സ്കൂളിൽ പോകാതെ മുങ്ങല്ലേ, പൊലീസ് അങ്കിൾ ക്ലിപ്പിടും

ഒ.സി.മോഹൻരാജ് | Thursday 11 October 2018 1:09 AM IST
kerala-police

കണ്ണൂർ: സ്കൂളിൽ പോകാതെ മുങ്ങിനടക്കുന്ന കുട്ടികളെ നേർവഴിക്കു നയിക്കാൻ പൊലീസുകാർ ഇനി പിന്നാലെ ഉണ്ടാവും. യൂണിഫോമിൽ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്തും. വിവരം വീട്ടിലെത്തി മാതാപിതാക്കളെ അറിയിക്കും. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റുഡന്റ്സ്‌ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 14ന്‌ പദ്ധതിക്ക് തുടക്കമാവും. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും ഇത്‌ വ്യാപിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

കണ്ണൂർ സ്റ്റേഷൻ പരിധിയിലെ 46 സ്കൂളുകളിലാണ് ആദ്യം നടപ്പാക്കുന്നത്. ഓരോ സ്കൂളുകളിലെയും മുഖ്യ അദ്ധ്യാപകൻ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വ്യാപാരികൾ, ആട്ടോ ഡ്രൈവർമാർ, സ്കൂൾ ലീഡർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. സ്കൂളിലെയും വീട്ടിലെയും അന്തരീക്ഷം, മാതാപിതാക്കളുടെ പെരുമാറ്റം എന്നിവയെല്ലാം ഇവർ ചോദിച്ചറിയും. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും പഠനവൈകല്യമുള്ളവർക്കും പ്രത്യേക ക്ലാസും മറ്റു നിർദ്ദേശങ്ങളും നൽകും. പഠനവൈകല്യം കാണിക്കുന്ന കുട്ടികൾക്ക് കുടുംബശ്രീ മിഷന്റെ സ്നേഹിത വഴി കൗൺസലിംഗ് നൽകും. കണ്ണൂർ ടൗൺ സ്റ്റേഷനിൽ എല്ലാ ഞായറാഴ്ചയും പ്രവർത്തിക്കുന്ന ചൈൽഡ് ക്ളിനിക്കിൽ ഇവർക്ക് ചികിത്സ നല്കും.

കഴിഞ്ഞ വർഷം 170 കുട്ടികൾ

കഴിഞ്ഞ വർഷം മാത്രം 170 കുട്ടികളെ സംസ്ഥാനത്ത് കാണാതായി. മുൻവർഷങ്ങളെക്കാൾ കൂടുതലാണിത്. വീടുകളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കഴിയാത്തവരാണ് ഇവരിൽ കൂടുതലും. വിവാഹബന്ധം വേർപെടുത്തിയവരുടെ കുട്ടികളാണ് ഒളിച്ചോടിയവരിൽ ഏറെയും.

''എട്ടാം ക്ലാസ് മുതൽ പ്ളസ് ടു തലം വരെയാണ് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടത്. ഇക്കാലയളവിൽ നേർവഴിക്കു നടത്താൻ കഴിഞ്ഞാൽ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം കുറയ്ക്കാൻ കഴിയും

- കെ.എൻ. സഞ്ജയ്, കോ- ഓർഡിനേറ്റർ, എസ്.പി.ജി, കണ്ണൂർ

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA