പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ അതുവരെ പൊന്നേ കരളേ എന്നു പറഞ്ഞ് കൊണ്ടു നടന്ന പഴയ ബൈക്കോ, കാറോ വിൽക്കാൻ നമ്മളിൽ പലർക്കും ഒരു മടിയുമില്ല. എന്നാൽ ചിലർക്ക് അങ്ങനെയല്ല, എത്രകാശു കൊടുക്കാമെന്ന് പറഞ്ഞാലും ചങ്ക് പോലെ കൊണ്ടു നടന്ന വാഹനം കൊടുക്കാൻ അവർ തയ്യാറാവില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുമോളും വൈറലാവുകയാണ്. പഴയ യമഹ ബൈക്ക് കൊടുത്ത് തന്റെ അച്ഛൻ ബുള്ളറ്റ് വാങ്ങനൊരുങ്ങിയതാണ് കുട്ടിയെ സങ്കടത്തിലാക്കിയത്.
'ഇല്ലാ... ഈ വണ്ടി കൊടുക്കാൻ ഞാൻ സമ്മിതിക്കൂല. എനിക്ക് ഈ വണ്ടി തന്നെ വേണം. പൈസകൊടുത്തൊക്കെ ശരിയാക്കിയതല്ലേ? എന്തിന് ഈ വണ്ടി കൊടുക്കണേ. അപ്പ കഷ്ടപ്പെട്ട് ഉറക്കൊഴിഞ്ഞ് ശരിയാക്കിയതല്ലേ? പിന്നെന്തിന് കൊടുക്കണേ?'- അച്ഛനോടു കൊഞ്ചി കിണുങ്ങുന്ന മകളെ കാണുന്ന ആർക്കും സങ്കടം തോന്നും. ഇത് കൊടുത്തിട്ട് ബുള്ളറ്റ് വാങ്ങാമെന്ന് പറഞ്ഞപ്പോൾ കുഞ്ഞിന്റെ മറുപടി ഇങ്ങനെയായിരുന്നു- വേണ്ടാ... ആ വൃത്തികെട്ട വണ്ടി വേണ്ടാ.....എനിക്ക് ഈ വണ്ടി തന്നെ വേണം.
എന്തായാലും മോളെ സപ്പോർട്ട് ചെയ്തുകൊണ്ടു തന്നെയാണ് വീഡിയോ കണ്ടവരെല്ലാം രംഗത്തെത്തിയിരിക്കുന്നത്. 10 ബുള്ളറ്റ് വാങ്ങിയാലും ഈ മോളെ പോലെയാകുമോ?, മോളെ സങ്കടപ്പെടുത്തണ്ട, ഇനി ആ വണ്ടി കൊടുക്കല്ലേ മൊയലാളി...തുടങ്ങിയ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.