ലോഡ്ജിന് പുറത്ത് സുമോ വാൻ കാത്തു കിടന്നിരുന്നു.
അതിന്റെ ഡ്രൈവിംഗ് സീറ്റിൽ വിക്രമൻ ഉണ്ട്. പിന്നിൽ സാദിഖും ഗ്രിഗറിയും.
ഡിവൈ.എസ്.പി മനുശങ്കറും സ്പാനർ മൂസയും അടുത്തെത്തിയപ്പോൾ ഗ്രിഗറി ഇറങ്ങി പിന്നിലെ ഡോർ തുറന്നുകൊടുത്തു.
''സാറ് അകത്തിരുന്നാൽ മതി. അബദ്ധവശാൽ ആരെങ്കിലും കണ്ടാലോ...'
മൂസ പറഞ്ഞു.
മനുശങ്കർ പിൻസീറ്റിൽ കയറി. പിറകെ ഗ്രിഗറിയും.
സ്പാനർ മൂസ, വിക്രമനൊപ്പം മുൻ സീറ്റിലും.
''വിട്ടോ വിക്രമാ...'
വിക്രമൻ സുമോ മുന്നോട്ടെടുത്തു.
റാന്നി, എരുമേലി വഴി മുണ്ടക്കയത്ത് എത്തിയപ്പോഴേക്കും റോഡ് വിജനമായിത്തുടങ്ങി.
കൊച്ചി തേനി ഹൈവേയിൽ ഇടയ്ക്കിടെ ചുരം ഇറങ്ങി വരുന്ന ചരക്കു ലോറികൾ...
സുമോ കുട്ടിക്കാനത്ത് എത്തി.
''നമുക്ക് ഓരോന്നു പിടിപ്പിച്ചാലോ?'
മനുശങ്കർ തിരക്കി.
''അതിന് ഈ രാത്രിയിൽ ഇനി എവിടെ പോകാനാ സാറേ?'
സ്പാനർ മൂസ പിന്നോട്ടു തിരിഞ്ഞു.
''സാധനം, എന്റെ കയ്യിലുണ്ട്.'
മൂസയ്ക്കും സംഘത്തിനും സന്തോഷമായി...
കുട്ടിക്കാനത്തെ ഒരു പെട്ടിക്കടയിൽ നിന്ന് അവർ വെള്ളവും ഡിസ്പോസിബിൾ ഗ്ലാസും ഓംലറ്റും വാങ്ങി വണ്ടിയിൽ വച്ചു.
ഏകദേശം അര കിലോമീറ്റർ കൂടി മുന്നോട്ടു പോയപ്പോൾ വലതു ഭാഗത്ത് സർക്കാർ വക പൈൻ മരങ്ങളുടെ തോട്ടമായി...
തികച്ചും വിജനമായ പ്രദേശം.
അവിടെ വലത്തേക്കു ചേർത്ത് ഒതുക്കി വിക്രമൻ സുമോ നിർത്തി.
പിന്നെ ഇറങ്ങി ബോണറ്റ് ഉയർത്തിവച്ചു.
''ആരെങ്കിലും വന്നാൽ വണ്ടിക്ക് എന്തെങ്കിലും ട്രബിൾ ആണെന്നു കരുതിക്കോട്ടെ...'
പാർക്ക് ലൈറ്റ് ഇട്ടശേഷം അവർ സാധനങ്ങളുമായി പൈൻ മരത്തോട്ടത്തിലേക്കു കയറിയിരുന്നു...
അവിടെ വച്ച് അഞ്ചുപേരും കൂടി ഒരു ഫുൾ ബോട്ടിൽ 'റോമിനോ റഡ് ' വോഡ്ക തീർത്തു.
ഓംലറ്റും കഴിച്ചു.
മൂസയും സംഘവും കരുതലോടെയാണ് കഴിച്ചത്. മനുശങ്കറെ ആകുന്നത്ര കുടിപ്പിക്കുകയും ചെയ്തു. അയാൾ നല്ല ഫോമിലായി.
വീണ്ടും യാത്ര....
മനുശങ്കർ പറഞ്ഞുകൊണ്ടിരുന്നു...
''വാസ്തവത്തിൽ രാജസേനൻ സാറ് ഒരു ഭീരുവാ. പതിനഞ്ച് വയസ്സുള്ള ഒരു പെൺകൊച്ചിനെ റേപ്പു ചെയ്തു കൊന്നതാ കക്ഷി. അതുകൊണ്ടെന്താ.. ഞാൻ ചോദിക്കുമ്പോഴൊക്കെ പണം എണ്ണിത്തരും. അപ്പപ്പിന്നെ നമ്മളും അതിന്റെ നന്ദി കാണിക്കണ്ടായോ. അറിഞ്ഞോണ്ട് ആ പെണ്ണിന്റെ സഹോദരനെ ഞാൻ ലോറിക്കു മുന്നിൽ തള്ളിയിട്ടതാ...'
സ്പാനർ മൂസയും സംഘവും പരസ്പരം നോക്കി.
ഗ്രിഗറി തിരക്കി:
''അഥവാ ഇനി രാജസേനൻ സാറ് പണം തന്നില്ലെങ്കിലോ?'
മനുശങ്കർ ഒന്നു കുഴഞ്ഞു ചിരിച്ചു:
''അയാൾക്ക് തരാതിരിക്കാൻ പറ്റത്തില്ലല്ലോ... കാരണം അന്ന് നടന്നതൊക്കെ ഞാൻ ഷൂട്ടുചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരെ കൂടുതൽ നമ്പാൻ പറ്റത്തില്ലല്ലോ...' അയാൾ ചിരിച്ചു.
മൂസ ഒന്നു മൂളി.
സുമോ വണ്ടിപ്പെരിയാർ പിന്നിട്ടു.
ഇരുപതു മിനിട്ടുകൊണ്ട് കുമളിയിലെത്തി.
പ്രൈവറ്റ് വണ്ടിയായിരുന്നതിനാൽ ചെക്ക് പോസ്റ്റ് കടക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
തമിഴ്നാടിന്റെ ഭാഗത്ത് കേരളത്തിലേക്ക് ചരക്കുമായി വന്ന ലോറികളുടെ നീണ്ട നിര കണ്ടു.
സുമോ, ലോവർ പെരിയാർ ഭാഗത്തേക്കുള്ള ഇറക്കമിറങ്ങിത്തുടങ്ങി.
കൊടും വളവുകൾ....
വലതു ഭാഗത്തു നിന്നിരുന്ന മുളംകൂട്ടങ്ങളിൽ സുമോയുടെ വെളിച്ചം തൊട്ടുഴിഞ്ഞു.
മനുശങ്കർ നേരിയ മയക്കത്തിലേക്കു വീണുകഴിഞ്ഞു.
ഒരു വളവു തിരിഞ്ഞപ്പോൾ ജലത്തിന്റെ ഹുങ്കാരം കേട്ടു.
'ഇരശ്ശൽ പാലം' എന്ന ഇറച്ചിപ്പാലം..
ചെക്ക് ഡാമിൽ നിന്ന് തുറന്നുവിട്ട വെള്ളം പാറകൾക്ക് മുകളിലൂടെ കുത്തിമറിഞ്ഞ് പതഞ്ഞൊഴുകി താഴേക്കു പോകുകയാണ്.
മൂസ പിന്നോട്ടു തിരിഞ്ഞ് സാദിഖിനും ഗ്രിഗറിക്കും ഒരു സിഗ്നൽ നൽകി.
അടുത്ത നിമിഷം...
നേരത്തെ അവർ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ ഒരു കുരുക്കായി മനുശങ്കറുടെ കഴുത്തിൽ വീണു... (തുടരും)