കുറ്റം പറയുന്ന ചേട്ടന്മാർ ഇതൊരു ബ്ലാക്ക് ഹ്യുമർ ആയി കണ്ടാൽ മതി, ആശുപത്രിയിലെ അമ്മയുടെ കണ്ണീരൊപ്പിയ ഡെലിവറി ബോയ് വീണ്ടുമെഴുതുന്നു

Tuesday 08 January 2019 11:55 AM IST

shamnas

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ കാശില്ലാതെ മൊബൈൽ വിൽക്കുവാനായി നീട്ടിയ ഒരമ്മയുടെ വേദന ഷമ്നാസ് എന്ന യുവാവ് ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു. അമ്മയുടെ കണ്ണീരൊപ്പാൻ തന്നെക്കൊണ്ട് ആവുന്ന സഹായം നൽകിയ യുവാവ് തന്നെയാണ് ആ അനുഭവം ഫേസ്ബുക്കിൽ പങ്ക് വച്ചത്. എന്നാൽ ആ നന്മ മനസ് കാണാതെ കുറ്റവും കുറവും മാത്രം കണ്ടെത്തി ഷംമ്നാസിനെ വിമർശിച്ചവരും ഉണ്ടായിരുന്നു. അവർക്ക് മറുപടി നൽകി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുയാണ് ഈ ഡെലിവറി ബോയ്. നാട്ടിൽ നൻമചെയ്യുന്നവർക്ക് അഭിനന്ദനത്തിന്റെ പൂച്ചണ്ട് നൽകാതെ കുറ്റംചൊരിയുന്നവർ കണ്ണ്തുറന്ന് വായിക്കേണ്ടതാണ് ഈ കുറിപ്പ്


ഷംനാസിന്റെ കുറിപ്പ് വായിക്കാം

വളരെയധികം വിഷമത്തോടെ ആണ് ഇന്ന് ഈ പോസ്റ്റ് ഇടുന്നത് . ഇടണമോ എന്ന് കുറെ ചിന്തിച്ചതിനു ശേഷമാണു എഴുതുന്നത്...

കഴിഞ്ഞ ദിവസം ഡെലിവറി പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഞാൻ ഫേസ്ബുക് വഴി കുറിച്ചിരുന്നു... സഹായം അഭ്യര്ഥിക്കുന്നവരുടെ മുന്നിൽ നിസ്വാർഥം സേവിക്കാൻ ഒരാൾ എങ്കിലും മുന്നോട്ടുവരണം എന്ന ആഗ്രഹത്തോടെ ഞാൻ ചെയ്ത പോസ്റ്റിനു പ്രതീക്ഷക്കുമപ്പുറമുള്ള റീച് ആണ് കിട്ടിയത്. അനേകായിരങ്ങൾ വായിച്ചു ഷെയർ ചെയ്തു ലൈക് ചെയ്തുഎ അനേകം ഗ്രൂപ്പുകളിൽ ചർച്ചകൾ വന്നു പല പേജുകളും അത് റീപോസ്റ് ചെയ്തു... അനേകായിരങ്ങൾ ഫേസ്ബുക് വഴി സ്നേഹം അറിയിച്ചു. മനസ്സിന് ഉണ്ടായ സന്ദോഷത്തിനു അതിരില്ലായിരുന്നു. എന്നാൽ ഇന്നലെയും ഇന്നുമായി എന്റെപോസ്റ്റിനു കമന്റായും എനിക്ക് പേർസണൽ മെസ്സേജ് ആയും വന്ന ചിലപരാമര്ശങ്ങള് മനസ്സിന് വല്ലാതെ വിഷമം നൽകുന്നതാണ്.... എന്റെ പോസ്റ്റിനുള്ള ചോദ്യങ്ങൾക്കു മറുപടി തരാൻ ഞാൻ ബാധ്യസ്ഥനുമാണ്

1 ആ അമ്മയുടെ പ്രായം: എന്റെ മുന്നിൽ സഹായം ചോദിച്ച ആ അമ്മയുടെ പ്രായം എനിക്കറിയില്ല. ഒരു മധ്യവയസ്കയാകാം എന്ന് കരുതി എന്റെ അനുമാനത്തിനുള്ള ഒരു പ്രായമാണ് രണ്ടുപേർക്കും നൽകിയത്. ദുരുദ്ദേശപരമല്ലത്ത പോസ്റ്റ് ആയതിനാൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് psc question ചെയ്യുന്ന പോലെ മകന്റെ പ്രായവും അമ്മയുടെ പ്രായവുമൊന്നും ഞാൻ എഴുതി കൂട്ടിയില്ല 2 ) ഫോൺ വാങ്ങിയത് തികച്ചും അഭിമാനിയാണ് അവർ എന്ന ഉത്തമ ബോധ്യം എനിക്കുള്ളത്കൊണ്ടാണ് ഞാൻ ആ ഫോൺ വാങ്ങിയത്. അല്ലാതെ അവർ ക്യാഷ് മേടിക്കില്ല. അവിടുണ്ടായിരുന്ന ഒരു മേലാളനും അവരെ തിരിഞ്ഞു നോക്കാതിരുന്ന സാഹചര്യത്തിലാണ് അവരെ ഞാൻ കണ്ടത്. 3 ) ഞാൻ നേട്ടമുണ്ടാക്കുന്നു എന്റെ പോസ്റ്റ് വായിച്ച അനേകായിരങ്ങളിൽ ധാരാളം ആളുകൾ എന്റെ അക്കൗണ്ട് നമ്പർ ചോദിച്ചു. അനേകമാളുകൾ പണം ഓഫർ ചെയ്തു ലണ്ടനിൽ ഉള്ള ഒരു ചേട്ടൻ വിസ വരെ തരാമെന്നു മെസ്സേജ് ചെയ്തു. എല്ലാവര്ക്കും കൊടുത്ത മറുപടി ഒന്ന് തന്നെയാണ് നിങ്ങളുടെ മുന്നിൽ ആദ്യം കാണുന്ന സഹായം അവശ്യമുള്ളവന് എന്ന് തോന്നുന്നവന് അത് നൽകുക. അല്ലാതെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ചെയ്യുന്നത് സഹായമല്ല മറിച്ചു കടം നൽകുന്നതാണ് 4) അമ്മയും കൊച്ചുമോനും എന്നെ പറ്റിച്ചു എന്നുപറയുന്നവരോട്: സാരമില്ല ചേട്ടന്മാരെ അവർ എന്നെ കൊന്നിട്ടൊന്നുമില്ലല്ലോ. പിന്നെ 1500 രൂപയ്ക്കു തൊടുപുഴ ടൗണിൽ 5 സെന്റ് സ്ഥലമൊന്നും അവർ മേടിക്കാൻ പോകുന്നില്ല. അതിനുപുറമെ എനിക്കില്ലാത്ത വിഷമം നിങ്ങള്ക്ക് തോന്നേണ്ട ആവശ്യമുണ്ടോ 5) കെട്ടുകഥയും നോവലും കൊണ്ട് ഫേമസ് ആകാൻ ഇറങ്ങിയവൻ എന്ന് വിളിക്കുന്നവരോട് ചേട്ടന്മാരെ അങ്ങിനെ നടന്നുവെന്ന് എനിക്കും ദൈവത്തിനുമറിയാം. പിന്നെ നിങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമുണ്ടോ. എന്നാലും നിങ്ങള്ക്ക് വേണമെങ്കിൽ നോക്കാൻ ഈ പോസ്റ്റിനു താഴെ എന്റെ sbi മെസ്സേജ് സ്ക്രീന്ഷോട് ഇട്ടിട്ടുണ്ട്... പിന്നെ പണ്ട് യാക്കോബിന്റെ കാലം മുതൽ ഉള്ളതാണല്ലോ ഈ സ്വന്തം കൂടയുള്ളവനെ ചവിട്ടുന്ന സ്വഭാവം . അതുകൊണ്ട് ഞാനത് കാര്യമാക്കുന്നില്ല.. എന്റെ കൂട്ടുകാരോട് ഒന്നേ പറയാനുള്ളു. നിങ്ങൾ നന്മ ചെയ്യുന്നോ ഇല്ലയോ എന്ന് കാര്യമാക്കണ്ട . ഒരാൾ അവനാൽ കഴിയുന്നത് ചെയ്യുമ്പോൾ അംഗീകരിക്കുകയും വേണ്ട. പക്ഷെ അവരെ അതിന്റെ പേരിൽ കുത്തി നോവിക്കരുത്. കാരണം ആ ഒരു അനുഭാവം മതി അവൻ പാടെ മാറാൻ. എന്റെ പോസ്റ്റ് കൊണ്ട് ഞാൻ ബാബ അംതയെപോലെ മഹാൻ ആണെന്നോ എല്ലാവരും ഗാന്ധിജി പോലെ ആകണമെന്നൊന്നും ഞാൻ പറയുന്നില്ല 20K വ്യൂവേഴ്‌സിൽ ഒരാൾ നല്ലതു ചെയ്യണമെന്ന് ചിന്തിച്ചാൽ അതുമതി. കുറ്റം പറയുന്ന ചേട്ടന്മാർ ഇതൊരു ബ്ലാക്ക് ഹ്യുമർ ആയിക്കണ്ടാൽ മതി

സ്നേഹത്തോടെ

ഷംനാസ് തൊടുപുഴ

shamnas

തൊടുപുഴ ആശുപത്രിയിൽ ഷംനാസിനുണ്ടായ അനുഭവം ഇതായിരുന്നു

'ഇന്നലെ ഫ്ലിപ്കാർട്ടിന്റെ ഒരു ഡെലിവെറിയുമായി ഞാൻ തൊടുപുഴയിലെ ഒരു ഹോസ്പിറ്റലിൽ ചെന്നു.. കസ്റ്റമറിന്റെ കൈയിൽ നിന്ന് കാശും വാങ്ങി ഇറങ്ങുമ്പോഴാണ് 40 വയസ്സ് തോന്നിക്കുന്ന ഒരു 'അമ്മ റിസപ്ഷന് മുന്നിൽ ഇരിക്കുന്ന എല്ലാവരുടെയും മുന്നിൽ ഒരു മൊബൈൽ ഫോണുമായി നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. പത്രത്തിൽ മുഴുകി ഇരിക്കുന്ന മുതിർന്നവരും മൊബൈലിൽ പബ്ജി കളിച്ചു ലൈഫ് കോഞ്ഞാട്ടയാക്കുന്ന ന്യൂ ജെനെറേഷൻ പുള്ളകളും ആ അമ്മയെ മൈൻഡ് ചെയ്യുന്ന പോലുമില്ല.. വല്ല ലോക്കും തുറക്കാനോ അല്ലേൽ റീചാർജ് ചെയ്യുവാനോ ആയിരിക്കുമെന്ന് കരുതി ഞാൻ അവരുടെ അടുത്ത് ചെന്നു.

കലങ്ങിയ അവരുടെ കണ്ണുകൾ കണ്ടപ്പോൾ മനസ്സിലായി അവർക്കു വേറെ എന്തോ ആണ് പ്രശ്നമെന്ന്... ഞാൻ ചോദിച്ചു എന്ത് പറ്റി ചേച്ചീ ഫോണിന് എന്ന്‌... അപ്പൊ അവർ പറഞ്ഞു മോൻ ഈ ഫോൺ എടുത്തിട്ട് എനിക്കൊരു 1500 രൂപ തരണമെന്ന്...

എന്താണ് പ്രശ്‌നം എന്ന് തിരക്കിയപ്പോൾ അവർ പറഞ്ഞു പേര് മീനാക്ഷിയെന്നാണ് വണ്ണപ്പുറത്താണ് വീട് കൊച്ചുമകനെയും കൊണ്ട് മരുന്നിനു വന്നതാണ് എന്ന് . പക്ഷെ ചികിത്സയും മരുന്ന് വാങ്ങലും കഴിഞ്ഞപ്പോ കയ്യിലുള്ള ക്യാഷ് തികഞ്ഞില്ല..

അകെ കയ്യിലുള്ളത് കൊച്ചുമകന്റെ മൊബൈൽ ആണ്.. അത് വിറ്റാൽ കിട്ടുന്ന പണം കൊണ്ട് മരുന്നും മേടിച്ചു അവർക്കു മടങ്ങണം.

കൂടുതൽ അന്വേഷിച്ചപ്പോൾ അവരുടെ മകന് മരിച്ചുപോയതാണ് എന്നറിഞ്ഞു. മകന്റെ ഭാര്യ വിവാഹമോചനം നേടി പോയതുമാണ്. ഈ കൊച്ചുമകനും അമ്മയും മാത്രമാണ് താമസം. കൊച്ചുമകനു18 വയസ്സ് കാണും. ഹോട്ടലിൽ വെയ്റ്ററാണ്. അതാണവരുടെ ആകെ വരുമാനം. ആ പയ്യനെ ഞാനൊന്നു നോക്കി. പനിച്ചു അവശനാണ് അവൻ .

അവരുടെ അവസ്ഥ കണ്ട് സഹായിക്കണം എന്നുണ്ട് എനിക്ക്. എന്നാൽ ബാഗുമായി ഡെയിലി 400രൂപയ്ക്കു ഡെലിവെറിക്ക് പോകുന്ന ഞാൻ എങ്ങിനെ സഹായിക്കുമെന്ന് ഓർത്തപ്പോഴാണ് ആ 'അമ്മ വീണ്ടും മൊബൈൽ എന്റെ നേരെ നീട്ടിയത് .

നല്ല പഴക്കം ഉണ്ട് ആ മൊബൈലിനു. കൂടാതെ കുറച്ചു പൊട്ടലും ഏറിവന്നാൽ ഒരു 800 രൂപ കിട്ടും.. എന്നാലും ഞാൻ അത് അവരുടെ കൈയിൽ നിന്ന് വാങ്ങി. തൊടുപുഴ സ്റാൻഡിലുള്ള സുഹൃത്തിന്റെ മൊബൈൽ കടയിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ അവൻ ഒരു 700 രൂപ തരാം എന്നുപറഞ്ഞു... അത് ഒന്നുമാകില്ലന്നു പറഞ്ഞപ്പോൾ അവൻ 200 രൂപകൂടി കൂട്ടി തരാം എന്ന് പറഞ്ഞു. പക്ഷെ അതുകൊണ്ടും തീരില്ലല്ലോ... അവസാനം അവന്റെ കൈയിൽ നിന്ന് 500രൂപ കടം വാങ്ങി ഞാൻ അവിടെനിന്നു ഇറങ്ങി..

അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് എടിഎം കയറി ബാലൻസ് നോക്കി 1300രൂപ. അതിൽ നിന്നു 1000 രൂപയും എടുത്തു ആശുപത്രി ലക്ഷ്യമാക്കി പറന്നു... അവിടെ ചെന്നപ്പോൾ ആ അമ്മ ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു "മോനെ പൈസ കിട്ടിയോ?" ഞാൻ പറഞ്ഞു കിട്ടിയെന്നു. ഇന്ജെക്ഷന്റെ ക്ഷീണമുണ്ടെങ്കിലും ആ പയ്യൻ എന്റെ നേരെ ഒന്ന് നോക്കി. അവനറിയായിരിക്കണം ആ ഫോണിന് 1500 കിട്ടില്ല. എന്ന് . എന്നാലും ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ ഞാൻ നിന്നു .

അവസാനം മരുന്നും മേടിച്ചു അവരെ തൊടുപുഴ സ്റ്റാൻഡിൽ നിന്ന് വണ്ണപ്പുറം ബസിനു കയറ്റി യാത്രയാക്കൻ നേരം ആ അമ്മ പറഞ്ഞു മോനേ മോൻ ആരാണെന്നറിയില്ല പക്ഷെ എവിടെ പോയാലും മോന് ഐശ്വര്യവും ഉയർച്ചയും ഉണ്ടാകും... പാതി കേൾകാത്തതാണെങ്കിലും വികാരം നിറഞ്ഞ ആ അമ്മയുടെ വാക്കുകൾ എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു...

ചിലപ്പോ നമ്മുടെ കുറച്ചു സമയവും നമ്മൾ ചുമ്മാ പിടിച്ചിരിക്കുന്ന രൂപയും ഉണ്ടെങ്കിൽ ചില മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ കഴിയുമെന്ന ചിന്തയോടെ ആ മൊബൈലും പോക്കറ്റിലിട്ടു അടുത്ത ഡെലിവെറിക്കായി ഞാൻ തൊടുപുഴ ജ്യോതി സൂപ്പർ ബസാർ ലക്ഷ്യമാക്കി നീങ്ങി ...

എന്റെ ഈ ഒരു പോസ്റ്റ് ഞാനെന്തോ വലിയ കാര്യം ചെയ്തു എന്ന് വിളിച്ചറിയിക്കുവാൻ വേണ്ടിയല്ല... ഒരു ചെറിയ ആശയം നിങ്ങള്ക്ക് നല്കാൻ ആണ്.. നമ്മുടെ മുന്നിൽ കൈനീട്ടുന്നവരെ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ നേരെ നമ്മുടെ കണ്ണ് ഒന്ന് തുറന്നാൽ നാളെ നമുക്ക് ഒരു ആവശ്യം വരുമ്പോൾ പതിനായിരം കൈകൾ നമുക്കുമുന്നിൽ പ്രത്യക്ഷപ്പെടും. മറ്റുള്ളവരെ സഹായിക്കാൻ വലിയ ഉദ്യോഗമോ പണമോ പ്രശസ്തിയോ ഒന്നും വേണ്ട. നന്മ നിറഞ്ഞൊരു മനസ്സ് മതി അത് എല്ലാവര്ക്കും ഉണ്ടാകട്ടെ''·

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA