ഒറ്റനോട്ടത്തിൽ: ശബരിമല, പി.കെ ശശി, വിനോദ സഞ്ചാര വികസനം, ലോക്‌സഭ തിരഞ്ഞെടുപ്പ്

Thursday 11 October 2018 4:09 PM IST
sabarimala

 

1. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് എതിരെ ഉയരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രിയെ മുൻനിറുത്തി പ്രതിരോധിക്കാൻ ഇടതു മുന്നണി യോഗത്തിൽ തീരുമാനം. കോൺഗ്രസ് ബി.ജെ.പിക്കൊപ്പം ചേർന്നത് അപകടകരം എന്ന് കൺവീനർ എ. വിജയരാഘവൻ. കോടതി വിധിയ്ക്ക് പിന്നാലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബി.ജെ.പി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.


2. അതേസമയം, ശബരിമല സ്ത്രീ പ്രവേശനത്തിൽ വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് ശ്രമം നടത്തുന്നതായി വിവരം. അയ്യപ്പ കർമ്മസമിതി പ്രതിനിധികൾ ഇന്ന് വൈകുന്നേരം വെള്ളാപ്പള്ളിയെ കാണും. എസ്.എൻ.ഡി.പിയുടെ പിന്തുണ ഉറപ്പാക്കാൻ ആകും എന്നാണ് പ്രതീക്ഷ എന്ന് ഹിന്ദു ഐക്യവേദി.


3. അതിനിടെ, സ്ത്രീപ്രവേശന വിധിയിൽ പ്രതിഷേധിച്ച് ദേവസ്വം മന്ത്രിയുടെ വീട്ടിലേക്ക് യുവമോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. 500ഓളം പേർ മാർച്ചിൽ പങ്കെടുത്തു. ശബരിമല സംരക്ഷണ സമിതി നടത്തുന്ന ലോംഗ് മാർച്ചും പുരോഗമിക്കുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും.


4. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ ശശിക്ക് എതിരെപാർട്ടി നടപടി ഉറപ്പായി. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് സമർപ്പിക്കും. പി.കെ.ശശിയുടെ ഗൂഢാലോചനാ പരാതിയിലും നടപടി ഉണ്ടാകുമെന്ന് റിപ്പോർട്ട്. അന്വേഷണ കമ്മിഷൻ അംഗങ്ങളായ പി.കെ ശ്രീമതിയും എ.കെ ബാലനും നേരത്തെ ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു.


5. പരാതി കെട്ടിച്ചമച്ചത് എന്നായിരുന്നു ശശിയുടെ മൊഴി. തനിക്ക് എതിരെ ഗൂഢാലോചന ഉണ്ടായതായും ശശി ആരോപിച്ചു. ഫോൺ സംഭാഷണം ഉൾപ്പെടെ ഉള്ള രേഖകൾ സമർപ്പിച്ചാണ് യുവതി പരാതിയിൽ ഉറച്ചു നിന്നത്. സംഘടന നടപടി എടുത്താൽ ശശിയെ എം.എൽ.എ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പാർട്ടിക്ക് തിരിച്ചടി ആകാൻ സാധ്യത ഉണ്ടെന്ന് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.


6. കുടിയൊഴിപ്പിക്കലിന് എതിരെ പ്രീത ഷാജി നടത്തുന്ന സമരത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. സർക്കാർ പ്രീതയയുടെ കൂടെ ആണെന്ന് പറഞ്ഞിട്ട് എന്ത് സഹായം ചെയ്‌തെന്ന് കോടതി ചോദിച്ചു. സർക്കാരിന് ഒന്നും ചെയ്യാൻ ആകുന്നില്ല എങ്കിൽ ഇടപെടാൻ അറിയാം എന്നും കോടതി പറഞ്ഞു. ഈ മാസം 29ന് മുമ്പ് സർക്കാർ തീരുമാനം അറിയിക്കണം എന്നും കോടതി പറഞ്ഞു.


7. മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ പത്തനംതിട്ട ചെറുകോൽ സ്വദേശി മണിയമ്മയ്ക്ക് എതിരെ കേസെടുത്തു. എസ്.എൻ.ഡി.പി യോഗം ഭാരവാഹി വി. സുനിൽ കുമാർ നൽകിയ പരാതിയിൽ ആണ് പൊലീസ് നടപടി എടുത്തത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ആണ് വീട്ടമ്മ മുഖ്യമന്ത്രിയുടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.


8. വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 147 തീർത്ഥാടന കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 91.72 കോടി രൂപയുടെ പദ്ധതികളുമായി സംസ്ഥാന സർക്കാർ. ഇതിനായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. വിശദമായ പദ്ധതി രേഖ ഉടൻ തയ്യാറാക്കി സമർപ്പിക്കും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.


9. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് നൽകില്ല എന്ന പ്രഖ്യാപനവുമായി 13 കർഷക സംഘടനകൾ രംഗത്ത്. കൺസോർഷ്യം ഓഫ് ഇന്ത്യൻ ഫാമേഴ്‌സ് അസോസിയേഷൻ ആണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കർഷകരെ വഞ്ചിച്ചവർ ആണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എന്നും അസോസിയേഷൻ ആരോപിച്ചു.


10. 2014ൽ നടന്ന 2 കൊലപാതക കേസുകളിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം രാംപാൽ കുറ്റക്കാരൻ എന്ന് കോടതി. ഇയാൾക്കുള്ള ശിക്ഷാ വിധി ഈ മാസം 16,17 തീയതികളിലായി നടക്കും. ഹരിയാനയിലെ ഹിസാർ അഡീഷണൽ സെഷൻസ് കോടതി ആണ് രാംപാലിനെ കുറ്റക്കാരൻ എന്ന് വിധിച്ചത്.


11. ഏറെ കാത്തിരിപ്പിന് ഒടുവിലാണ് നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി റിലീസ് ആയത്. ഇന്ന് അതിരാവിലെ ആരംഭിച്ച ആദ്യ ഷോയിൽ എത്തിയ ആരാധകരെ ആവേശത്തിൽ ആറാടിക്കുന്ന രംഗങ്ങളാണ് ചിത്രത്തിൽ എന്നാണ് ആദ്യ പ്രതികരണങ്ങൾ കാണിക്കുന്നത്. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രതികരണങ്ങൾ മികച്ചതാണ്. മോഹൻലാലിന്റെ ഇത്തിക്കരപക്കിയായുള്ള അതിഥി വേഷം ചിത്രത്തിലെ ഒരു മാസ് രംഗം തന്നെയാണ് എന്നാണ് റിപ്പോർട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA