ശബരിമല: നിരോധനാജ്ഞ ഭക്തർക്ക് പ്രശ്നമുണ്ടാക്കുന്നില്ലെന്ന് ഹൈക്കോടതി

Friday 07 December 2018 12:06 AM IST
sabarimala-

കൊച്ചി : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിൽ എന്താണ് അപാകതയെന്നും ഇതു ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന മുൻവിധിക്ക് അടിസ്ഥാനമില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.

ശബരിമലയിലെ നിരോധനാജ്ഞയ്‌ക്കെതിരെ ആർ. ശ്രീനിവാസ് ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ച ദേവസ്വം ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.

നിരോധനാജ്ഞ ഭക്തർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. കഴിഞ്ഞദിവസം 80,000 ഭക്തർ ശബരിമലയിൽ ദർശനം നടത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ചെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഈ വിഷയത്തിൽ സർക്കാരിനു വേണ്ടി പത്തനംതിട്ട എ.ഡി.എം പി.ടി. എബ്രഹാം ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകിയിരുന്നു. തുടർന്ന് ഹർജികൾ തിങ്കളാഴ്ചത്തേക്ക് മാറ്റി.

നിരോധനാജ്ഞ അനിവാര്യം:എ.ഡി.എം

ഭക്തരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും അനിവാര്യമായതിനാലാണ് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് എ.ഡി.എം പി.ടി. എബ്രഹാമിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഭക്തർക്കോ അവരുടെ വാഹനങ്ങൾക്കോ നിരോധനാജ്ഞ ബാധകമല്ല. സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി എത്തിയവരെ തടയാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞയുടെ സാഹചര്യമില്ലെന്നും ശരണം വിളിക്കുന്നതും ഭക്തർ കൂട്ടത്തോടെ മലകയറുന്നതും തടയുകയാണെന്നുമുള്ള ഹർജിക്കാരുടെ ആരോപണങ്ങൾ ശരിയല്ല. തുലാമാസ പൂജയ്‌ക്ക് നട തുറന്നപ്പോൾ തുടങ്ങിയ സംഘർഷം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യപിച്ചത്. സാമൂഹ്യവിരുദ്ധ ശക്തികൾ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറി വർഗീയ കലാപവും ക്രമസമാധാന പ്രശ്നങ്ങളുമുണ്ടാക്കുമെന്ന് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നു. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നപ്പോഴും അക്രമമുണ്ടായി. നവംബർ 26 വരെ 92 കേസുകൾ പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്തു. നിരോധനാജ്ഞയുടെ ലക്ഷ്യവും സാരവും മനസിലാക്കാതെയാവാം ഹർജി നൽകിയത്. അല്ലെങ്കിൽ യാഥാസ്ഥിതിക, പിന്തിരിപ്പൻ ഘടകങ്ങൾക്കു വേണ്ടി സർക്കാർ സംവിധാനത്തിനെതിരെ തെറ്റിദ്ധാരണ പരത്തുകയാവാം ലക്ഷ്യം - സത്യവാങ്മൂലത്തിൽ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA