പിങ്ക് പൊലീസ് 112

Wednesday 05 December 2018 12:33 PM IST
novel

സാലമ്മയും നോബിളും ഞെട്ടിത്തിരിഞ്ഞ് വാതിൽക്കലേക്ക് നോക്കി.
അവിടെ ജോൺ തോമസ് നിൽക്കുന്നു!
സാലമ്മയുടെ ഭർത്താവ്...


തന്റെ കണ്ണുകളിൽ ഇരുട്ടു തിങ്ങുന്നതു പോലെ തോന്നി സാലമ്മയ്ക്ക്.
താഴെ വീഴാതിരിക്കാനായി അവൾ അരുകിൽ കിടന്നിരുന്ന സെറ്റിയുടെ ചാരിയിൽ അള്ളിപ്പിടിച്ചു.
''അച്ചായാ... ഞാൻ....'
സാലമ്മയുടെ ചുണ്ടുകൾ വിറച്ചു.


''മിണ്ടരുത് നീ''. ക്രൂര ഭാവത്തിൽ അയാൾ കൈ ചൂണ്ടി. ''പലരും പലതും പറഞ്ഞിട്ടുണ്ട്. പലപ്പോഴും. അപ്പോഴൊക്കെ അത് അസൂയക്കാരുടെ ജൽപ്പനങ്ങളായിട്ടേ ഞാൻ കരുതിയുള്ളൂ. പക്ഷേ ഇപ്പോൾ...'
അറപ്പോടെ ജോൺ തോമസ് നോബിളിനെ നോക്കി.


''ഈ സന്തതി സാത്താന്റേത് ആയിരുന്നെന്ന് അറിയാൻ വൈകി. സാരമില്ല. എന്റെ ഭാഗത്തു തന്നെയാണ് ഭാഗ്യം. അതുകൊണ്ടാണല്ലോ ഇപ്പോഴെങ്കിലും അറിയാൻ കഴിഞ്ഞത്?'
സാലമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി:


''അച്ചായാ. ഞാൻ പറയുന്നത് ഒന്നു കേൾക്ക്...'
''വേണ്ടാ.' ജോൺ കൈ ഉയർത്തി. കേൾക്കേണ്ടതെല്ലാം കുറേനേരമായി ഞാൻ കേട്ടുകൊണ്ടു നിൽക്കുന്നു. ഇവൻ അല്പം മുൻപു പറഞ്ഞതു പോലെ ഞാനും ശ്രദ്ധിക്കുന്നത് ഇപ്പഴാ. വേലായുധൻ മാസ്റ്ററുടെ തനി പകർപ്പല്ലേടീ ഇവൻ? അല്ലെങ്കിലും ജാരസന്തതികൾക്ക് തന്തേടെ അതേ രൂപം കിട്ടും എന്നുള്ളത് ലോക നിയമവാ....'


നോബിൾ തോമസും അസ്വസ്ഥനായി.


''താൻ പപ്പയെന്നു വിളിച്ചിരുന്ന ആൾ... തനിക്കിപ്പോൾ തികച്ചും അന്യൻ!
''നോബിൾ ...' ജോൺ വിളിച്ചു.


''കഴിഞ്ഞ നിമിഷംവരെ നിന്നെ ഞാൻ എന്റെ മകനായിത്തന്നെയാ കരുതിയിരുന്നത്. എന്നാൽ ഇനി എനിക്ക് അതിനാവില്ല. അതുകൊണ്ട് നീ ഇവിടെനിന്നു പോകണം. നമുക്ക് രണ്ടുപേർക്കും അതാ നല്ലത്.'


നോബിൾ തോമസ് സ്വയം പരിഹസിക്കുന്നതു പോലെ ഒന്നു ചിരിച്ചു.


''ഒരു തവണ കൂടി ഞാൻ പപ്പയെന്നു വിളിക്കുകയാ.. എല്ലാം അറിഞ്ഞുകഴിഞ്ഞപ്പോൾത്തന്നെ ഇവിടെ നിന്ന് ഇറങ്ങാനായി പെട്ടിയും ഒരുക്കിവച്ച് കാത്തുനിൽക്കുകയായിരുന്നു ഞാൻ. ഒരിക്കലും ഞാൻ പപ്പയെ കുറ്റപ്പെടുത്തില്ല....'
നോബിളിന്റെ ശബ്ദം പതറി.


''അന്യന്റെ ചോരയെ സ്വന്തം ചോരയായി കരുതാൻ ആത്മാഭിമാനമുള്ള ആർക്കും ആവില്ല. ഇത്രയുംകാലം എന്നെ സ്‌നേഹിച്ചതിനും എന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് ഓരോന്നു വാങ്ങിത്തന്നതിനും നന്ദി. പോവാ ഞാൻ. ഒരപേക്ഷ കൂടിയുണ്ട് പപ്പയോട്. എനിക്ക് വാങ്ങിത്തന്ന ബൈക്ക്... അത് മാത്രം തിരിച്ച് ചോദിക്കരുത്. ഈ നാട്ടിൽ നിന്ന് എത്ര അകലെയെത്താനും എനിക്കത് വേണം.'


ജോൺ തോമസിന്റെ മനസും ഒന്നലിഞ്ഞു.
അപ്പോൾ നോബിൾ വീണ്ടും പറഞ്ഞു.


''ഇവരുണ്ടല്ലോ... എന്റെ അമ്മയെന്നു പറയുന്ന ഈ സ്ത്രീ! പപ്പയെ ഇത്രയും കാലം വഞ്ചിച്ചവർ. ഒരിക്കലും പപ്പ മാപ്പുകൊടുക്കരുത്.'
മറുപടിക്ക് കാക്കാതെ അവൻ രണ്ടാം നിലയിലെ താൻ ഉപയോഗിച്ചിരുന്ന മുറിയിലേക്കു പോയി.


അവിടെ പായ്ക്കു ചെയ്തു വച്ചിരുന്ന വലിയ ട്രാവൽ ബാഗ് എടുത്ത് പുറത്തു തൂക്കി.
മടങ്ങി വന്നപ്പോൾ അവൻ ആരെയും നോക്കിയില്ല.


''മോനേ...' സാലമ്മ വിലപിച്ചു.
''നീ പോകരുത്...'
നോബിൾ അത് ശ്രദ്ധിച്ചതു കൂടിയില്ല.
പോർച്ചിൽ ഇരുന്ന ബൈക്കിൽ അവൻ കയറി.


ക്രൂരമായ ഒരു ഭാവത്തിൽ ജോൺ തോമസ്, സാലമ്മയുടെ മുന്നിലെത്തി. അവളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.


''നിനക്ക് സമയം നാളെ രാവിലെ എട്ടുമണിവരെയാണ്. ഇത്രയും കാലം എന്റെ ഭാര്യയായി സമർത്ഥമായി അഭിനയിച്ചത് ഞാൻ നൽകുന്ന ഫേവർ. എട്ടുമണിക്കുശേഷം ഒരു മിനുട്ട് നിന്നെ ഇവിടെ കണ്ടാൽ.. നിന്നെ പരലോകത്തേക്ക് അയച്ചിട്ട് ഞാൻ ജയിലിൽ പോകും.'
ജോൺതോമസ് വെട്ടിത്തിരിഞ്ഞ് തന്റെ മുറിയിലേക്കു നടന്നു.


തറയിൽ ഒട്ടിപ്പോയതു പോലെ സാലമ്മ അവിടെത്തന്നെ നിന്നു.
നോബിൾ തോമസ് ബൈക്കിൽ ചെങ്ങന്നൂർ കോഴഞ്ചേരി റോഡിലേക്ക് മിന്നൽ വേഗത്തിൽ വന്നിറങ്ങി.
അടുത്ത നിമിഷം ചെങ്ങന്നൂർ ഭാഗത്തു നിന്നു വന്ന ഒരു സുമോ അവിടെ ബ്രേക്കിട്ടു....
ബ്രേക്കമർത്തിയെങ്കിലും നോബിളിന്റെ ബൈക്ക് സുമോയിൽ വന്നിടിച്ചു....! (തുടരും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE