പ്രണയം വിളിച്ചോതുന്ന കണ്ണുകൾ സ്വന്തമാക്കാം

Thursday 22 November 2018 2:21 PM IST
eyes

സൗന്ദര്യത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം ചെറുതല്ല. അത് പണ്ടാണെങ്കിലും ഈ ന്യൂ ജനറേഷൻ കാലത്താണെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. സുന്ദരിയാകണമെങ്കിൽ അവൾക്ക് നല്ല ഭംഗിയുള്ള കണ്ണുകൾ ഉണ്ടാകണമെന്നാണ് പണ്ടുതൊട്ടേ പറയപ്പെടുന്നത്. പെൺകുട്ടികൾ എപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു പടി കൂടി ശ്രദ്ധ എപ്പോഴും കണ്ണുകൾക്ക് നൽകും. ഇന്നും സൗന്ദര്യത്തിന്റെ അളവുകോലിൽ കണ്ണുകൾ തന്നെയാണ് മുഖ്യസ്ഥാനം അലങ്കരിക്കുന്നത്. ഒരാളുടെ കണ്ണിൽ നോക്കിയാൽ അവരുടെ സ്വഭാവം വരെ മനസിലാക്കാൻ കഴിയും. മാത്രവുമല്ല, മനസിലുള്ള എല്ലാ വികാരങ്ങളും പെട്ടെന്ന് തെളിയുന്നതും ഇതേ കണ്ണുകളിലാണ്. കഥ പറയുന്ന കണ്ണുകളും പ്രണയം വിളിച്ചോതുന്നതും ഒക്കെ ആദ്യം കണ്ണുകളല്ലേ. അത്രത്തോളം പ്രാധാന്യം അർഹിക്കുന്ന കണ്ണുകളെ അല്പം കരുതലോടെ വേണം കാക്കേണ്ടത്.

കണ്ണുകൾ മനോഹരമാക്കാനുള്ള പല വഴികളുമുണ്ട്. കണ്ണുകൾ ഭംഗിയുള്ളതാക്കാൻ അല്പമൊന്നു മനസു വച്ചാൽ മതി. വലിയ കണ്ണുകളെ മനോഹരമാക്കാനും ചെറിയ കണ്ണുകൾക്ക് വലിപ്പം കൂട്ടാനുമൊക്കെ ഐ മേക്കപ്പിലൂടെ സാധിക്കും.

1. കൺമഷി
നല്ല കൺമഷി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. കണ്ണിന്റെ ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് കൺമഷിക്കുണ്ട്. ഉപയോഗിക്കാൻ എളുപ്പത്തിൽ വിവിധതരം ഐലൈനറുകൾ ഇന്ന് ലഭ്യമാണ്. അതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് വേണം കണ്ണെഴുതേണ്ടത്. പാർട്ടിക്കു പോകുന്നതുപോലെയുള്ള മേക്കപ്പ് ഒരിക്കലും ഓഫീസിൽ പോകുമ്പോൾ ചെയ്യരുത്. അത് ഭംഗിയേക്കാൾ കൂടുതലായി അഭംഗിയാകും ഉണ്ടാക്കുക. ദിവസവുമുള്ള മേക്കപ്പിന് കണ്ണുകളിൽ കട്ടിയായി ഐലൈനർ വരയ്ക്കേണ്ടതില്ല. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കുറച്ച് കട്ടിയായി തന്നെ കണ്ണുകൾ ഒരുക്കണം. മുകളിൽ വരയ്ക്കുന്നതു പോലെ തന്നെ കണ്ണിന് താഴെയും കൺമഴി എഴുതാൻ മറക്കരുത്.

2. ഐഷാഡോ
ചർമ്മത്തിന്റെ നിറത്തിന് ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാൻ. ഓഫീസിൽ പോകുമ്പോൾ ഐഷാഡോ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചാൽ പോലും വളരെ നേർമ്മയിൽ ഇളം കളറുകൾ വേണം പുരട്ടേണ്ടത്. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കണ്ണുകളെ കൂടുതൽ ആകർഷകമാക്കാൻ ഐഷാഡോ നിർബന്ധമായും ഉപയോഗിക്കണം. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക. പിന്നീട് ആവശ്യമെങ്കിൽ വിവിധ വർണങ്ങൾ നൽകാം. തിരഞ്ഞെടുക്കുന്ന നിറങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിനിണങ്ങുന്ന നിറവും മുഖത്തിന് ചേരുന്ന മേക്കപ്പും വേണം തിരഞ്ഞെടുക്കേണ്ടത്. പാർട്ടിക്കു പോകുമ്പോഴാണെങ്കിൽ വസ്ത്രത്തിനിണങ്ങുന്ന നിറത്തിലുള്ള ഐഷാഡോ തന്നെ ഉപയോഗിക്കുക.

3. മസ്‌കാര
കണ്ണുകൾ ആകർഷകമാക്കുന്നതിന് കൺപീലികൾക്ക് വളരെ ശ്രദ്ധ നൽകണം.അതിന് മസ്‌കാര വളരെയധികം സഹായിക്കും. കണ്ണുകൾ കൂടുതൽ വലുതും തിളക്കമുള്ളതുമാക്കാൻ മസ്‌കാര എഴുതുന്നതിലൂടെ സാധിക്കും.മാത്രവുമല്ല, കണ്ണുകൾക്ക് കൂടുതൽ കറുപ്പും തോന്നിക്കും. കൺപീലിയുടെ അഴകിന് പ്രധാനമായും ഉപയോഗിക്കേണ്ടതാണ് മസ്‌കാര. കണ്ണിന് പ്രത്യേകമായ ഒരെടുപ്പ് നൽകാൻ മസ്‌കാരയ്ക്ക് കഴിയും. പുറത്തിറങ്ങുമ്പോഴെല്ലാം മസ്‌കാര ഉപയോഗിക്കാൻ മറക്കരുത്. ചെറിയ മേക്കപ്പ് ആണ് കണ്ണുകൾക്ക് നൽകുന്നതെങ്കിലും കണ്ണുകളെ മനോഹരമാക്കാൻ മസ്‌കാര ഉപയോഗിക്കാവുന്നതാണ്.

4. ഐലാഷസ്
കണ്ണിന് പീലി കുറഞ്ഞവർക്ക് വെയ്ക്കാവുന്ന കൃത്രിമ ഐലാഷസുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഐലാഷസ് വെച്ചശേഷം മസ്‌ക്കാരയിടാം. മസ്‌ക്കാര ഉപയോഗിക്കുന്നതിനുമുമ്പ് പീലികൾ ഒരു ബ്രഷ് കൊണ്ട് മുകളിലേക്ക് ചുരുട്ടുകയും ചീകിവൃത്തിയാക്കുകയും വേണം. എന്നിട്ട് വേണം മസ്‌ക്കാര ഉപയോഗിക്കേണ്ടത്.

5. ഐ ബ്രേ പെൻസിൽ
കണ്ണുകളെ ആകർഷകമാക്കുന്നതു പോലെ പ്രധാനമാണ് പുരികത്തിന്റെ ഭംഗിയും. പുരികം നല്ല രീതിയിൽ ഷേപ്പ് ആക്കിയ ശേഷം കറുപ്പ് തോന്നിക്കാൻ ഐബ്രോ പെൻസിൽ ഉപയോഗിക്കണം.

വേണ്ടത് കരുതൽ
കണ്ണുകൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും. ഒരുപാട് സമയം മോണിറ്ററിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നവർ കണ്ണിന് അല്പം കരുതൽ നൽകാൻ മറക്കരുത്.ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നതും കണ്ണടച്ച് അല്പസമയം ഇരിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE