പിണറായി ചെയ്‌ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തനിക്ക് സൗകര്യമില്ലെന്ന് പി.സി.ജോർജ്

Wednesday 05 December 2018 2:53 PM IST
pc-george

തിരുവനന്തപുരം: പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് വേണ്ടി ചെയ്‌ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തനിക്ക് സൗകര്യമില്ലെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്‌തു. സർക്കാർ എന്ത് ചെയ്‌തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മൾക്കെല്ലാവർക്കും കൂടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാന്തര കേരളമെന്ന വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൻ മേലുള്ള ചർച്ചയിലാണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പി.സി.ജോർജ് മുഖ്യമന്ത്രിയെ പുകഴ്‌ത്തി സംസാരിച്ചത്.

പ്രളയാനന്തര കേരളത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ചിന്തിക്കേണ്ടതെന്ന് പി.സി.ജോർജ് ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാർ. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്‌ടർ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തിൽ മുഖ്യമന്ത്രി ചെയ്‌ത കാര്യങ്ങൾ വിസ്‌മരിക്കാൻ ആവില്ല. ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങൾക്ക് താങ്കളുടെ ജീവൻ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താൻ പോലു മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ കഴിയില്ല. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാൻ അവിടുത്തെ എം.എൽ.എ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA