പിങ്ക് പൊലീസ് 114

Friday 07 December 2018 12:41 PM IST
novel

''എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നതെന്ന് ഇനിയെങ്കിലും ഒന്നു പറയാമോ?'
നോബിൾ, ദയനീയമായി സ്പാനർ മൂസയെ നോക്കി.
ഒരു ചിരിയോടെ മൂസ ഫോൺ പോക്കറ്റിലിട്ടു.

''നീയല്ലേടാ ഇപ്പോഴത്തെ താരം? മുഖ്യമന്ത്രിയുടെ ജാരസന്തതി...'
നോബിൾ ഒന്നു ഞെട്ടി. തന്നെ കൃത്യമായി അറിഞ്ഞിട്ടാണ് ഇവർ സ്‌കെച്ച് ചെയ്തിരിക്കുന്നത്!
''നീ ബഹളം ഉണ്ടാക്കത്തില്ലെന്ന് വിചാരിച്ചിട്ടാ നിന്റെ വാ മൂടാത്തത് ഞങ്ങള്. അതല്ല ഇനിയും ചോദ്യങ്ങൾ ചോദിച്ച് ഞങ്ങളെ ബോറടിപ്പിക്കാൻ നീ ശ്രമിച്ചാൽ...'

സാദിഖ് കുനിഞ്ഞ് ഒരു ഇഷ്ടികക്കഷണം എടുത്തു:
''ഇത് നിന്റെ അണ്ണാക്കിൽ ഇടിച്ചിറക്കും ഞാൻ.'

നോബിൾ അപ്പഴേ പേടികൊണ്ട് വിറച്ചു തുടങ്ങിയിരുന്നു.
കൃത്യം അഞ്ച് മിനിട്ടു കഴിഞ്ഞപ്പോൾ വലവീശും പോലെ ഒരു വാഹനത്തിന്റെ വെളിച്ചം വീശിവന്നു.
കെട്ടിടത്തിന് അടുത്തെത്തും മുൻപുതന്നെ കണ്ണടയും പോലെ അതിന്റെ ലൈറ്റുകൾ കെട്ടു.

സ്പാനർ മൂസയും സംഘവും പെട്ടെന്ന് ഒന്നിളകി നിന്നു.
നോബിൾ വാതിൽക്കലേക്ക് ശ്രദ്ധിച്ചു.
രണ്ടുപേർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കെത്തി.

നോബിൾ അമ്പരന്നു.
മുൻ ആഭ്യന്തരമന്ത്രി രാജസേനൻ!
കൂടെ രാഹലുമുണ്ട്.

''അപ്പോൾ ഇവനാണ് ആ താരം. മുടിഞ്ഞ സാമ്യമാണല്ലോ ഇവനും മുഖ്യനും തമ്മിൽ! തന്തയ്ക്കു പിറന്നാൽ ഇങ്ങനെ വേണം.'
നോബിളിന്റെ മുന്നിൽ വന്നുനിന്ന് രാജസേനൻ അവനെ അടിമുടി നോക്കി.
പിന്നെ തന്റെ ഫോൺ എടുത്ത് രാഹുലിന് നീട്ടി.

''ഇവന്റെ ഫോട്ടോ എടുക്ക്.'
രാഹുൽ, നോബിളിന്റെ നാലഞ്ച് ചിത്രങ്ങൾ എടുത്തു.
''ഇനി അത് മുഖ്യന്റെ പ്രൈവറ്റ് ഫോണിലേക്ക് സെന്റ് ചെയ്‌തേര്.'
രാഹുൽ അപ്രകാരം ചെയ്തു.

രാജസേനന്റെ മുഖത്തൊരു വഷളൻ ചിരിയുണ്ടായി.
''അപ്പോൾ നിന്നെ രാഷ്ട്രീയത്തിലൂടെ വളർത്തിക്കൊണ്ടു വരാനാണ് മുഖ്യൻ ആ ചെറുക്കനെ കൊല്ലിച്ചത്. അല്ലേടാ?'
നോബിൾ കിടുകിടെ വിയർക്കുകയാണ്.

''ഒന്നും ഞാൻ അറിഞ്ഞിട്ടല്ല സാർ.. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു.'
പെട്ടെന്ന് രാഹുൽ ഇടയ്ക്കു കയറി:
''അറിയാൻ നീ മുഖ്യമന്ത്രിയുടെ ശരിക്കുള്ള മകനല്ലല്ലോ... ജാരസന്തതിയല്ലേ?'
നോബിൾ പുളഞ്ഞുപോയി.
ജാരസന്തതി!

ഇന്നുതന്നെ പലവട്ടം കേട്ട പേര്. ഈ നിമിഷമങ്ങ് മരിച്ചിരുന്നെങ്കിൽ എന്നു പോലും അവനു തോന്നി.
അടുത്ത നിമിഷം രാജസേനന്റെ ഫോൺ വിറച്ചു.
രാഹുൽ അത് അച്ഛനു നീട്ടി.
''സി.എം ആണ്.'

''ഓ. അപ്പോൾ അയാൾ തൃപുത്രന്റെ ഫോട്ടോ കണ്ടുകഴിഞ്ഞു.'
പരിഹാസത്തോടെ പറഞ്ഞുകൊണ്ട് രാജസേനൻ കാൾ അറ്റന്റു ചെയ്തു.
''പറഞ്ഞോ സാറേ...'

''സേനാ. നീ ഇത് എന്തിനുള്ള പുറപ്പാടാണ്? എന്തിനാ നോബിളിനെ തടവിലാക്കിയത്?'
''അത് എന്തിനുമാകട്ടെ..''

വേലായുധൻ മാസ്റ്റർ മറുപടി പറഞ്ഞില്ല. രാജസേനൻ വീണ്ടും തിരക്കി:
''ഈ പയ്യന്റെ പേര് നോബിൾ എന്നാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. നിങ്ങൾക്ക് എങ്ങനെയാ ഇവനെ പരിചയം?'
അതിനും ഉത്തരമില്ല.

രാജസേനന് ആവേശമായി :
''ഏതോ ഒരു പയ്യൻ. ഇന്ന് ഇവൻ എന്റെ ബലിമൃഗമാണ്. എന്റെ ഇനിയുള്ള ജീവിതത്തിന് ഇവനെ ബലിനൽകണമെന്ന് ഞാൻ ഇന്നലെ സ്വപ്നം കണ്ടു. അത് ഫലിക്കുമോയെന്ന് അറിയണമല്ലോ...'
ഇത്തവണ മുഖ്യന്റെ മറുപടി വന്നു.

''സേനാ.. നീ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടരുത്. നോബിളിന് ഒന്നും സംഭവിക്കാൻ പാടില്ല...'
''അതെന്താ? ഇവനുമായി നിങ്ങൾക്ക് എന്തുബന്ധം? നിങ്ങടെ മകനാണോ? എങ്കിൽ തുറന്നുപറ... ഇവനെയും കൊണ്ട് ഞാൻ ഒരു പ്രസ് മീറ്റിന് ഒരുങ്ങുകയാണ്.

മാസ്റ്റർ വല്ലാതെ ഞെട്ടിയെന്നു തോന്നി.
''സേനാ... നോ.. നീ അവിവേകം കാണിക്കരുത്.'
രാജസേനന്റെ മുഖത്ത് ഒരു കൗശലം മിന്നി.

''ഞാൻ ഒന്നും ചെയ്യാതിരിക്കാം. നിങ്ങളെ നാറ്റിക്കാതിരിക്കാം. പകരം ഞാൻ ചോദിക്കുന്നത് നിങ്ങൾ തരുമോ?'
സി.എമ്മിന് ഉത്തരം മുട്ടി....(തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE