തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവാദങ്ങളിൽ കുടുങ്ങി വാടിത്തളർന്ന സോളാർ പദ്ധതി വീണ്ടും തളിരിടുന്
ദേശീയ സൗരോർജ്ജ വികസന പദ്ധതിയുടെ ചുവടുപിടിച്ച് സംസ്ഥാനം ആവിഷ്കരിച്ച സൗര പദ്ധതിയിലേക്ക് എത്തിയത് 6000 അപേക്ഷകൾ. ഇതിൽ പകുതിയും കൊച്ചിയടക്കമുള്ള നഗരങ്ങളിൽ നിന്നാണ്. തെക്കൻ ജില്ലകളിൽ നിന്ന് അപേക്ഷകർ കുറവാണ്.
വീടിനു മുകളിൽ സോളാർ പാനൽ പിടിപ്പിച്ചാൽ ഉണ്ടാകുന്ന വൈദ്യുതിയത്രയും നിശ്ചിതവിലയ്ക്ക് കെ.എസ്.ഇ.ബി വാങ്ങുമെന്ന ഉറപ്പാണ് സോളാറിന് പിന്തുണ കൂടാൻ കാരണം. വേണ്ടിവന്നാൽ റൂഫ്ടോപ്പ് സോളാർ പാനലും കെ.എസ്.ഇ.ബി ഉണ്ടാക്കിക്കൊടുക്കും. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തരത്തിലുള്ള ഒാപ്ഷനുകളാണ് കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുവരെ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. ഒരു കിലോവാട്ട് സോളാർ വൈദ്യുതിയുണ്ടാക്കാൻ 12 ച. മീറ്റർ സ്ഥലം വേണം. സോളാർ പാനലുകളുടെ ലഭ്യതക്കുറവാണ് ഉടനടി പദ്ധതി നടപ്പാക്കുമ്പോഴുള്ള തടസം.
മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ അഞ്ച് ശതമാനമെങ്കിലും സോളാറിൽനിന്ന് കണ്ടെത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ വ്യവസ്ഥ. അതു കണക്കിലെടുത്താണ് കൂടുതൽ ആകർഷകമായി സോളാർ പദ്ധതി വീണ്ടും അവതരിപ്പിക്കാൻ വൈദ്യുതി ബോർഡ് നിർബന്ധിതമായത്. 2022 ഒാടെ സംസ്ഥാനത്ത് 1000 മെഗാവാട്ട് സോളാർ വൈദ്യുതി കണ്ടെത്തുകയാണ് ബോർഡിന്റെ ലക്ഷ്യം. നിലവിൽ 117.74 മെഗാവാട്ടാണ് സോളാർ വൈദ്യുതി ഉത്പാദനം. 1000 മെഗാവാട്ടിലെത്തിക്കാൻ 500 മെഗാവാട്ടും റൂഫ് ടോപ്പിലൂടെ കണ്ടെത്താമെന്നാണ് പ്രതീക്ഷ. ഇതിൽ 150 മെഗാവാട്ട് വീടുകൾക്കു മുകളിലും 250 മെഗാവാട്ട് വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും മുകളിലും ശേഷിക്കുന്ന 100 മെഗാവാട്ട് സർക്കാർ സ്ഥാപനങ്ങളുടെ മുകളിലും സോളാർ ഘടിപ്പിച്ച് സമാഹരിക്കും.
ഒരുലക്ഷം മെഗാവാട്ട് സോളാർ വൈദ്യുതി
ലോകത്ത് കൂടുതൽ സോളാർ ഉത്പാദിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ 23,000 മെഗാവാട്ടാണ് ഉത്പാദനം. 2022 ഒാടെ ദേശീയ തലത്തിൽ ഒരുലക്ഷം മെഗാവാട്ട് സോളാർ വൈദ്യുതിയുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിലേക്കാണ് കേരളം 1000 മെഗാവാട്ട് സോളാർ വൈദ്യുതി കണ്ടെത്തി നൽകേണ്ടത്.