പ്രളയം :കേന്ദ്രം തരുന്നത് 3,048 കോടി

Friday 07 December 2018 12:26 AM IST
kerala-flood

600 കോടി മുൻകൂർ ലഭിച്ചത്

2448 കോടി ഇനി ലഭിക്കുക

4,800 കോടി കേരളം ചോദിച്ചത്

ന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസ സഹായമായി ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ (എൻ.ഡി.ആർ.എഫ് ) നിന്ന് 3,048.39 കോടി രൂപ അനുവദിക്കാൻ കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര മന്ത്രിതല സമിതി അനുമതി നൽകി. 600 കോടി രൂപ മുൻകൂറായി നൽകിയതിനാൽ 2,448.39 കോടി രൂപയാണ് ഇനി ലഭിക്കുക.

കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി രാധാമോഹൻസിംഗ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മൂന്ന് മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സമിതിയുടെ യോഗത്തിലാണ് തീരുമാനം.

മുൻകൂർ അനുവദിച്ച 600 കോടി ഉൾപ്പെടെ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 3,100 കോടി നൽകാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ ഉപസമിതി ശുപാർശ ചെയ്‌തിരുന്നു. പ്രളയ ദുരിതാശ്വാസമായി 4,800 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്.

സ്‌പെഷ്യൽ സെക്രട്ടറി ബി.ആർ. ശർമ്മയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കേരളത്തിലെത്തി പ്രളയക്കെടുതി വിലയിരുത്തിയ ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതി കേന്ദ്രസഹായം നിശ്‌ചയിച്ചത്. കേന്ദ്രസർക്കാർ നിഷ്‌കർഷിച്ച മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരിക്കും പ്രളയക്കെടുതി, വരൾച്ച തുടങ്ങിയവയ്‌ക്ക് ധനസഹായം നൽകുകയെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിനു പുറമെ തിത്ത്‌ലി ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്ര പ്രദേശിന് 539.52 കോടിയും വെള്ളപ്പൊക്ക ദുരിതാശ്വാസമായി നാഗലാൻഡിന് 131.16കോടിയും യോഗം അനുവദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA