ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ കേന്ദ്രത്തിന്റെയും തമിഴ്നാടിന്റെയും അനുമതിയില്ലാതെ പുതിയ അണക്കെട്ട് നിർമ്മിക്കില്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. പുതിയ അണക്കെട്ടിന് സാദ്ധ്യതാപഠനം നടത്താൻ പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.
മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ടിന് താഴെ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനാണ് കേന്ദ്രം അനുമതി നൽകിയത്. തമിഴ്നാടിന്റെ സമ്മതത്തോടെയേ പുതിയ അണക്കെട്ട് നിർമ്മിക്കാവൂവെന്ന 2014ലെ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും കേരളത്തിനും കേന്ദ്രത്തിനുമെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. പുതിയ അണക്കെട്ട് നിർമ്മിക്കുന്ന കാര്യത്തിലേ ഉത്തരവ് ബാധകമാകൂവെന്നും സാദ്ധ്യതാ പഠനം കോടതിയലക്ഷ്യമല്ലെന്നും കേരളം വാദിച്ചു. ഈ നിലപാട് ശരിവച്ച് ജസ്റ്റിസ് എ.കെ. സിക്രി അദ്ധ്യക്ഷനായ ബെഞ്ച് ഹർജി തീർപ്പാക്കുകയായിരുന്നു.