ചാലക്കുടി: പ്രളയത്തിൽ തകർന്ന കലാഭവൻ മണിയുടെ സ്വന്തം ആട്ടോറിക്ഷയായ 'ചാലക്കുടിക്കാരൻ ചങ്ങാതി"യെ വീണ്ടെടുക്കാൻ ചേനത്തുകാരുടെ ശ്രമം. തകർന്ന ആട്ടോയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആട്ടോയ്ക്ക് വീണ്ടും ജീവൻ വയ്ക്കാൻ തുടങ്ങിയത്.
ജ്യേഷ്ഠൻ വേലായുധന്റെ മകൻ സനീഷിനായി ഒരു വ്യാഴവട്ടക്കാലം മുമ്പാണ് മണി ആട്ടോറിക്ഷ വാങ്ങിയത്. 'ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന് പേരിട്ട വാഹനത്തിന് മണിയുടെ ഇഷ്ട നമ്പരായ '100"ഉം ലഭിച്ചിരുന്നു. കൂടാതെ ബെൻ ജോൺസനോടുള്ള ആരാധനയാൽ തന്റെ മറ്റ് വാഹനങ്ങളിലേതുപോലെ ആട്ടോയിലും 'ബെൻ 100" എന്ന ഇരട്ടപ്പേരും ചാർത്തിരുന്നു.
ഒരു ആൽബത്തിന്റെ ഷൂട്ടിംഗിന് മാത്രമുപയോഗിച്ച ആട്ടോയുടെ തുടർന്നുള്ള സാരഥി സനീഷായിരുന്നു. എന്നാൽ മണിയുടെ മരണത്തോടെ 'ചാലക്കുടിക്കാരൻ ചങ്ങാതി" കട്ടപ്പുറത്തായി. പ്രളയത്തെ തുടർന്ന് സനീഷ് ഭാര്യ ദീപയെയും മകളെയും കൂട്ടി മണിയുടെ സ്ഥാപനമായ കലാഗൃഹത്തിലേക്ക് താമസം മാറ്റി. ഒപ്പം ചാലക്കുടിക്കാരൻ ചങ്ങാതിയുമുണ്ടായിരുന്നു. എന്നാൽ മണിയുടെ വിങ്ങുന്ന ഓർമ്മകൾ പേറുന്ന ആട്ടോറിക്ഷയെ പ്രളയം അടിമുടി വിഴുങ്ങി. മണി ഷൂട്ടിംഗിനായി ഉപയോഗിച്ചിരുന്ന ട്രാവലറും വീട്ടുമുറ്റത്ത് തുരുമ്പ് പിടിക്കുകയാണ്. നെടുമ്പാശേരിയിൽ ജോലി ചെയ്യുന്ന സനീഷിന്റെ താത്പര്യത്തെ തുടർന്നാണ് സുഹൃത്തുക്കൾ ആട്ടോ നന്നാക്കിയെടുക്കുന്നത്.