മഞ്ഞപ്പിത്തം ബാധിച്ചയാളുടെ രക്തം കുടിച്ച് മോഹനൻ വൈദ്യർ, രക്തം കുടിക്കുന്ന വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധം

Friday 09 November 2018 10:35 AM IST
mohnan-vaidyar

തിരുവനന്തപുരം: ഹെപ്പറ്റെറ്റീസ് ബി ബാധിച്ചയാളുടെ രക്തം കുടിക്കുന്ന മോഹനൻ വൈദ്യരുടെ വീഡിയോക്കെതിരെ പ്രതിഷേധവുമായി ഡോക്ടർ രംഗത്ത്. ഇൻഫോ ക്ലിനിക്കിലെ ഡോക്ടറായ ജിനേഷ് പി.എസാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ കുറിപ്പുമായി രംഗത്ത് വന്നിരിക്കരുന്നത്. ഹെപ്പറ്റെറ്റീസ് പോസിറ്റീവ് റിസൾട്ട് ലഭിച്ച എന്ന് അവകാശപ്പെടുന്ന രക്തം കുടിക്കുന്ന മോഹനൻ വൈദ്യരുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വൈദ്യരുടെ പുതിയ വീഡിയോയ്ക്കെതിരെ ‌ഡോക്ടർ ജിനേഷ് പറയുന്നത് ഇങ്ങനെ.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അമൃത വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും അറിയാൻ,

ഹെപ്പറ്റൈറ്റിസ്-ബി പോസിറ്റീവ് റിസൾട്ട് ലഭിച്ചു എന്നു പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന ഒരു വീഡിയോ, ശേഷം സ്വന്തം കയ്യിൽ മുറിവുണ്ടാക്കി ആ വ്യക്തിയുടെ കയ്യിലെ രക്തം മുറിവിൽ പറ്റിക്കുന്നു...

മോഹനന്റെ ഏറ്റവും പുതിയ വീഡിയോ ആണ്.

വളരെ മാരകമായ സങ്കീർണ്ണതകൾ ഉണ്ടാക്കുന്ന ഒരു മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ്-ബി. സിറോസിസും Hepatocellular carcinoma-യും ഉണ്ടാവാൻ സാധ്യതയുണ്ട്. അതായത് സങ്കീർണതകൾ മൂലം മരണമടയാൻ സാധ്യത വളരെ കൂടുതലാണ് എന്ന്.

രോഗമുള്ള ഒരു വ്യക്തിയുടെ രക്തം മറ്റൊരാളുടെ ശരീരത്തിൽ എത്തിയാൽ രോഗം പകരാൻ സാധ്യതയുണ്ട്. തീരെ ചെറിയ മുറിവുകളിലൂടെ പോലും പകരാവുന്ന രോഗമാണ്.

അങ്ങനെ രോഗമുള്ള ഒരാളുടെ ശരീരത്തിലെ രക്തം ഒരു വ്യക്തി സ്വന്തം ശരീരത്തിൽ കയറ്റണമെങ്കിൽ ഒന്നുകിൽ അയാൾ കൃത്യമായ വാക്സിൻ സ്വീകരിച്ചിട്ടുണ്ടാവണം, അതായത് ഹെപ്പറ്റൈറ്റിസ്-ബി വാക്സിൻ. അതല്ലെങ്കിൽ അയാൾക്ക് എന്തെങ്കിലും മാനസിക അസുഖം ഉണ്ടാവണം.

അതെന്തെങ്കിലുമാവട്ടെ, അത് എന്റെ വിഷയമല്ല.

പക്ഷേ ഇങ്ങനെ അശാസ്ത്രീയതയും മണ്ടത്തരങ്ങളും പറയുന്ന ഒരാൾ ആരോഗ്യ വിഷയങ്ങളിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ക്ലാസെടുക്കുന്നു എങ്കിൽ അത് ചോദ്യം ചെയ്യാതിരിക്കാനാവില്ല.

കൂത്തുപറമ്പ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം, ഹെപ്പറ്റൈറ്റിസ്, നേത്രരോഗങ്ങൾ, എച്ച്ഐവി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ക്ലാസെടുക്കുന്നു എന്നാണ് നോട്ടീസിൽ.

ഇത്രയധികം അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ഒരാൾ സ്കൂൾ കുട്ടികൾക്ക് ക്ലാസെടുക്കുന്നത് ഒട്ടും അഭിലഷണീയമല്ല. ശാസ്ത്ര അവബോധം പണം കൊടുത്തു വാങ്ങാൻ സാധിക്കില്ല. അത് ശരിയായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതാണ്. ശാസ്ത്ര അഭിരുചി വളർത്തുന്ന അധ്യാപകരാണ് അത് ചെയ്യേണ്ടത്.

വൈറസ് എന്ന ഒന്നില്ല, പുള്ളുവൻ പാട്ട് ആൻറിബയോട്ടിക് ആണ്, കദളിപ്പഴം കഴിച്ചാൽ കാൻസർ മാറും എന്നൊക്കെ പുലമ്പുന്ന ഒരാളെ വിളിച്ചുവരുത്തി ആരോഗ്യ വിഷയങ്ങളിൽ ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ തലച്ചോർ പരിശോധിപ്പിക്കേണ്ടതുണ്ട്.

ആ അധ്യാപകരോട് ഒരഭ്യർത്ഥനയേയുള്ളൂ. ആ കുരുന്നുകളുടെ തലയിൽ ചാണകം നിറയ്ക്കാൻ കൂട്ടുനിൽക്കരുത്. പേരിനെങ്കിലും സയൻസ് എന്തെന്ന് അറിയുന്ന ഒരധ്യാപകനെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ ?

ദയവുചെയ്ത് നമ്മുടെ കുട്ടികളുടെ ശാസ്ത്ര അവബോധ സാധ്യത കുരുന്നിലേ നുള്ളരുത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA
T-RR