പിങ്ക് പൊലീസ് 113

Thursday 06 December 2018 12:06 PM IST
novel

ബാഗും ബൈക്കുമായി നോബിൾ തോമസ് ഒരു വശത്തേക്ക് മറിഞ്ഞു.
പത്തടി മുന്നോട്ടു മാറി സുമോയുടെ ടയറുകൾ ഉരഞ്ഞു കത്തി നിന്നു.
അതിന്റെ മൂന്നു ഡോറുകൾ ഒരേ നിമിഷം തുറക്കപ്പെട്ടു.


സ്പാനർ മൂസയും സാദിഖും ഗ്രിഗറിയും ചാടിയിറങ്ങി.
നോബിൾ തറയിൽ നിന്ന് എഴുന്നേൽക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
''മെയിൻ റോഡിലേക്ക് നോക്കാതെയാണോ വന്ന് ചാടുന്നത്?'


സ്പാനർ മൂസയുടെ കനത്ത കൈത്തലം അവന്റെ മുഖത്ത് ആഞ്ഞുപതിച്ചു.
''അയ്യോ. തല്ലല്ലേ...'

അവൻ ബാഗിന്റെ മുകളിലേക്കു വീണു.
മൂസ, നോബിളിനെ പിടിച്ചുയർത്തി.
''നീ ചാകാനിറങ്ങിയതാണോടാ?'

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നോബിളിന്റെ വിളറിയ മുഖം മൂസ കണ്ടു.
''ചത്താൽ കൊള്ളാമെന്ന് ഉണ്ട് ചേട്ടാ. പക്ഷേ അത് ചിലരെ കൊന്നിട്ടാകണമെന്നു മാത്രം.'
നോബിൾ പതറിയില്ല.

മൂസയുടെ കണ്ണുകൾ കുറുകി.

അയാൾ മൊബൈലിലെ ടോർച്ചിന്റെ വെളിച്ചത്തിൽ അവന്റെ മുഖം ശ്രദ്ധിച്ചു. മൂസയുടെ മനസ്സിൽ പൊടുന്നനെ സന്തോഷം അലതല്ലി.
അല്പം മുൻപ് രാഹുൽ തനിക്ക് വാട്സ് ആപ്പിൽ അയച്ചുതന്ന ഫോട്ടോ ഇവന്റെയാണ്!'
''നീ നോബിളല്ലേ?' മൂസ തിരക്കി.

''അതെ. ചേട്ടന് എങ്ങനെ എന്നെ അറിയാം?'
''ഇങ്ങനെയൊക്കെയല്ലേ ഓരോരുത്തര് പരിചയപ്പെടുന്നത്?'
മൂസ തിരിഞ്ഞു. ''ഗ്രിഗറീ...'

ആ വിളിയുടെ അർത്ഥം അയാൾ തിരിച്ചറിഞ്ഞു.
മിന്നൽ വേഗത്തിൽ ഗ്രിഗറിയും സാദിഖും ചേർന്ന് അവനെ ചുറ്റിപ്പിടിച്ചു.:
''തേടിയ വള്ളി കാലിൽ ചുറ്റിയല്ലോടാ കൊച്ചനേ...'

അവർ അവനെ ബലമായി സുമോയിൽ കയറ്റി. ഇരുവശത്തും ഗ്രിഗറിയും സാദിഖും ഇരുന്നു.
''നിങ്ങളൊക്കെ ആരാ... എന്തിനാ എന്നെ പിടിച്ചോണ്ടു പോകുന്നത്?'
നോബിൾ കുതറിക്കൊണ്ട് നിലവിളിക്കാൻ ഭാവിച്ചു.

''മിണ്ടരുത്. മിണ്ടിയാൽ എനിക്ക് പണിയാകും. നിന്നെ ജീവനോടെ വേണമെന്നൊന്നും ഞങ്ങൾക്ക് നിർബന്ധമില്ല.'
ഗ്രിഗറി അവന്റെ കൈ പിടിച്ച് തന്റെ അരയിൽ മുട്ടിച്ചു. അവിടെ ഒരായുധം ഒളിഞ്ഞിരിക്കുന്നത് നോബിൾ അറിഞ്ഞു.
ഗ്രിഗറി, നോബിളിന്റെ കൈ മാറ്റി.

''നോക്കെടാ കൊച്ചനേ.. ഈ ആയുധം പുറത്തെടുക്കാൻ നീ എന്നെ പ്രേരിപ്പിക്കരുത്. അങ്ങനെ ചെയ്യേണ്ടിവന്നാൽ പിന്നെ നീയില്ല...'
നോബിളിന്റെ തൊണ്ടയിൽ ഉമിനീർ വറ്റി.
സ്പാനർ മൂസ മുൻസീറ്റിൽ നിന്ന് പിന്നിലേക്കു തിരിഞ്ഞു.

''നിന്നെ ഞങ്ങൾ കൊണ്ടുപോകുന്നതിന്റെ കാരണം അധികം വൈകാതെ തന്നെ നിനക്ക് മനസ്സിലാകും. അതുവരെ ഇനി നാവനക്കരുത്. നിശ്വാസം പോലും ശ്രദ്ധിച്ചുവേണം.'
അതൊരു താക്കീതായിരുന്നു.

ആറന്മുള പിന്നിട്ട് സുമോ ഓടിക്കൊണ്ടിരുന്നു....
പത്തനംതിട്ട.

വെട്ടിപ്രത്തെ ഒരു വിജനമായ സ്ഥലത്താണ് സുമോ നിന്നത്.
ചിൽഡ്രൻസ് പാർക്ക് ഉണ്ടാക്കുവാനായി വർഷങ്ങൾക്കു മുൻപ് പണി തുടങ്ങിയതാണ്. ഇപ്പോഴും ഒന്നുമാകാതെ അവശേഷിക്കുന്നു.
അവിടെ ഏകദേശം പൂർത്തിയായ ഒരു കെട്ടിടം.

സുമോ അതിനു മുന്നിൽ നിന്നു''ഇറങ്ങി വാടാ' എന്ന് പറഞ്ഞുകൊണ്ട് സ്പാനർ മൂസ ആദ്യമിറങ്ങി.
നോബിളിന്റെ കോളറിൽ പിടിച്ചുകൊണ്ട് ഗ്രിഗറിയും പിന്നാലെ സാദിഖും ഇറങ്ങി.
''വിക്രമാ. വണ്ടിയൊന്നു നീക്കിയിട്ടേര്....'

മൂസ പറഞ്ഞു.
വിക്രമൻ വണ്ടി അവിടെ നിന്നു മാറ്റി.

നോബിളിനെ അവർ കെട്ടിടത്തിന്റെ അകത്തേക്കു കൊണ്ടുപോയി.

സാദിഖ് പോക്കറ്റിൽ നിന്ന് ഒരു കവർ മെഴുകുതിരിയെടുത്തു. അത് മുറിയിൽ അങ്ങിങ്ങായി കത്തിച്ചുവച്ചു.
പേടിയോടെ നോബിൾ ചുറ്റും നോക്കി.

കുറെ സിമന്റ് പറ്റിയ പലകകളും പണിക്കാർക്ക് കയറിനിന്ന് ജോലി ചെയ്യാനുള്ള 'കുതിര'യും മറ്റും അവിടെയുണ്ട്.
''സാദിഖേ... ഇവനെ ആ കുതിരയിലേക്കു കെട്ടിയേര്.' മൂസ കൽപ്പിച്ചു.

അവിടെത്തന്നെയുണ്ടായിരുന്ന പഴയ കയർ കഷണങ്ങൾ കൊണ്ട് സാദിഖും ഗ്രിഗറിയും ചേർന്ന് നോബിളിനെ കുതിരയോടു ചേർത്തു ബന്ധിച്ചു.
സ്പാനർ മൂസ ആർക്കോ ഒരു മിസ്ഡ് കാൾ അയച്ചു. സിഗ്നൽ നൽകി ... (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE