ദെെവദശകത്തിലെ ആത്മാവ് തേടുന്ന വരകൾ

Sunday 28 October 2018 12:44 AM IST
kala

ഒരു നൂറ്റാണ്ടുപിന്നിട്ട ശ്രീനാരായണഗുരുദേവന്റെ ലോകപ്രാർത്ഥനയായ ദൈവദശകത്തിന്റെ ദൃശ്യസംഗീതാവിഷ്‌കാരം ശ്രദ്ധിക്കപ്പെടുന്നു. ചിത്രാവിഷ്‌കാരവും സംവിധാനവും അഞ്ചൽ സ്വദേശിയും ചിത്രകാരനുമായ അഭിലാഷ് ഹരിതവും നിർമ്മാണം കൊടുങ്ങല്ലൂർ മേത്തല സ്വദേശിയും അദ്ധ്യാപകനുമായ കെ.പി. വിനോദ് കുമാറുമാണ് നിർവ്വഹിച്ചത്. കാലങ്ങളായി ശ്രീനാരായണ ദർശനങ്ങളെ നാമറിയുന്നത് ഗുരുവിന്റെ വാക്കുകളിലൂടെയും, വരികളിലൂടെയുമാണ്. തിരതല്ലി വരുന്ന കാവ്യഭംഗിയും ആഴത്തിലുള്ള ദാർശനികതയും കൊണ്ട് സമുദ്രസമാനമായ ഗുരുവിന്റെ കാവ്യലോകത്തേയ്ക്ക് നിറങ്ങളും, അനിമേഷനും രാഗങ്ങളും ഡോക്യുമെന്ററിയും സമന്വയിപ്പിച്ച് ഭക്തി നിർഭരമായി കലയിലൂടെ നടത്തിയ അന്വേഷണമാണ് ദൃശ്യസംഗീതം.


ദൈവദശകത്തിലെ പത്ത് ശ്ലോകങ്ങളെ പത്ത് ചിത്രങ്ങളിലൂടെ ദൃശ്യവൽക്കരിക്കുകയും, അനിമേഷന്റെ സഹായത്തോടെ ചലനാത്മകമാക്കുകയും ചെയ്യുന്നതോടൊപ്പം, ഹിന്ദുസ്ഥാനിയിലെ പത്തുവ്യത്യസ്ത രാഗങ്ങളിലുള്ള ആലാപനവും ദൈവദശത്തിന്റെ ആസ്വാദനവും അടങ്ങുന്ന നൂതന ആവിഷ്‌കാരമാണ് ദൃശ്യസംഗീതം. നടരാജഗുരുവും ഗുരു നിത്യചൈതന്യയതിയും ഗുരുദേവന്റെ ദാർശനിക കൃതികൾക്ക് ദൃശ്യാവിഷ്‌കാരം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ മഹാഗുരുക്കൻമാരുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് എളിയരീതിയിലെങ്കിലും തുടക്കമിടാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് അഭിലാഷ് ഹരിതവും കെ.പി. വിനോദ് കുമാറും. കലയിലെ നാല് വ്യത്യസ്ത സങ്കേതങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള അവതരണമാണ് ദൃശ്യ സംഗീതത്തെ പ്രത്യേകത. ഒരു ദാർശനിക കവിത പെയിന്റിംഗിലൂടെയും അനിമേഷനിലൂടെയും ഹിന്ദുസ്ഥാനി രാഗങ്ങളിലൂടെയും ഡോക്യുമെന്ററിയിലൂടെയും ഒരേ സമയം അവതരിപ്പിക്കപ്പെടുന്നത് ആദ്യമായാണ്. പുറത്തേയ്ക്ക് ശാന്തമായി ഒഴുകുന്ന നദിപോലെ തോന്നുമെങ്കിലും മഹാപ്രപഞ്ചബോധം ലഭിച്ച ഗുരുദേവന്റെ മഹത്ദർശനങ്ങളുടെ സംക്ഷിപ്ത കാവ്യാനുഭവമായ ദൈവദശകം ജാതിമത ഭേദമന്യേ ഏവർക്കും ആത്മീയ അനുഭൂതി നൽകുന്ന പ്രാർത്ഥനയാണ്. തലമുറകളെ ജ്ഞാനസാന്ദ്രമാക്കുന്ന ദൈവദശകത്തെ ചിത്രരൂപത്തിൽ കാണുവാനും നേരിട്ട് അനുഭവവേദ്യമാക്കുവാനുമുള്ള അവസരമാണ് ദൃശ്യസംഗീതം നൽകുന്നത്.


ദൃശ്യസംഗീതത്തിന്റെ ഒന്നാമത്തെ ഘട്ടം ചിത്രരചനയുടേതായിരുന്നു. ഗുരുദേവന്റെ ദർശനങ്ങളെ പരിമിതപ്പെടുത്താത്തവിധം ചിത്രങ്ങളാക്കുക എന്നത് നിരന്തര സാധന ആവശ്യപ്പെടുന്ന പ്രവർത്തനമായിരുന്നുവെന്നും മുമ്പ് കേരള ലളിതകലാ അക്കാഡമി സംസ്ഥാനപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ആവിഷ്‌ക്കാരമായിരുന്നു ദൃശ്യസംഗീതമെന്നും അഭിലാഷ് പറഞ്ഞു. ഡ്രൈ പേസ്റ്റൽ, ഫൈൻ ലൈനർ എന്നീ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ചിത്രാവിഷ്‌കാരം നടത്തിയത്. ദൃശ്യസംഗീതത്തിന്റെ രണ്ടാമത്തെ ഘട്ടം ചിത്രങ്ങൾക്ക് അനിമേഷൻ നൽകുക എന്നതായിരുന്നു. കാലാതീതമായി ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന ഗുരുദേവദർശനങ്ങൾ ഏറ്റവും ആധുനിക കലയായ അനിമേഷനിലൂടെ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ സങ്കേതം ഉപയോഗിക്കാനുള്ള കാരണം. ദൃശ്യസംഗീതത്തിലെ അനിമേഷന്റെ പ്രത്യേകത കമ്പ്യൂട്ടർ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെയല്ല ദൃശ്യങ്ങൾ രൂപപ്പെടുത്തിയത് എന്നുള്ളതാണ്. ഒരോസെക്കന്റും ആവശ്യപ്പെടുന്ന ചലനത്തിനനുസരിച്ച് ചിത്രങ്ങൾ ആവർത്തിച്ച് വരക്കുകയും പിന്നീട് അതിന്റെ ഫോട്ടോഗ്രാഫെടുത്ത് കോംപോസിറ്റ് ചെയ്ത് അനിമേഷനാക്കി മാറ്റുകയുമായിരുന്നു. ഇതിനായി ഒരേ ചിത്രങ്ങൾ തന്നെ നൂറുകണക്കിന് തവണ വരയ്ക്കേണ്ടിവന്നു. സുഹൃത്തും തൃശൂർ സ്വദേശിയുമായ റോബിൻ ജോസാണ് അനിമേഷൻ നിർവഹിച്ചത്. ഈ പരിശ്രമത്തിനായി ഒന്നരവർഷത്തോളം എടുത്തു. ദൃശ്യസംഗീതത്തിന്റെ മൂന്നാമത്തെ ഘട്ടം ഹിന്ദുസ്ഥാനിയിലുള്ള പത്ത് വ്യത്യസ്ത രാഗങ്ങളിലുള്ള ആലാപനമായിരുന്നു. ഗായിക ഗായത്രിയാണ് സംഗീതവും ആലാപനവും നിർവ്വഹിച്ചത്. പത്തശ്ലോകങ്ങളും ഹിന്ദുസ്ഥാനിയിലൂടെ ആത്മീയ ശ്രവ്യാനുഭവമാക്കിത്തീർക്കുവാൻ ഗായത്രിക്ക് കഴിഞ്ഞു.


ദൃശ്യസംഗീതത്തിലെ നാലാമത്തെ ഭാഗം ദൈവദശകത്തിന്റെ ആസ്വാദനമടങ്ങിയ ഡോക്യുമെന്ററി ആയിരുന്നു. ദൈവദശകത്തിലെ ദർശനങ്ങൾ എല്ലാവരിലേക്കും എത്തുവാനാണ് ഡോക്യുമെന്ററി ചെയ്തത് സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയിട്ടുള്ള മലയാളത്തിലെ പ്രഗൽഭ എഴുത്തുകാരായ ആശാമേനോനും, ഷൗക്കത്തുമാണ് ഈ ഉദ്യമത്തിൽ സഹകരിച്ചത്. ആശാമേനോൻ ആമുഖവും, ഷൗക്കത്ത് ആസ്വാദനവും നിർവഹിച്ചു. ആസ്വാദനത്തിനായി നിരന്തരമായ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും എഴുത്തുകാരനുമായ ഷൗക്കത്തിൽ എത്തിച്ചേർന്നത്. ഷൗക്കത്തിന്റെ അത്യന്തം ഹൃദ്യവും ലളിതവുമായ ആസ്വാദനം ഏതൊരാൾക്കും ദൈവദശകത്തിന്റെ ദർശനങ്ങളെ ആഴത്തിൽ അറിയുവാനുള്ള അവസരം ഒരുക്കുന്നു. ദൃശ്യ സംഗീതത്തിന്റെ ആദ്യ പ്രദർശനം ആറുമാസങ്ങൾക്ക് മുമ്പ് കൊച്ചി ഡർബാർ ഹാളിൽ ആഷാമേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് എം.കെ.സാനുമാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. പിന്നീട് ഡൽഹി, കൊടുങ്ങല്ലൂർ, എസ്.എൻ.ജി.സി ഹൈദരബാദ് എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ നടക്കുകയുണ്ടായി. തുടർന്നും കൂടുതൽ പ്രദർശനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹയർ സെക്കൻഡറി അദ്ധ്യാപകരായ അഭിലാഷ് ഹരിതവും, കെ.പി.വിനോദ് കുമാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE