വൃക്ക മാറ്റിവച്ചത് രണ്ട് തവണ, ജീവിതം ആസ്വദിച്ച് ദമ്പതികൾ

കെ.എസ്.അരവിന്ദ് | Thursday 29 November 2018 12:27 AM IST
ajith

തിരുവനന്തപുരം : അവയവമാറ്റത്തിന് ശേഷം ദാതാവിനും സ്വീകർത്താവിനും 'സാധാരണ ജീവിതം' അപ്രാപ്യമെന്ന സമൂഹത്തിന്റെ 'തെറ്റിദ്ധാരണ' പൊളിച്ചെഴുതുകയാണ് അജിത്കുമാറും ഭാര്യ ബിജിയും. ഇരുവൃക്കകളും തകരാറിലായി മരണത്തെ മനസാ വരിച്ച അജിത്കുമാറിന് രണ്ടുതവണയാണ് വൃക്ക മാറ്റിവച്ചത്. ആദ്യം വൃക്ക പകുത്ത് നൽകിയത് ബിജിയാണ്. വിധിയുടെ പരീക്ഷണങ്ങളെ മനക്കരുത്തുകൊണ്ട് നേരിട്ട ദമ്പതികൾക്ക് രണ്ടാം ജന്മത്തിൽ ലാളിക്കാൻ പെൺകുഞ്ഞ് പിറന്നതോടെ കുടുംബം ഹാപ്പി!. ഏഴുമാസം മുമ്പാണ് അവന്യ ജനിച്ചത്.

2004ലാണ് കായംകുളം ഗോവിന്ദമുട്ടം വലിയപുലത്തറയിൽ ടെലിവിഷൻ മെക്കാനിക്കായ അജിത്തിന്റെ ഇരുവൃക്കകളും തകരാറിലായത്. ഒരു വയസുള്ള മൂത്തമകൾ നന്ദനയുടെ മുലകുടി മാറിയിട്ടില്ലെങ്കിലും പ്രിയതമനായി ബിജി വൃക്ക നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായി. നന്ദനയ്ക്ക് കൂട്ടായി മറ്റൊരു കുഞ്ഞുകൂടി വേണമെന്ന് ആഗ്രഹിച്ചിരിക്കെ, 2012ൽ വിധി വീണ്ടും വില്ലനായി.

ബിജി നൽകിയ വൃക്കയും തകരാറിലായി. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചു. ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് സർക്കാരിന്റെ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി'യിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്നു. നിരന്തരമായ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിറുത്തിയത്. ഒടുവിൽ 2014 ഡിസംബർ 7ന് മൃതസഞ്ജീവനിയിൽ നിന്ന് ഉടൻ മെഡിക്കൽ കോളേജിലെത്താൻ അറിയിപ്പ് ലഭിച്ചു. റോഡപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം മരിയനാട് സ്വദേശി ബ്രഡ്സി റിഞ്ചുവിന്റെ വൃക്ക അജിത്തിന് യോജിക്കുമെന്ന് കണ്ടെത്തി. 8ന് പുലർച്ചെ ശസ്ത്രക്രിയ പൂർത്തിയാക്കി. തുടർന്ന് അജിത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി. നിശ്ചിതസമയത്ത് പരിശോധനകൾ തുടരുന്നുണ്ടെങ്കിലും മക്കളായ നന്ദനയ്‌ക്കും അവന്യയ്‌ക്കുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് അജിത്തും ബിജിയും.

അവയവം മാറ്റിവച്ച ശേഷം ദാതാവിനും സ്വീകർത്താവിനും സാധാരണജീവിതം നയിക്കാനാവുമെന്നതിന് ഉദാഹരണമാണിത്. ഇവരുടെ ജീവിതം സമൂഹത്തിന് പ്രചോദനമാകണം.

-ഡോ. നോബിൾ ഗ്രീഷ്യസ്, നോഡൽ ഓഫീസർ, മൃതസഞ്ജീവനി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA