ചെയ്തു.
(തുടരും)