സുഗതനില്ലെങ്കിലും വനിതാ മതിൽ വിജയിക്കും,​ പിണറായിയുടെ നിലപാട് പ്രവാചക മാതൃക പിന്തുടർന്നെന്ന് ഒ.അബ്ദുള്ള

Wednesday 05 December 2018 10:13 PM IST
o-abdulla-

കോഴിക്കോട് : വനിതാ മതിലുമായി ബന്ധപ്പെട്ട് ഹിന്ദു പാർലമെന്റ് നേതാവ് സി.പി. സുഗതൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നിലപാട് പ്രവാചക മാതൃക പിന്തുടർന്നാണെന്ന് മാദ്ധ്യമ പ്രവർത്തകൻ ഒ.അബ്ദുള്ള. ഒരു സുഗതനില്ലെങ്കിലം വനിതാ മതിൽ വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത്തരക്കാരെ മെരുക്കി എടുക്കുക എന്നതാണ് രാഷ്ട്രീയ നയം. ഹിന്ദുത്വതയുടെ കൈയിലുള്ള ശക്തമായൊരു ആയുധവും ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപവുമായ സുഗതനെ മെരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും ഒ.അബ്ദുള്ള പറഞ്ഞു.

അതോടു കൂടി എത്രയെത്ര ബോംബുകളാണ് നിർവീര്യമാക്കപ്പെട്ടതെന്നും യൂട്യൂബിലിട്ട വീഡിയോയിൽ അബ്ദുല്ല

ചൂണ്ടിക്കാട്ടി.

‘സി.പി സുഗതൻ എന്നത് ഹിന്ദുത്വതയുടെ കൈയ്യിലുള്ള ശക്തമായൊരു ആയുധമാണ്. ശബരിമല വിഷയത്തിൽ യുവതികളെ തടയാനും അക്രമം നടത്താനുമൊക്കെ മുമ്പിലുണ്ടായിരുന്ന ആളാണ് സുഗതൻ. ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഹാദിയയെ അറുക്കുമെന്നും പരസ്യമായി ഭോഗിക്കുമെന്നും പറഞ്ഞയാൾ .അയാള്‍ നല്ല ഏറു പടക്കമാണ്, ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപമാണ്. അങ്ങനെയുള്ള ഒരാളെയാണ് നിമിഷ നേരം കൊണ്ട് പിണറായി വിജയൻ മെരുക്കി എടുത്തത്. എന്ന് മാത്രമല്ല ഇപ്പറഞ്ഞതിനെല്ലാം തികച്ചും വിപരീതമായും വ്യത്യസ്തമായും ഒരു നിലപാട് സുഗതനെ കൊണ്ട് എടുപ്പിക്കാനും പിണറായിക്കായി. ഒ.അബ്ദുല്ല പറയുന്നു.

‘പ്രവാചകന്റെ മാത്യക എന്നു പറഞ്ഞാൽ, പ്രവാചകന്റെ ദീർഘ കാലത്തെ ശത്രുവായിരുന്നു അബുസുഫിയാൻ. അബു സുഫിയാനാണ് ബദർ യുദ്ധത്തിന് കാരണമായ സംഭവത്തിന്റെ പ്രതിനായകൻ. പിന്നീടുണ്ടായ അനിഷ്ടസംഭവത്തിന്റെയൊക്കെ സൂത്രധാരനും അബുസുഫിയാനാണ്. എന്നാൽ പ്രവാചകനും അനുയായികളും ‘ഫതഅ് മക്കാ’ ജയിച്ചടക്കാൻ ഒന്നടങ്കം മാർച്ച് ചെയ്തു വന്നപ്പോൾ പ്രവാചകൻ ഒരു പ്രഖ്യാപനം നടത്തി. രണ്ട് സ്ഥലത്ത് അഭയം പ്രപിക്കുന്നവർക്ക് രക്ഷയുണ്ട്. ഒന്ന് വിശുദ്ധ ദേവാലയമായ കഅബയിൽ അഭയം പ്രാപിക്കുന്നവർക്ക്. രണ്ട്, അബുസുഫിയാൻ എന്നയാളുടെ വീട്ടിൽ അഭയം പ്രാപിക്കുന്നവർക്ക്. അവർക്ക് രക്ഷയുണ്ട്. അയാൾ ശിക്ഷിക്കപ്പെടില്ല, ഉപദ്രവിക്കപ്പെടില്ല എന്നായിരുന്നു.

കഅബാലയത്തിനും അബുസുഫിയാനും ഒരേ സ്ഥാനം നൽകുന്നു. ഇതോടെ അബുസുഫിയാൻ അമ്പരന്ന് പോകുന്നു. പിന്നീടാണ് അദ്ദേഹം വിശ്വാസിയാകുന്നത്. അത് പ്രവാചകന്റെ നയതന്ത്രമായിരുന്നു. അതേ നയതന്ത്രമാണ് പിണറായി വിജയൻ സുഗതന്റെ കാര്യത്തിലും പയറ്റിയതെന്നും അബ്ദുള്ള പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA