രാഖിയുടെ ആത്മഹത്യ : അദ്ധ്യാപകർക്ക് അന്വേഷണ കമ്മിഷന്റെ ക്ളീൻചിറ്റ്

Friday 07 December 2018 12:48 AM IST

rakhi-krishna

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ ബിരുദ വിദ്യാർത്ഥിനി രാഖി കൃഷ്‌ണയുടെ ആത്മഹത്യയിൽ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകർക്ക് വീഴ്‌ച പറ്റിയിട്ടില്ലെന്ന് കോളേജ് നിയോഗിച്ച ഏഴംഗ ആഭ്യന്തര അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട്. കമ്മിഷനംഗമായ കോളേജ് യൂണിയൻ ചെയർമാന്റെ വിയോജനക്കുറിപ്പും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.

ആരോപണ വിധേയരായ അദ്ധ്യാപകരെ പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ട്. അദ്ധ്യാപകർ രാഖിയെ ബോധപൂർവം അപമാനിച്ചിട്ടില്ലെന്നും കോപ്പിയടി പിടികൂടുമ്പോൾ സ്വാഭാവികമായി ചെയ്യേണ്ട നടപടിക്രമങ്ങൾ മാത്രമാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടിന്റെ കാതൽ.

റിപ്പോർട്ട് നിഷ്‌പക്ഷമല്ലാത്തതിനാൽ അംഗീകരിക്കാനാകില്ലെന്നാണ് കോളേജ് യൂണിയൻ ചെയർമാൻ അജിത്‌ലാലിന്റെ വിയോജന കുറിപ്പ്.

ചെയർമാന് പുറമെ 3 അദ്ധ്യാപകർ, രക്ഷാകർത്താക്കളുടെ 2 പ്രതിനിധികൾ, വിരമിച്ച അദ്ധ്യാപകൻ എന്നിവരടങ്ങുന്നതാണ് അന്വേഷണ കമ്മിഷൻ. മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്‌ത 6 അദ്ധ്യാപകരെ തിരിച്ചെടുക്കാനാണ് കമ്മിഷൻ റിപ്പോർട്ട് അനുകൂലമാക്കിയതെന്നാണ് വിമർശനം.

കമ്മിഷനിൽ വിശ്വാസമില്ലെന്ന് രാഖിയുടെ അച്ഛൻ രാധാകൃഷ്‌ണൻ നേരത്തേ പറഞ്ഞിരുന്നു. കമ്മിഷനെ അംഗീകരിക്കുന്നില്ലെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നുമാണ് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ നിലപാട്. കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഖിയുടെ അച്ഛൻ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

അദ്ധ്യാപകർ രാഖിയെ അപമാനിച്ച് മാനസികമായി തളർത്തിയെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടും ആത്മഹത്യാപ്രേരണാകുറ്റം ചുമത്താനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. കഴിഞ്ഞ ബുധനാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷയ്‌ക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് പുറത്താക്കിയതിന് പിന്നാലെയാണ് രാഖി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA