പാടുകളൊക്കെ കളഞ്ഞ് കരുവാളിപ്പ് മാറ്റി, മുഖത്തിന് പൊന്നിൻനിറം വേണോ ?

Friday 23 November 2018 11:23 AM IST
beauty-packs

പഴവവർഗങ്ങൾ കഴിയ്ക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും നല്ലതാണെന്ന് നമുക്കറിയാം. ഇവ ചർമ്മത്തിൽ പുരട്ടുന്നതും ചർമത്തിന് ഗുണം ചെയ്യും. ഫ്രൂട്ട് ഫേഷ്യൽ എന്ന വിഭാഗം തന്നെയുണ്ടായത് ഇങ്ങനെയാണ്. എതു കാലത്തും ലഭിക്കാവുന്ന പഴം നല്ലൊന്നാന്തരം ഫേഷ്യൽ ഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ വൈറ്റമിൻ എ, ബി, ഇ എന്നിവ ചർമത്തിന് പ്രായക്കുറവ് തോന്നിക്കുന്നതിന് വളരെയേറെ സഹായിക്കുന്നു. ഇതിൽ അത്ഭുതങ്ങളൊന്നും തന്നെയില്ല, പഴം നല്ല പോലെ ഉടച്ച് മുഖത്ത് തേക്കണമെന്നേയുള്ളൂ.

സിട്രസ് പഴങ്ങൾ ആവോളം
നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങൾ വിറ്റാമിൻ സി, അമിനോ ആസിഡ് തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. രക്തപ്രവാഹം കൂട്ടാൻ ഈ പഴങ്ങൾക്ക് കഴിയും. ഇത് ചർമ്മത്തിന് കൂടുതൽ ഉന്മേഷവും പുതുമയും നൽകും. എണ്ണമയമുള്ളതും കറുത്ത പാടുകളുള്ളതുമായ ചർമ്മമുള്ളവർക്ക് ഈ പഴങ്ങൾ വളരെ നല്ലതാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഫേസ് മാസ്‌കുകൾ സഹായിക്കാറുണ്ട്. പഴങ്ങളും പച്ചക്കറികളും എന്തിന് മണ്ണ് പോലും ഫേസ് മാസ്‌കുണ്ടാക്കാൻ ഉപയോഗിക്കാം. പതിവിൽ നിന്നും വ്യത്യസ്തമായ ചില ഫേസ് മാസ്‌ക്കുകളെ കുറിച്ച് അറിയൂ.

മുഖകാന്തിക്ക്
ഓറഞ്ച് നീരും ഓറഞ്ച് തൊലിയും ഫേസ് മാസ്‌കായി സാധാരണ ഉപയോഗിക്കാറുണ്ട്. ഇതിന്റെ കൂടെ അൽപം തേൻ ചേർത്താൽ നല്ലൊന്നാന്തരം സൗന്ദര്യലേപനമാകും. ഓറഞ്ചിന് പുറമേ ഏത് ഫലവർഗങ്ങൾ കൊണ്ടും ഇത്തരം ഫേസ് മാസ്‌കുണ്ടാക്കാം. മുഖത്തെ കരുവാളിപ്പ് അകറ്റി മുഖത്തിന് സ്വാഭാവിക നിറം നൽകാൻ ഈ മാസ്‌ക്ക് ഏറെ സഹായിക്കുമെന്നത് നൂറുശതമാനം ഉറപ്പ്.

പൊന്നിൻനിറത്തിന്
സ്ട്രോബെറി ഉടച്ചതിന്റെ കൂടെ നാരങ്ങാനീര്, ഗോതമ്പുപൊടി, പാൽ, ബദാം ഓയിൽ എന്നിവ നന്നായി യോജിപ്പിച്ചു ചേർത്താൽ വരണ്ട ചർമത്തിനുള്ള ഫേസ് മാസ്‌കായി. മുഖത്ത് ഇത് ഇട്ട ശേഷം ഉണങ്ങിക്കഴിയുമ്പോൾ പൊളിച്ചെടുക്കാം.

ബ്ളാക്ക് ഹെഡ്സ് അകറ്റാൻ
മുട്ടമഞ്ഞയും നാരങ്ങാനീരും ചേർത്ത് മുഖത്തിട്ടാൽ ബ്ലാക്ക്‌ഹെഡ്സ് മാറിക്കിട്ടും.വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഫേസ് മാസ്‌ക്ക് ചർമ്മത്തിന് ദോഷം ചെയ്യുമെന്ന് പേടിക്കുകയും വേണ്ട.

പാടകറ്റാൻ
മുൾട്ടാണി മിട്ടി, കറ്റാർ വാഴ, പനിനീർ, നാരങ്ങാനീര് എന്നിവ ചേർത്ത് മുഖത്തിട്ടാൽ മുഖത്തെ സ്വേദഗ്രന്ഥികൾ തുറക്കുകയും മുഖം വൃത്തിയാവുകയും ചെയ്യും. മുഖക്കുരുവും പാടുകളും കുറയാൻ ഈ ഫേസ് മാസ്‌ക്ക് നല്ലതാണ്. തക്കാളി മുറിച്ച് മുഖത്ത് അൽപ്പനേരം ഉരയ്ക്കുന്നത് പാടുകൾ മാറാൻ സഹായിക്കും.

പ്രായക്കുറവിന്
ഓട്സ് പപ്പായ, പഞ്ചസാര, തക്കാളി എന്നിവയുമായി കൂട്ടിച്ചേർത്ത് നല്ല ഫേസ്മാസ്‌കുണ്ടാക്കാം. ഇത് ചർമ്മമത്തിന് പ്രായക്കുറവു തോന്നിപ്പിക്കുന്ന ഒരു ഫേസ് മാസ്‌കാണ്. ഓറഞ്ചിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് പ്രായക്കുറവ് തോന്നുന്നതിന് സഹായിക്കുന്നു. ഓറഞ്ച് മുഖത്ത് ഉരസുന്നതും നല്ലത്. ചർമത്തിന് നിറം വർദ്ധിക്കാനും പാടുകളുണ്ടെങ്കിൽ പോകുവാനും ഇത് സഹായിക്കും. വൈറ്റമിൻ എ, ആന്റി ഓക്സിഡന്റ് എന്നിവയടങ്ങിയ മാങ്ങയും ചർമസംരക്ഷണത്തിൽ ഒന്നാമനാണ്. ഇവയിൽ വൈറ്റമിൻ എ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമം അയഞ്ഞ് തൂങ്ങാതിരിക്കാൻ ഇത് സഹായിക്കുന്നു.

മുഖം വൃത്തിയാക്കാൻ
വെള്ളരിക്കാ നീരും ഓറഞ്ച് നീരും തണ്ണിമത്തൻ ജ്യൂസും പാൽപ്പാടയും ചേർത്ത് മുഖത്ത് പുരട്ടുക. പത്തുമിനിട്ട് കഴിഞ്ഞ് നന്നായി കഴുകാം. മുഖത്തെ അഴുക്കും പൊടിയും നീക്കം ചെയ്ത് എപ്പോഴും വൃത്തിയായിട്ടിരിക്കാൻ ഇത് സഹായിക്കും. തൈര്, തണ്ണിമത്തൻ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് നല്ല തണുപ്പ് നൽകും. റോസാപ്പൂവിന്റെ ഇതളുകൾ വെള്ളത്തിലിട്ട് വച്ചശേഷം പിന്നീട് ഈ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും നല്ലതാണ്. ചർമ്മം മൃദുലമാകാൻ മികച്ച മാർഗമാണിത്.

ചെറുചൂട് വെള്ളത്തിൽ ചെറുനാരങ്ങാനീര്
രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം ചെറുനാരങ്ങാനീരും തേനും കലർത്തി കുടിയ്ക്കുന്നത് ചർമ്മം വൃത്തിയാക്കാൻ സഹായിക്കും. നല്ലൊരു ക്ലെൻസറിന്റെ ഗുണമാണ് ഇത് നൽകുന്നത്. ചർമ്മത്തിന് നിറം നൽകുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും ചെറുനാരങ്ങ നല്ലതാണ്.മുറിച്ച ചെറുനാരങ്ങ ഉരസിയാൽ ചർമ്മത്തിന്റെ കറുപ്പു കുറയുകയും മിനുസം ലഭിക്കുകയും ചെയ്യും. ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേർത്ത് മുഖത്ത് പുരട്ടിയാൽ ചർമം മിനുസമാകുകയും തിളക്കമുള്ളതാകുകയും ചെയ്യും

തക്കാളി ബെസ്റ്റ്
ചർമസംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ പലതുണ്ട്. ഇതിലൊന്നാണ് തക്കാളി. നല്ലൊരു ഭക്ഷ്യവിഭവമെന്നതിലുമുപരിയായി സൗന്ദര്യവർദ്ധനവിന് സഹായിക്കുന്നൊരു പഴമാണ് തക്കാളി. തക്കാളിയുടെ നീര് മുഖത്ത് പുരട്ടുന്നത് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. ഇവഎന്തൊക്കെയാണെന്ന് നോക്കാം.

ചർമ്മത്തിലെ സുഷിരം ചെറുതാക്കാൻ
ചർമ്മത്തിലെ സുഷിരങ്ങൾക്ക് വലിപ്പം കൂടുന്നത് നല്ലതല്ല. ഇത് ചർമ്മത്തിൽ അഴുക്കും മാലിന്യവും അടിഞ്ഞു കൂടുവാൻ കാരണമാകും. തക്കാളിയുടെ നീര് മുഖത്തു പുരട്ടുന്നത് ചർമ്മസുഷിരങ്ങൾ ചെറുതാകാൻ കാരണമാകും.

കരുവാളിപ്പ് അകറ്റാൻ
തക്കാളി നീര് മുഖക്കുരുവിനുള്ളൊരു പരിഹാരം കൂടിയാണ്. തക്കാളി നീര് മുഖത്ത് പുരട്ടി 20 മിനിറ്റു കഴിയുമ്പോൾ കഴുകിക്കളയാം. ഇത് മുഖക്കുരു മാറാനുള്ള മികച്ച പരിഹാരമാണ്. വേനൽക്കാലത്ത് പുറത്തിറങ്ങിയാൽ വെയിലേറ്റ് ചർമം കരുവാളിയ്ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. തക്കാളിയുടെ നീര് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് കുറയ്ക്കും.

നല്ലൊരു ക്ലെൻസർ
വെയിലേറ്റു വാടുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന കറുത്ത പാടുകൾ മായ്ച്ചുകളയുന്നതിന് തക്കാളി നീര് നല്ലതാണ്. ചർമ്മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെൻസറാണ് തക്കാളി നീര്. ഇത് മുഖത്ത് പുരട്ടുന്നത് ചർമം വൃത്തിയാക്കാൻ സഹായിക്കും. മുഖചർമ്മത്തിന് തിളക്കം നൽകാനും തക്കാളിയുടെ നീര് നല്ലത് തന്നെ. ഇതിന് ബ്ലീച്ചിംഗ് ചെയ്യുന്നതിന്റെ ഗുണവുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE