പമ്പ : മണ്ഡലകാലം പത്താം ദിവസത്തിലെത്തുമ്പോൾ ദേവസ്വം ബോർഡ് പരീക്ഷണകാലത്തിലൂടെയാണ് കടന്ന് പോകുന്നത്. സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങളിൽ മനംമടുത്ത് ഭക്തർ ദർശനത്തിനെത്താതായപ്പോൾ കാണിക്ക വരുമാനത്തിൽ വൻ ഇടിവാണ് വന്നത്. ഇത് കൂടാതെ അരവണ അപ്പം വിൽപ്പനയിലും , മറ്റ് വഴിപാടുകളിലും വൻ കുറവാണ് ഇത് വരെയുണ്ടായത്. അതേസമയം ശബരിമലയിൽ ദേവസ്വം ബോർഡിന്റെ ചെലവ് കുത്തനെ ഉയരുകയാണ്.
സുരക്ഷ വർദ്ധിക്കുന്നതിന്റെ പേരിൽ മുൻവർഷങ്ങളിലെ പതിവിന് വിപരീതമായി മൂന്നിരട്ടിയിലധികം പൊലീസുകാരെയാണ് സന്നിധാനത്തും നിലയ്ക്കലിലുമായി വിന്യസിച്ചിരിക്കുന്നത്. പതിനായിരത്തോളം പേരാണ് സുരക്ഷയും മറ്റ് അനുബന്ധ ഡ്യൂട്ടികൾക്കുമായി ഇവിടെയുള്ളത്. പൊലീസിന്റെ പരിപാലന ചെലവ് ഇതിലൂടെ കുത്തനെ ഉയർന്നിരിക്കുകയാണ്. ഭക്ഷണത്തിന് മാത്രമായി ദിവസവും പത്ത് ലക്ഷത്തിലധികം ചെലവ് വരുന്നുണ്ട്. നിലവിൽ ഈ ചെലവ് സർക്കാരാണ് വഹിക്കുന്നതെങ്കിലും തീർത്ഥാടന സീസൺ കഴിയുമ്പോൾ ആകെ തുകയുടെ കണക്കെഴുതി ദേവസ്വം ബോർഡിന് നൽകുകയാണ് പതിവ്. ഇക്കുറി ബോർഡിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സർക്കാർ അനുകമ്പ കാട്ടിയില്ലെങ്കിൽ ഇത് ബോർഡിന് വൻ ബാധ്യതയായി തീരും.
പോലീസിന് ഭക്ഷണം പാചകം ചെയ്ത് വിളമ്പാനായി ആറ് കാന്റീനുകളാണ് പല ഇടങ്ങളിലായി തുറന്നിട്ടുള്ളത്. ഇവിടെ ആഹാരം പാകം ചെയ്യാനുള്ള കാമ്പ് ഫോളോവേഴ്സിന്റെ എണ്ണത്തിലും കുറവുണ്ടെന്ന് പരാതിയുണ്ടായിരുന്നു. ഒൻപതിനം കറികളും പായസവും ചേർത്താണ് പൊലീസിന് ഉച്ചയൂണ് തയ്യാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |