തണുപ്പ് കാലാവസ്ഥയിൽ വളരുന്ന പച്ചക്കറിയാണ് ബീറ്റ്രൂട്ട്. ബീറ്റ് റൂട്ട് കൃഷിയ്ക്ക് നല്ല നനവുമുള്ള മണ്ണ് വേണം. ഗ്രോ ബാഗിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ മണ്ണിൽ നേരിട്ടോ നടാം. ആഗസ്റ്റ് മുതൽ ജനുവരി വരെയാണ് കൃഷി ചെയ്യാൻ പറ്റിയ സമയം. നീർവാർച്ചയുള്ള പശിമരാശി മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. കൃഷി ചെയ്യുന്ന സ്ഥലം നന്നായി ഉഴുതുമറിക്കണം. കട്ടിയുള്ള കളിമണ്ണ് ഇവയുടെ വളർച്ചയ്ക്ക് അത്ര അനുകൂലമല്ല. വിത്ത് നേരിട്ട് പാകിയാണ് കൃഷി ചെയ്യുന്നത്.
അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേർക്കാം. ഒരു ഹെക്ടറിന് 20 ടൺ ജൈവവളം ചേർത്തിളക്കിയ മണ്ണിൽ 45 സെ. മീ അകലത്തിലും 20 സെ.മീ. ഉയരത്തിലും എടുത്ത വാരങ്ങളുടെ മധ്യത്തിലായി 10 സെ.മീ. അകലത്തിൽ ചെടികൾ വരത്തക്കവണ്ണം വിത്തുപാകി മണ്ണിട്ടു മൂടുന്നു. വിത്ത് നല്ല പൊടിമണലുമായി കലർത്തിയാണ് പാകുന്നത്. ഒരു ഹെക്ടറിന് ആകെ നൽകേണ്ടത് 165 കി.ഗ്രാം യൂറിയയും 185 കി.ഗ്രാം മസൂരിഫോസും 65 കി.ഗ്രാം പൊട്ടാഷുമാണ്. ഇതിൽ മുഴുവൻ മസൂരിഫോസും പൊട്ടാഷും പകുതി യൂറിയയും അടിവളമായും ബാക്കി യൂറിയ ചെടികൾ വളർന്നു തുടങ്ങി മണ്ണുകൂടുമ്പോൾ മേൽവളമായും നൽകണം. കൃത്യമായ ജലസേചനം ഇവയ്ക്കുണ്ടാകണം. അധികം വരണ്ട പ്രദേശങ്ങളിൽ ബീറ്റ്രൂട്ട് കൃഷി അനുകൂലമല്ല. ഗ്രോബാഗിൽ നടുന്നവരാണെങ്കിൽ 25 മുതൽ 30 ദിവസം വരെ പ്രായമായ തൈകൾ ഈ ചാലിൽ 45 സെ.മി. അകലത്തിൽ നടാവുന്നതാണ്. ഇങ്ങനെ മാറ്റി നട്ടതിനശേഷം ഒരാഴ്ചത്തേക്ക് തണൽ കുത്തികൊടുക്കുന്നത് തൈകൾ എളുപ്പം പിടിച്ചു കിട്ടുന്നതിനും വളരുന്നതിനും സഹായിക്കും. ഒരു ചുവട്ടിൽ ഒരു തൈ മാത്രമേ വളരാൻ അനുവദിക്കാവൂ.
വിത്തു വിതച്ച് ഒന്നര രണ്ടുമാസമാകുമ്പോൾ വിളവെടുക്കാം. ചെടിയുടെ മുകൾഭാഗം കൈകൊണ്ട് വലിച്ച് വേണം ബീറ്റ്രൂട്ട് പുറത്തേക്കെടുക്കാൻ. കൃഷിക്കു മുന്നേ വിത്തുകൾ ഒരു വെള്ള തുണിയിൽ കെട്ടി സ്യുഡോമോണസ് ലായനിയിൽ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകൾ ആരോഗ്യത്തോടെ എളുപ്പത്തിൽ മുളച്ചു കിട്ടും. രോഗ നിയന്ത്രത്തോടൊപ്പം വിത്തുകളുടെ വളർച്ചാശേഷി കൂട്ടുക, വളർച്ചക്കാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക ഇവയൊക്കെ സ്യുഡോമോണസിന്റെ മറ്റു മേന്മകൾ ആണ്. വളർച്ചയെത്തിയ ബീറ്റ് റൂട്ടുകളെ ഷഡ്പദങ്ങൾ ആക്രമിച്ചാലും സ്യൂഡോമോണസ് ലായനി പ്രയോഗിക്കാം.