സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളിൽ നിന്നും പണമെടുക്കാറുണ്ടോ? വിശദീകരണവുമായി മന്ത്രി

Friday 12 October 2018 12:19 AM IST
sabarimala

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നിന്നും കാണിക്കയായി ലഭിക്കുന്ന തുക സംസ്ഥാന സർക്കാർ മറ്റ് കാര്യങ്ങൾക്ക് വേണ്ടി വകമാറ്റുകയാണെന്നും ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്നുമുള്ള പ്രചാരണം കേരളത്തിൽ ശക്തമാണ്. കേരളത്തിന്റെ അതിരുകൾ ഭേദിച്ച് ഇതരസംസ്ഥാനങ്ങളിലേക്ക് കൂടി പ്രചാരണം വ്യാപിച്ചതോടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ രംഗത്തെത്തി. ക്ഷേത്രങ്ങളിൽ നിന്ന് പണമൊന്നും സംസ്ഥാന സർക്കാർ എടുക്കാറില്ലെന്ന് മാത്രമല്ല ഇക്കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 80 കോടി രൂപ സർക്കാർ ക്ഷേത്രങ്ങൾക്ക് നൽകിയെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ വിശദീകരിച്ചു. മറിച്ചുള്ള പ്രചാരണത്തിന് പിന്നിൽ വർഗീയവാദികളാണെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സംസ്ഥാന സർക്കാർ ക്ഷേത്രങ്ങളിൽ നിന്ന് പണമെടുക്കുമെന്ന് പ്രചരിപ്പിച്ച് കാണിക്കയിടരുതെന്ന് വർഗീയ വാദികൾ പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് സംസ്ഥാന സർക്കാരിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ പറയട്ടെ. പണമെടുക്കുകയല്ല പണം ദേവസ്വം ബോർഡുകൾക്ക് കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്കായി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീർത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉൾപ്പെടെ 35 കോടി രൂപയാണ് കഴി!*!ഞ്ഞ വർഷം മാത്രം നൽകിയത്. റോഡ് നിർമ്മാണം, ഗതാഗത സൗകര്യങ്ങൾ, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവർത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകൾ മുടക്കുന്ന തുക ഇതിനും പുറമെയാണ്.

ശബരിമല ഇടത്താവള സമുച്ചയ നിർമ്മാണത്തിനായി ഇപ്പോൾ 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പ് വർഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നത്. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണിത്. കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപ നൽകി. മലബാർ ദേവസ്വം ബോർഡിന് ക്ഷേത്രങ്ങൾക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം നൽകിയത്. ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവർഷം 20 ലക്ഷം രൂപ നൽകുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവർത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു.

ശബരിമല ഉൾപ്പെടെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള പണവും സംസ്ഥാന സർക്കാർ എടുക്കുന്നില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കും ഇതെല്ലാം നന്നായി അറിയാം. പക്ഷേ, വിശ്വാസികളെ വർഗീയതയുടെ കൊടിക്കീഴിൽ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവർ തുടരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA