ശബരിമല വിധി ആചാരത്തെ ബാധിക്കും, തിടുക്കം ദേവസ്വം ഉദ്യേഗസ്ഥർക്കെന്ന് പന്തളം കൊട്ടാര അംഗം

ടി.എസ്.സനൽ കുമാർ | Friday 12 October 2018 11:57 AM IST
sasikumar-varma

ചെങ്ങന്നൂർ: പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കുശേഷം ആദ്യമായി 18ന് നട തുറക്കുമ്പോൾ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധ ശബരിമലയിലായിരിക്കുമെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ. നൂറ്റാണ്ടുകളായി അനുവർത്തിച്ച് പോരുന്ന വിശ്വാസം തകരുമ്പോൾ പ്രതികരണം എത്തരത്തിലാകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന അഭിപ്രായമുണ്ട്. എന്നാലിത് കോടതി വിധിയിലൂടെ ആകരുത്. അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഭാരതീയ ക്ഷേത്രസങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന കോടതി വിധിയിൽ ഹൈന്ദവ വിശ്വാസികളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നതെന്ന് 'ഫ്ളാഷി'നോട് സംസാരിക്കവേ ശശികുമാർ വർമ്മ പറഞ്ഞു.

ആചാരത്തെ ബാധിക്കും
കോടതി വിധി ആചാരത്തെ ബാധിക്കും. ശബരിമലയിലെ പ്രതിഷ്ഠാ സങ്കൽപ്പം നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനാണ്. മൂർത്തീഭാവത്തിന് അനുസൃതമായ ആചാരങ്ങളും താന്ത്രിക വിധിപ്രകാരമുള്ള പൂജകളുമാണ് നടത്തുന്നത്. മാത്രമല്ല, കാനന ക്ഷേത്രത്തിൽ ആചാരങ്ങൾക്ക് പ്രതിഷ്ഠാ കാലത്തോളം പഴക്കമുണ്ട്. 41 ദിവസത്തെ വ്രതാനുഷ്ഠാനമാണ് ശബരിമല തീർത്ഥാടനത്തിലെ ഏറ്റവും പരമപ്രധാനം. ശാരീരികവും മാനസികവുമായ ശുദ്ധീകരിക്കലാണിത്. തത്ത്വമസി, അത് നീ തന്നെയാകുന്നു. ഭക്തനായ നീ തന്നെയാണ് ഭഗവാനും. ഇതിന് പഞ്ചശുദ്ധികൾ പാലിക്കണം. യുവതികൾക്ക് ശരീരശുദ്ധി 41 ദിവസം ആചരിക്കാൻ കഴിയില്ല. അതിനാലാണ് ക്ഷേത്രദർശനത്തിൽ നിന്ന് വിലക്കുന്നത്. അല്ലാതെ, അയ്യപ്പന് സ്ത്രീകളോട് വിരോധം ഉള്ളതുകൊണ്ടല്ല.

ക്ഷേത്ര ദർശനമല്ല, തീർത്ഥാടനം
വ്രതശുദ്ധിയോടെ അതികഠിനമായ ശാരീരികാദ്ധ്വാനത്തോടെ കരിമലയും നീലിമലയും കടന്ന് അയ്യപ്പ സന്നിധിയിൽ എത്തുന്നത് ക്ഷേത്ര ദർശനമല്ല, തീർത്ഥാടനമാണ്. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ മുദ്രധരിച്ച് മലചവിട്ടി അയ്യപ്പസന്നിധിയിൽ ദർശനം നടത്തി മുദ്ര അഴിക്കുന്നതുവരെ വ്രതാനുഷ്ഠാനം തുടരുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് ശബരിമലയെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.

വിശ്വാസികൾക്കൊപ്പം
പന്തളം കൊട്ടാരം എന്നും അയ്യപ്പ വിശ്വാസികൾക്കൊപ്പമാണ്. അതിനാലാണ് നിലയ്ക്കലിൽ തുടങ്ങിയ പർണശാല സമരത്തിന് പിന്തുണ നൽകിയത്. വിധിയിലെ പിഴവ് ചൂണ്ടിക്കാട്ടി പന്തളം കൊട്ടാരം നിർവാഹക സംഘവും മറ്റ് സംഘടനകൾക്കൊപ്പം പുനഃപരിശോധനാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചതും അതിനാലാണ്.

എല്ലാവരും യോജിച്ച്
ശബരിമലയിലെ ആചാരങ്ങളും പൂജാവിധികളും മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ക്ഷേത്രവിശുദ്ധിയാണ് കാതൽ. വിശുദ്ധി ഇല്ലാതാകുന്നതോടെ ശബരിമലയുടെ പ്രസക്തിതന്നെ ഇല്ലാതാകും. അശുദ്ധമായ ശരീരത്തോടും മനസോടും കൂടി ക്ഷേത്രത്തിലേക്ക് എത്തണമെന്ന് ശഠിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ക്ഷേത്രത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്നു. ഇതിനോട് കൂട്ടുനിൽക്കാൻ തന്ത്രികുടുംബത്തിനാകില്ല. അതിനാലാണ് തന്ത്രി കുടുംബവും രാജകുടുംബവും ഒരുമിച്ച് ഭക്തർക്കൊപ്പം അണിനിരന്നത്. തുലാമാസ പൂജയ്ക്ക് സ്ത്രീകളെത്തിയാൽ എന്തുചെയ്യുമെന്ന് ചോദിച്ചാൽ ദേവസ്വം ബോർഡിന്റെ നിലപാട് വ്യക്തമായ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കുന്നതാകും ഉചിതം.

പ്രതിഷേധ നിരയിൽ സ്ത്രീകൾ
ക്ഷേത്രാചാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായിട്ടാണ് വിശ്വാസികൾ ഇതിനെ കാണുന്നത്. ക്രിസ്തീയ വിഭാഗത്തിൽ കാനോൻ നിയമവും മുസ്ളിം വിഭാഗത്തിൽ ശരീഅത്തും ഹദീസും പ്രകാരവുമാണ് തീരുമാനമെടുക്കുന്നത്. ഇപ്പോഴത്തെ വിധിയിലൂടെ ഹിന്ദുക്കളുടെ ആചാരങ്ങളിൽ സുപ്രീംകോടതിക്ക് മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് വന്നിരിക്കുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സ്ത്രീകൾ തന്നെയാണ് പ്രതിഷേധ നിരയിൽ മുന്നിലുള്ളതെന്നതും തമസ്‌കരിക്കാൻ കഴിയില്ല.

ദേവസ്വം പ്രസിഡന്റിന് താത്പര്യം
സർക്കാർ നിലപാട് ക്ഷേത്ര സങ്കൽപ്പത്തെ തകർക്കുന്നതാണ്. കോടതി വിധി സ്വാഗതം ചെയ്യുകയും വിശ്വാസം മാനിക്കാതെ വിധി നടപ്പാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ഇതിനാലാണ് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കാതിരുന്നത്. സർക്കാരിന്റെ മനസ് മാറാനും ശബരിമലയുടെ വിശുദ്ധി നിലനിറുത്താനും സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റിനും കുടുംബത്തിനും ആചാരങ്ങൾ നിലനിറുത്തണമെന്നാണ് താത്പര്യം. എന്നാൽ ദേവസ്വം ഉദ്യോഗസ്ഥരാണ് ശബരിമലയിൽ ആചാരം ലംഘിക്കുന്നതിന് തിടുക്കം കാട്ടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA