പൊട്ടൽ പതിവ്; പാളം ബലപ്പിക്കാൻ റെയിൽവേ

ഒ.സി.മോഹൻരാജ് | Thursday 29 November 2018 12:36 AM IST
train

കണ്ണൂർ: സംസ്ഥാനത്ത് പതിവായ പാളത്തിലെ വിള്ളൽ യാത്രക്കാർക്ക് ഭീഷണിയായതോടെ അടിയന്തരമായി ബലപ്പെടുത്തൽ പൂർത്തിയാക്കാൻ റെയിൽവേയുടെ നിർദ്ദേശം. കഴിഞ്ഞദിവസം ചിറയിൻകീഴ് ശാർക്കരയിലെ പാളത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം വൈകിയിരുന്നു. 550 ദശലക്ഷം ടൺ ഭാരമാണ് ഒരു പാളത്തിനു താങ്ങാവുന്ന ശേഷി. ഇത് 880 ദശലക്ഷം ടണ്ണാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു മീറ്റർ പാളത്തിന്റെ ഭാരം 52 കിലോയിൽ നിന്ന് 60 ആക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഇതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ടി.ആർ.ടി എന്ന ആധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഒരു ദിവസം കൊണ്ടു ഒരു കിലോമീറ്റർ പാളം മാറ്റാം. 12 -13 വർഷം കഴിയുമ്പോൾത്തന്നെ ട്രാക്കുകളിൽ പൊട്ടലുണ്ടാകുന്നുണ്ട്. സംസ്ഥാനത്തെ ട്രാക്കുകളിൽ ഏറിയ പങ്കും 15 വർഷം കഴിഞ്ഞവയാണ്.

കാലാവസ്ഥാ വ്യതിയാനമാണ് പാളങ്ങൾക്ക് ഭീഷണിയാകുന്നതെന്ന് റെയിൽവേ നടത്തിയ പഠനം പറയുന്നു. പകലുള്ള കൊടും ചൂട് പാളത്തിൽ വിള്ളലിനും പൊട്ടലിനും കാരണമാകുന്നു. വെൽഡ് ചെയ്‌ത, പഴകിയ ട്രാക്കുകളാണ് അതിവേഗം പൊട്ടുന്നത്. ഓരോ 13 മീറ്ററിലും ബോൾട്ടിട്ടു മുറുക്കിയാണ് മുമ്പ് പാളങ്ങൾ യോജിപ്പിച്ചിരുന്നത്. കുലുക്കം ഒഴിവാക്കാൻ പിന്നീട് പാളങ്ങൾ വെൽഡ് ചെയ്‌ത് ബന്ധിപ്പിച്ചു തുടങ്ങി. പകൽ ഉരുകിത്തിളയ്‌ക്കുന്ന പാളങ്ങളിൽ രാത്രി ചാറ്റൽ മഴ പെയ്താലും പൊട്ടാൻ സാദ്ധ്യതയേറെയാണ്. പൊട്ടുന്നതു പലപ്പോഴും പുലർച്ചെയാണ്. കാലവർഷത്തിൽ മഴ ധാരാളം കിട്ടുമ്പോൾ ട്രാക്കുകളിൽ തുരുമ്പ് കൂടും. ടോയ്‌ലെറ്റ് മാലിന്യമാണ് തുരുമ്പ് കൂട്ടുന്ന മറ്റൊന്ന്.

550 ദശലക്ഷം ടണ്ണിന്

ട്രാക്ക് മാറ്റണം
ഒരു ട്രാക്കിലൂടെ 550 ദശലക്ഷം ടൺ ഓടിയാൽ അത് മാറ്റണമെന്നാണ് ഇന്ത്യൻ റെയിൽവേ നിയമം. കേരളത്തിലെ ട്രാക്കിന്റെ ഉപഭോഗം 160 ശതമാനമാണെങ്കിലും ട്രെയിനുകളിൽ അധികവും യാത്രാ വണ്ടികളായതിനാൽ കൂടുതൽ കാലം ഉപയോഗിക്കാം. ചരക്കുവണ്ടികൾ ഓരോ ബോഗിയിലും 60- 70 ടൺ ഭാരവുമായി ഒാടുമ്പോൾ യാത്രക്കാരുടെ കമ്പാർട്ട്മെന്റുകളിൽ ശരാശരി ആറ് ടൺ ഭാരമാകും ഉണ്ടാകുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA