കേരളത്തിന് വീണ്ടും സഹായഹസ്‌തം നീട്ടി കേന്ദ്രം, 3048 കോടി അനുവദിച്ചു

Thursday 06 December 2018 3:30 PM IST
kerala-flood

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ കേരളത്തിന് വീണ്ടും സഹായഹസ്‌തവുമായി കേന്ദ്രം. സഹായധനമായി 3048 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

നേരത്തെ സഹായധനമായി 600 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അനുവദിച്ച തുക ഇതിന് പുറമെയാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഭവന നിർമ്മാണം, കൃഷിയിടങ്ങളുടെ പുനർനിർമ്മാണം, റോഡ് വികസനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണ് തുക അനുവദിച്ചിരിക്കുന്നത്.

കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു സമിതി. പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ നൽകണമെന്നായിരുന്നു ശുപാർശ. കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചിരുന്നു.

ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം കേരള പുനർനിർമാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്. നേരത്തെ നൽകിയ 600 കോടിയ്‌ക്ക് പുറമേ എസ്.ഡി.ആർ.എഫിലേക്ക് (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നേരത്തേ നൽകിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിന് വിനിയോഗിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA