സോളാർതട്ടിപ്പ് കേസ്: വിചാരണ കഴിഞ്ഞു .വിധി ഈ മാസം 13 ന്

Friday 07 December 2018 12:44 AM IST

solar-

തിരുവനന്തപുരം: സോളാർ ഉപകരണങ്ങളുടെ വിതരണക്കാരനെ മുൻ മുഖ്യ മന്ത്രിയുടെ വ്യാജ കത്ത് കാണിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. കോടതി ഈമാസം 13 ന് കേസിൽ വിധി പറയും . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജലെറ്റർ പാഡിലുളള കത്ത് കാണിച്ചാണ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ ലക്ഷങ്ങൾ തട്ടിയെടുത്തത്. ബിജുവിന് എതിരെ വ്യാജ രേഖ ചമച്ച് അസ്സൽ എന്ന നിലയിൽ ഉപയോഗിച്ചു എന്നകുറ്റമാണ് പോലീസ് ചുമത്തിയിട്ടുളളത്.

തമ്പാനൂർ കേന്ദ്രമാക്കി ബിജു സ്വിസ് സോളാർ ടെക്നോളജീസ് എന്നസ്ഥാപനം നടത്തിയിരുന്നു. ആർ.ബി.നായർ എന്നാണ് ബിജു അറിയപ്പെട്ടിരുന്നത്. സോളാർ ഉപകരണങ്ങളുടെ വിതരണാവകാശമുളള മണക്കാട് സ്വദേശി റാസിഖ് അലിയുടെ സ്വസ് സോളാർ പ്രോജക്റ്റ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ സോളാർ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള അനുമതിയ്ക്കായി കേന്ദ്ര ഉൗർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് ബിജു വ്യാജമായി നിർമ്മിച്ച് നൽകിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജ ലെറ്റർ ഹെഡ്ഢിലുളള തായിരുന്നു കത്ത്. എറണാകുളം തമ്മനം സ്വദേശി പോൾ എന്ന ഫ്രനിയാണ് കത്ത് നിർമ്മിക്കാൻ ബിജുവിനെ സഹായിച്ചത്. ഫ്രനിയുടെ സ്ഥാപനമായ ഗ്രാഫ് എക്സ് എന്നസ്ഥാപനത്തിൽ വച്ചാണ് കത്ത് നിർമ്മിച്ചത്. ഇത് ബിജുവിന്റെ തമ്പാനൂരിലുളള സ്ഥാപനത്തിലേയ്ക്ക് മെയിൽ ചെയ്യുകയായിരുന്നു. ഈ കത്ത് കാണിച്ചാണ് ബിജു റാസിഖ് അലിയിൽ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ തട്ടിയെടുത്തത്. പണം തട്ടിയെടുത്തതിന് മറ്റൊരു കേസ് ബിജു രാധാകൃഷ്ണൻ ,ശാലു മേനോൻ, ശാലുവിന്റെ അമ്മ കലാദേവി എന്നിവർ പ്രതിയായി ഇപ്പോഴും നിലവിലുണ്ട് .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA